കുരുക്കഴിയാതെ കൂട്ടിക്കട ജങ്ഷൻ
text_fieldsമയ്യനാട്: മയ്യനാട് പഞ്ചായത്തും കൊല്ലം കോർപറേഷനുമായി അതിർത്തി പങ്കിടുന്ന കൂട്ടിക്കട ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നടപടിയില്ല. കൂട്ടിക്കട ജങ്ഷനിൽ ദിവസവും ഗതാഗതക്കുരുക്ക് വർധിച്ചു വരികയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പൊലീസിനെ നിയമിക്കണം എന്ന് ലീഗൽ സർവിസ് അതോറിറ്റിയുടെ ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ ഒളിച്ചുകളി തുടരുകയാണ് .
ജങ്ഷനിലുള്ള റെയിൽവേ ഗേറ്റ് അടക്കുമ്പോഴാണ് ഗതാഗതക്കുരുക്ക് രൂക്ഷം. ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും ഓട്ടോ ഡ്രൈവർമാരുടെയും യോഗത്തിൽ പങ്കെടുത്തവരുടെ ആവശ്യപ്രകാരം ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് വാർഡന്റ സേവനം അടുത്തദിവസം മുതൽ ഉണ്ടാകുമെന്ന് എ.സി.പി പ്രഖ്യാപനം നടത്തിയിരുന്നു.
പ്രഖ്യാപനം ഉണ്ടായതിന്റെ അടുത്ത ഏതാനും ദിവസങ്ങളിൽ ഒരു ട്രാഫിക് വാർഡിന്റെ സേവനം കൂട്ടിക്കട ജങ്ഷനിൽ ഉണ്ടായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഡ്യൂട്ടിക്ക് ട്രാഫിക് വാർഡൻ വരാതായി. തുടർന്ന് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ഹുമയൂൺ ലീഗൽ സർവിസ് അതോറിറ്റിയെ സമീപിക്കുകയും ഹരജി സമർപ്പിക്കുകയും ചെയ്തിരുന്നു.
ഹരജിയിൽ വാദം കേട്ട ലീഗൽ സർവിസ് അതോറിറ്റി കൂട്ടിക്കടയിൽ പൊലീസിന്റെ സേവനം ലഭ്യമാക്കാൻ നിർദേശം നൽകിയെങ്കിലും പൊലീസ് എത്താറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിലേക്ക് കച്ചവടക്കാർ സാധനങ്ങൾ ഇറക്കിവെച്ചിരിക്കുന്നതാണ് കുരുക്കിന് കാരണമാകുന്നതെന്നാണ് പൊലീസും ഡ്രൈവർമാരും പറയുന്നത്. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി ജങ്ഷനിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടി നടന്നു വരികയാണെന്നും പറയുന്നുണ്ട്.
ട്രാഫിക് വാർഡിന്റെ സേവനം ലഭ്യമായിരുന്നപ്പോൾ കുരുക്കിന് ഒരുപരിധിവരെ പരിഹാരമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിന്റെയോ ട്രാഫിക് വാർഡിന്റെയോ സേവനം തിരക്കേറിയ സമയങ്ങളിൽ ജംഗ്ഷനിൽ ലഭ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.