ഡി.വൈ.എഫ്.ഐ ഓഫിസിൽ നേതാക്കളെ അന്വേഷിച്ചെത്തിയ എസ്.എച്ച്.ഒക്ക് സ്ഥലംമാറ്റം
text_fields•ആലുവ ഈസ്റ്റ് എസ്.എച്ച്.ഒ എൽ. അനിൽകുമാർ പുതിയ കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ
കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ വധശ്രമ കേസിൽ പ്രതികളായ ഡി.വൈ.എഫ്.ഐ ജില്ല നേതാക്കളെ അന്വേഷിച്ച് സംഘടനയുടെ ഓഫിസായ യൂത്ത് സെന്ററിൽ എത്തിയ കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒക്ക് സ്ഥലംമാറ്റം. ഈസ്റ്റ് എസ്.എച്ച്.ഒ ജി. അരുൺ കുമാറിനെയാണ് മാറ്റിയത്.
കൊല്ലം റൂറലിൽ എഴുകോൺ സ്റ്റേഷൻ എസ്.എച്ച്.ഒ ആയാണ് മാറ്റം. രണ്ട് ദിവസം മുമ്പാണ് കൊല്ലം നഗരത്തിലെ യൂത്ത് സെന്ററിൽ പ്രതികൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷിച്ച് എത്തുകയും പ്രവർത്തകർ തടയുകയും ചെയ്തത്. അരുൺ കുമാറിന് നേരെ ഡി.വൈ.എഫ്.ഐക്കാർ ഭീഷണിമുഴക്കിയതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ 12 എസ്.എച്ച്.ഒമാരുടെ അടിയന്തര സ്ഥലംമാറ്റ പട്ടികയിൽ ഈസ്റ്റ് സി.ഐയുടെ മാറ്റത്തെ തുടർന്നാണ് ജില്ലയിൽ മറ്റ് മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്. ജി.അരുൺകുമാർ എഴുകോണിലേക്ക് എത്തുമ്പോൾ എഴുകോൺ എസ്.എച്ച്.ഒ ടി.എസ്. ശിവപ്രകാശ് കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് മാറും.
അവിടെനിന്ന് ഏലിയാസ് പി.ജോർജിനെ ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ ഒഴിവുള്ള പോസ്റ്റിലേക്കും മാറ്റി. ആലുവ ഈസ്റ്റ് എസ്.എച്ച്.ഒ എൽ. അനിൽകുമാറാണ് പുതിയ കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ.
എസ്.എച്ച്.ഒയെ മാറ്റിയതിനൊപ്പം യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച കേസ് കൈകാര്യം ചെയ്ത കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും കേസിന്റെ ചുമതലയിൽ നിന്ന് മാറ്റി. ഗ്രേഡ് എസ്.ഐ ബാലചന്ദ്രൻ, ഗ്രേഡ് എ.എസ്.ഐ ഷാജി, സി.പി.ഒമാരായ സനോജ്, സജീവ് എന്നിവരെയാണ് ഈ കേസിൽ നിന്ന് മാറ്റിയത്. ഗ്രേഡ് എസ്.ഐ ജെയിംസ്, അഡീഷനൽ എസ്.ഐ സതീശൻ എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്.
അന്വേഷണസംഘത്തെ അഴിച്ചുപണിത് കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥൻ എതിർത്തിട്ടും ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ഈസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ജാമ്യമില്ല വകുപ്പുകളായ 308, 326 എന്നിവ പ്രകാരം വധശ്രമക്കേസ് എടുത്തതിനുള്ള വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നാണ് ആരോപണം.
കേസ് അട്ടിമറിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.