ട്രോളിങ് നിരോധനം; രാത്രി 12 ഓടെ നീണ്ടകര പാലത്തിന് സമാന്തരമായി ചങ്ങല കെട്ടും
text_fieldsകൊല്ലം: വ്യാഴാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസം യന്ത്രവത്കൃത ബോട്ടുകൾക്കാണ് നിരോധനം. കടലിൽ 12 നോട്ടിക്കൽ മൈൽ അകലെവരെയാണ് നിരോധനം. ഈ പരിധിക്ക് പുറത്ത് കേന്ദ്ര സർക്കാറിന്റെ ട്രോളിങ് നിരോധനം ഇപ്പോൾ നിലവിലുണ്ട്. ശക്തികുളങ്ങരയിലും അഴീക്കലിലുമാണ് നിരോധനം ബാധകമായ ബോട്ടുകളുള്ളത്. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല.
വൈകുന്നേരത്തോടെ ജില്ലയിലെ യന്ത്രവത്കൃത ബോട്ടുകൾ തീരങ്ങളിൽ നങ്കൂരമിടും. ശക്തികുളങ്ങരയിലെ ബോട്ടുകൾ നീണ്ടകര പാലത്തിനപ്പുറം അഷ്ടമുടിക്കായലിന്റെ തീരങ്ങളിൽ അടുപ്പിക്കും. രാത്രി 12 ഓടെ ബോട്ടുകൾ കടലിലേക്ക് കടക്കാതിരിക്കാൻ നീണ്ടകര പാലത്തിന് സമാന്തരമായി ചങ്ങല കെട്ടും. ജൂലൈ 31ന് രാത്രി മാത്രമേ ചങ്ങല അഴിക്കൂ. ജില്ലയിൽ നൂറോളം യാനങ്ങളാകും നിരോധനത്തിന്റെ ഭാഗമായി തീരത്ത് അടുപ്പിക്കുക.
നിരോധനം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും കടലിൽ പട്രോളിങ് നടത്തും. നീണ്ടകരയിലും തങ്കശ്ശേരിയിലും അഴീക്കലിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിൽ രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടുകളും ഉണ്ടാകും.
ഇത്തവണ കാലവർഷം കൂടുതൽ ശക്തമായിരിക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജീവൻരക്ഷാ ഉപകരണങ്ങളില്ലാതെ കടലിൽ പോകുന്ന വള്ളങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ച് ബോട്ടുകൾ കടലിൽ പോയതായി കണ്ടെത്തിയാൽ രണ്ടര ലക്ഷം രൂപ പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.