ദേശീയപാതയോരത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നില്ല
text_fieldsകുന്നിക്കോട് : ഉത്തരവിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തെ വന്മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. ദേശീയപാതയിൽ ഇളമ്പൽ ജങ്ഷന് സമീപത്താണ് അപകടഭീതി ഉയര്‍ത്തി മരങ്ങള്‍ നില്‍ക്കുന്നത്. ഇളമ്പലിലെ പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ ആർ.ഡി.ഒ അടക്കമുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക്, വില്ലേജ് അധികൃതർ പരിശോധിച്ച് അപകടാവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു.
15 ദിവസത്തിനകം മരങ്ങൾ മുറിച്ചുമാറ്റണമെന്ന് വിവരിച്ച് ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് ആർ.ഡി.ഒയുടെ ഉത്തരവ് നൽകിയിരുന്നു. ഉത്തരവിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും മരം മുറിച്ചുനീക്കാനോ അപകടാവസ്ഥ ഒഴിവാക്കാനോ നടപടിയുണ്ടായിട്ടില്ല.
മൺതിട്ടയിൽ വേരുകള്‍ തെളിഞ്ഞും ചുവട് ദ്രവിച്ചും നിൽക്കുന്ന മരങ്ങൾ ഏതുസമയത്തും റോഡിലേക്ക് നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. ദ്രവിച്ച മരക്കൊമ്പുകളുടെ ഭാഗങ്ങൾ ഇടയ്ക്കിടെ റോഡിലേക്കും വാഹനങ്ങൾക്കും മീതേ അടർന്നുവീഴാറുണ്ട്.
റോഡിനോട് ചേർന്ന് നിൽക്കുന്ന മരത്തിൽ വാഹങ്ങളിടിക്കുന്നതും വാഹനങ്ങളുടെ മുകൾഭാഗം തട്ടുന്നതും പതിവാണ്. മരങ്ങൾക്കടിയിലൂടെ 11-കെ.വി വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. ഇളമ്പൽ ജങ്ഷനിൽ നിന്നും 200-മീറ്റർ അകലെ കുന്നിക്കോട്ടേക്കുള്ള ഭാഗത്താണ് അപകടാവസ്ഥ. പാതയിൽ കോട്ടവട്ടം ഭാഗത്തും ഏതാനും മരങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുകയാണ്.
പാതയോരത്ത് നിൽക്കുന്ന മരങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്ക് വീണുള്ള അപകടങ്ങൾ മലയോരമേഖലയിൽ തുടർച്ചയാണ്. വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ അനുമതി ലഭ്യമായാലേ മരം മുറിച്ചു നീക്കാൻ കഴിയൂവെന്നാണ് ദേശീയപാത വിഭാഗം വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.