കേരളപ്പിറവി ദിനത്തിൽ ഇരുപത് ആദിവാസി യുവതികള്‍ക്ക് മാംഗല്യം
text_fieldsകൊല്ലം: പത്തനാപുരം ഗാന്ധിഭവന്‍റെ ആഭിമുഖ്യത്തിൽ, ഗോത്രസമുദായത്തിൽപെട്ട ഇരുപത് യുവതികളുടെ വിവാഹം നടത്തുന്നു. നവംബര്‍ ഒന്നിന് രാവിലെ 10.30ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിന് സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ നേതൃത്വം നല്‍കും.
പത്തനംതിട്ട ജില്ലയിലെ സീതത്തോട്, അട്ടത്തോട്, കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍ തുടങ്ങിയ ഊരുകളിലുള്ളവരാണ് വിവാഹിതരാവുന്നത്.
ആദിവാസി യുവതികളുടെ വിവാഹം നടത്തുന്നതിനുള്ള സാമ്പത്തിക സാഹചര്യമില്ലെന്ന് ഊരുമൂപ്പനും സാമൂഹികപ്രവര്‍ത്തകരും ഗാന്ധിഭവനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമൂഹവിവാഹം സംഘടിപ്പിക്കുന്നത്.
നിയമപരമായി വിവാഹിതരാകാതെ ഒരുമിച്ച് കഴിയുന്ന രീതിയാണ് ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ളത്. നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടാത്ത സാഹചര്യം ഒഴിവാക്കാൻ വിവാഹം നടത്തുന്നതിലൂടെ കഴിയുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിവാഹത്തിനാവശ്യമായ ചെലവ് ജീവകാരുണ്യ പ്രവര്‍ത്തകരായ എ. ജയന്തകുമാര്‍, എവര്‍മാക്‌സ് ബഷീര്‍, തലവടി പി.ആര്‍. വിശ്വനാഥന്‍ നായര്‍, അഡ്വ. രാജീവ് രാജധാനി എന്നിവര്‍ ചേര്‍ന്നാണ് നല്‍കുന്നത്.
ആദിവാസികളുടെ ക്ഷേമത്തിനായി മികച്ച സേവനം ചെയ്യുന്ന അംഗന്‍വാടി അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ കുഞ്ഞുമോള്‍ക്ക് 10,001 രൂപയും ഫലകവും അടങ്ങുന്ന ഗാന്ധിഭവന്‍ ഗോത്രമിത്ര അവാര്‍ഡ് സമ്മാനിക്കും.
സംഘാടക സമിതി ചെയര്‍മാൻ എ. ജയന്തകുമാര്‍, സെക്രട്ടറി എവര്‍മാക്‌സ് ബഷീര്‍, അഡ്വ. രാജീവ് രാജധാനി, ഗോപിനാഥ് മഠത്തിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.