വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കൊട്ടിയം: യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മലയാളികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ കൊട്ടിയം പൊലീസിന്റെ പിടിയിലായി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഗുരുകാളീശ്വരൻ (35), ശശികുമാർ(40) എന്നിവരെയാണ് തമിഴ്നാട്ടിൽനിന്ന് പൊലീസ് പിടികൂടിയത്. ഡീസൻറ് മുക്ക് സ്വദേശികളായ ദമ്പതികൾക്കും ഭാര്യാസഹോദരനുമാണ് 16.5 ലക്ഷം രൂപ നഷ്ടമായത്. ഇവർ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസിനെക്കുറിച്ച് പൊലീസ് പറഞ്ഞത്: ലിത്വാനിയയിലെ ഒരു ഫുഡ് പ്രോസസിങ് കമ്പനിയിൽ ജോലിയുണ്ടെന്ന ഓൺലൈൻ പരസ്യം ദമ്പതികൾ കണ്ടു. കൂടുതൽ വിശ്വാസ്യതക്ക് ഇവരുടെ സഹായത്തോടെ മുമ്പ് വിദേശത്തേക്ക് ജോലിക്കുപോയവരുമായി ബന്ധപ്പെട്ട് പരസ്യത്തിലെ സത്യാവസ്ഥ ഉറപ്പുവരുത്തി.
തുടർന്ന് മൂവരും ഗുരുകാളീശ്വരനും ശശികുമാറിനും പണം കൈമാറി. ലിത്വാനിയയിൽ പോകുന്നതിന് മുമ്പ് അസർബൈജാൻ എന്ന രാജ്യത്ത് ഇറങ്ങണമെന്നും അവിടെ വിസിറ്റിങ് വിസയിൽ കുറച്ചുനാൾ ചെലവഴിക്കണമെന്നും നിർദേശിച്ചതിനെത്തുടർന്ന് രണ്ട് മാസം മൂന്നുപേരും അവിടെ ചെലവഴിച്ചു. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലിത്വാനിയയിലേക്കുള്ള വിസ ലഭിച്ചില്ല.
സംഘത്തെ പല തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായ മൂവരും പിന്നീട് അസർബൈജാനിലുള്ള മലയാളികളുടെ സഹായത്തോടെ തിരികെ നാട്ടിലെത്തുകയായിരുന്നു. തുടർന്ന് മൂവരും കൊട്ടിയം പൊലീസിൽ പരാതി നൽകി.
കൊട്ടിയം സി.ഐ ജി. സുനിലിന്റെ നേതൃത്വത്തിൽ എസ്.ഐ നിഥിൻ നളൻ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. പ്രതികൾ പിടിയിലായതോടെ സമാനരീതിയിൽ കബളിപ്പിക്കപ്പെട്ട നാമക്കൽ, കൊച്ചി, ചെെന്നെ എന്നിവടങ്ങളിൽ നിന്നുള്ള ഒട്ടേറെ പരാതികൾ കൊട്ടിയം സ്റ്റേഷനിൽ എത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.