ട്രെയിനിൽ കഞ്ചാവ് കടത്തിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
text_fieldsകൊല്ലം: ട്രെയിനിൽ കഞ്ചാവ് കടത്തിയ സംഘത്തിലുൾപ്പെട്ട രണ്ടുപേർ അറസ്റ്റിൽ. നിലവിൽ, തമിഴ്നാട്ടിലെ ചെന്നൈ പുഴൽ ജയിലിൽ കഴിയുന്ന ഇവരെ ചെന്നൈ ജില്ല കോടതിയുടെ ഉത്തരവനുസരിച്ചാണ് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 13ന് കൊല്ലത്ത് ട്രെയിനിൽനിന്ന് കഞ്ചാവ് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ നാലും അഞ്ചും പ്രതികളായ തിരുവനന്തപുരം വെട്ടുകാട് തൈവിളാകം ഹൗസ് എൻ 8/611ൽ ജാക്സൺ (27), തിരുവനന്തപുരം വള്ളക്കടവ് കാരാളി ആറ്റവരമ്പിൽ വീട്ടിൽ സൂരജ് (25) എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. രാജു, എക്സൈസ് ഹൈവേ പെട്രോൾ സംഘം ആർ.പി.എഫ് ഇൻസ്പെക്ടർ രജനി നായർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനന്തപുരി എക്സ്പ്രസിൽനിന്ന് കഞ്ചാവ് പിടികൂടിയത്.
ടിക്കറ്റലല്ലാത്തതിന് ടി.ടി.ആർ ചോദ്യംചെയ്യുന്നതിനിടെ, യാത്രക്കാരൻ ഇറങ്ങി ഓടിയതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ലീപ്പർ കോച്ചിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് ഷോൾഡർ ബാഗുകളിലായി 19.566 കിലോ കഞ്ചാവ് കണ്ടെത്തിയത്. രണ്ട് സിം കാർഡുകളും ലഭിച്ചു. സിം കാർഡുകളും ട്രെയിനിൽനിന്ന് രക്ഷപ്പെട്ടയാളുടെ ആധാർ പകർപ്പും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുരുക്കിയത്.
പാരിപ്പള്ളി കിഴക്കനേല ചന്നം പൊയ്കയിൽ വിളയിൽ വീട്ടിൽ വിഷ്ണു (25), തിരുവനന്തപുരം കടകംപള്ളി ശംഖുമുഖം രാജീവ് നഗറിൽ ടി.സി 78/ 33853/16ൽ രാഹുൽ കൃഷ്ണ (25), തിരുവനന്തപുരം പേട്ട ആനയറ റെയിൽവേ പാലത്തിന് സമീപം മുടുമ്പിൽ വീട്ടിൽ വീട്ടിൽ വിഷ്ണു ചന്ദ്രൻ (26) പ്രതികളെ ഇനി പിടികൂടാനുണ്ട്. ഇവരും ജാക്സൺ, സൂരജ്, മഹേഷ് എന്നിവരും ചേർന്ന് സ്ഥിരമായി ഒഡിഷയിൽനിന്ന് കഞ്ചാവ് കടത്തിയിരുന്നതായി കണ്ടെത്തി. ജനുവരി ആദ്യവാരം ഒഡിഷയിലേക്ക് പോയി 35 കിലോ കഞ്ചാവ് വാങ്ങി തിരികെ വരവേ ചെന്നൈയിൽ ജാക്സണും സൂരജും 15 കിലോ കഞ്ചാവുമായി എൻ.ഐ.ബി സി.ഐ.ഡിയുടെ പിടിയിലായി. ബാക്കിയുള്ളവർ അനന്തപുരി എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ കഞ്ചാവ് സൂക്ഷിച്ച ശേഷം ജനറൽ കോച്ചിലാണ് യാത്ര ചെയ്തത്.
കൊല്ലം അസി. എക്സൈസ് കമീഷണർ വി. റോബർട്ടിന്റെ മേൽനോട്ടത്തിൽ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ്, എക്സൈസ് ഇൻസ്പെക്ടർമാരായ ടി. രാജു, എസ്. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണു, ശ്രീനാഥ്, ജൂലിയൻ, ക്രിസ്റ്റിൻ, അജീഷ്ബാബു, വൈശാഖ്, വിമൽ, ഡബ്ല്യു.സി.ഇ.ഒമാരായ ശാലിനിശശി, ജി. ഗംഗ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.