പൊലീസിൽ പരാതി നൽകിയതിൻെറ പേരിൽ ആക്രമണം: ഗുണ്ടാസംഘത്തിൽപ്പെട്ടയാൾ അറസ്റ്റിൽ
text_fieldsഇരവിപുരം: പൊലീസിൽ പരാതി നൽകിയതിൻെറ പേരിൽ യുവാവിനെയും തടസം പിടിക്കാനെത്തിയയാളെയും ആക്രമിച്ചു പരിക്കേൽപ്പിച്ച ഗുണ്ടാസംഘത്തിൽപ്പെട്ടയാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം വടക്കുംഭാഗം ഫിലിപ്പ് മുക്ക് പവിത്രം നഗറിൽ കൊച്ചില്ലം വീട്ടിൽ ജാക്സൺ (25) ആണ് അറസ്റ്റിലായത്. സംഘത്തിൽപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറാം തീയതി വൈകീട്ട് ആറുമണിയോടെ ഇരവിപുരം തെക്കുംഭാഗം സെൻറ് ജോസഫ് കുരിശടിക്ക് സമീപത്തു വച്ചായിരുന്നു ആക്രമണം. വാളുമായെത്തിയ ആറംഗ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം തെക്കുംഭാഗം ചാനാക്കഴികം സെൻറ് ജോസഫ് നഗർ 54 ചാനാക്കഴികം വീട്ടിൽ ജോഷി (36), സുഹൃത്തും അയൽവാസിയുമായ സിൻസൻ (52)എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇഷ്ടിക കൊണ്ട് തലക്കടിച്ചും വാൾകൊണ്ട് വെട്ടിയുമാണ് പരിക്കേൽപ്പിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിൽസയിലാണ്. ജോഷിയെ ആക്രമിക്കുന്നതു കണ്ട് പിടിച്ചു മാറ്റാനെത്തിയതായിരുന്നു സിൻസൻ.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; കേസിൽ ഉൾപ്പെട്ട ഒരു പ്രതിയുടെ വീട്ടിൽ വളർത്തിയിരുന്ന നായ കുറച്ചുദിവസം മുമ്പ് അക്രമണത്തിനിരയായ ജോഷിയുടെ സുഹൃത്തിനെ കടിച്ചിരുന്നു. ഇതിൻെറ പേരിൽ പൊലീസിൽ പരാതി നൽകിയതിന് പിന്നിൽ ജോഷിയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം എ.സി.പി പ്രദീപ് കുമാറിൻെറ നിർദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ. കെ. വിനോദിൻെറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുകയും സിറ്റി സൈബർ സെല്ലിൻെറ സഹായത്തോടെ അന്വേഷണം നടത്തിവരുകയും ചെയ്യുന്നതിനിടെയാണ് സംഘത്തിൽപ്പെട്ട ഒരാൾ പിടിയിലായത്. മറ്റ് പ്രതികൾക്കായി അന്വേഷണം നടന്നു വരുന്നതായും ഇവരെ ഉടൻ പിടികൂടാനാകുമെന്നും ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദ് പറഞ്ഞു.
ഇരവിപുരം സ്റ്റേഷനിലെഎസ്.ഐമാരായ അനീഷ് എ.പി, ബിനോദ് കുമാർ, ദീപു, പ്രൊബേഷണറി എസ്.ഐ അഭിജിത്ത്, ജി.എസ്.ഐ സന്തോഷ്, എ.എസ്.ഐ ദിനേഷ്, സി.പി.ഒ. വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.