പെൻഷൻകാരെ വലച്ച് അണ്ടർടേക്കിങ് സമർപ്പണം
text_fieldsകൊല്ലം: പെൻഷൻ പരിഷ്കരണത്തിലൂടെ അധികമായി കൈപ്പറ്റുന്ന തുക തിരികെയടക്കാം എന്ന വ്യവസ്ഥ ഒപ്പിട്ടുനൽകുന്ന അണ്ടർടേക്കിങ് സമർപ്പണത്തിൽ വലഞ്ഞ് സർവിസ് പെൻഷൻകാർ. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നവർ പോലും ഏറെ ബുദ്ധിമുട്ടി സ്ഥലത്തെത്തി അണ്ടർടേക്കിങ് ഫോം വിലക്ക് വാങ്ങി പൂരിപ്പിച്ച് നൽകുന്ന തിരക്കാണ് പെൻഷൻ ട്രഷറികളിൽ കാണുന്നത്. പെൻഷൻ ബുക്കിൽ തന്നെ സ്റ്റാറ്റ്യൂട്ടറിയായുള്ള അണ്ടർടേക്കിങ് സമർപ്പിക്കുന്നുണ്ട്.
പെൻഷൻ പരിഷ്കരണത്തിനു മുന്നോടിയായി സർക്കാർ ഉത്തരവിൽ നിർദേശിക്കുന്നത് പ്രകാരം, മുഴുവൻ പെൻഷൻകാരിൽ നിന്ന് അധികതുക കൈപ്പറ്റിയാൽ തിരിച്ചടച്ചു കൊള്ളാമെന്ന് അണ്ടർടേക്കിങ് എഴുതി വാങ്ങാറുണ്ട്. ഇത് സ്റ്റാറ്റ്യൂട്ടറിയല്ല. ഇത്തരത്തിൽ 2021ൽ പരിഷ്കരണ സമയത്ത് അണ്ടർടേക്കിങ് സമർപ്പിച്ചിരുന്നു. ഒരാവശ്യവുമില്ലാതെ 2022ലും വീണ്ടും എഴുതി നൽകണമെന്ന് സർക്കുലർ വന്നു.
പ്രതിഷേധം ഉയർന്നതിനെ തുടർന്ന് 2021ൽ നൽകിയവർ വീണ്ടും നൽകേണ്ടതില്ലെന്നായി പിന്നീടുള്ള നിലപാട്. ഇതേ ഫോം ആണ് ഈ വർഷവും എല്ലാവരും പൂരിപ്പിച്ച് സമർപ്പിക്കാൻ കർശന നിർദേശം നൽകിയിരിക്കുന്നത്.
രണ്ട് സാക്ഷികളുടെ ഒപ്പും തിരിച്ചറിയൽ രേഖയും ഉൾപ്പെടെയാണ് ഇത്തവണ ഫോം പൂരിപ്പിച്ച് നൽകേണ്ടത്. പെൻഷൻ തടയുമെന്ന ഭയത്തിലാണ് ഭൂരിഭാഗം പേരും ഫോം പൂരിപ്പിച്ച് നൽകാൻ ഓടിയെത്തുന്നത്. ചില ട്രഷറികളിൽ മുമ്പ് ഫോം നൽകിയിട്ടുള്ളവർ വീണ്ടും നൽകേണ്ടതില്ലെന്ന് വാക്കാൻ പറയുന്നുണ്ട്. കൊല്ലത്ത് പെൻഷൻ പേയ്മെന്റ് സബ് ട്രഷറിയിൽ ഉൾപ്പെടെ ഒരിളവും ഇതുവരെ വന്നിട്ടില്ല.
പെൻഷൻ പരിഷ്കരണം നടപ്പിലാക്കുന്നതും പെൻഷൻ നിർണയിക്കുന്നതും ട്രഷറി വകുപ്പാണ്. ഏതെങ്കിലും തുക അധികം വന്നാൽ അത് തയാറാക്കുന്ന ഉദ്യോഗസ്ഥനും സോഫ്റ്റ് വെയറുമാണ് കുറ്റക്കാരെന്നിരിക്കെ എന്തിനാണ് എല്ലാവർഷവും ഇത്തരത്തിൽ ഒരു രേഖ എഴുതിവാങ്ങുന്നതെന്ന് മനസിലാകുന്നില്ലെന്ന് പെൻഷൻകാർ വ്യക്തമാക്കുന്നു. നിർദേശത്തിന്റെ പേരിൽ 80-90 വയസിന് മുകളിൽ പ്രായമുള്ളവർ പോലും ദുരിതം സഹിച്ച് ട്രഷറി ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃത്വം ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പിടിച്ചുവെച്ചിരിക്കുന്ന ഗഡുക്കൾ, ക്ഷാമാശ്വാസം ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉടൻ ലഭിക്കുമെന്ന പുകമറ സൃഷ്ടിക്കാനാണ് അഞ്ചര ലക്ഷത്തോളം വരുന്ന സർവീസ് പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്ന അണ്ടർ ടേക്കിങ് നിർദേശമെന്ന് സംഘടന നേതാക്കൾ ആരോപിക്കുന്നു.
നിർദേശം നീതികേടായതിനാൽ ഉടൻ പിൻവലിക്കണമെന്ന് അസോസിയേഷൻ ജില്ല പ്രസിഡന്റ് എ.എ. റഷീദും ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാറും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.