കേന്ദ്ര ബജറ്റ്:കൊല്ലം ജില്ലക്ക് നിരാശ മാത്രം
text_fieldsകൊല്ലം: കശുവണ്ടി മേഖലയിലടക്കം വിവിധ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്ന ജില്ലക്ക് കേന്ദ്ര ബജറ്റ് നൽകിയത് നിരാശയെന്ന് വിവിധ മേഖലകളിൽ നിന്ന് പ്രതികരണം. പരമ്പരാഗത വ്യവസായങ്ങളെ കുറിച്ച് പരാമർശം പോലും ബജറ്റിലില്ല.
തകർച്ചയുടെ പിടിയിലായ കശുവണ്ടി വ്യവസായ മേഖലക്ക് ഉത്തേജനം പകരാൻ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുന്ന പ്രതീക്ഷയും വെറുതെയായി. തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം എടുത്തുകളയാനും വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സംസ്കരിച്ച പരിപ്പിന്റെ നേരിട്ടുള്ള ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാനും ഉൾപ്പെടെ കശുവണ്ടി മേഖലയിൽ നിന്നുള്ള പ്രധാന ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല.
കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് കാഷ്യൂ ബോർഡ് ആരംഭിക്കണമെന്ന ആവശ്യത്തിനും ഇത്തവണയും ഫലമുണ്ടായില്ല. കൊല്ലത്തെ പാർവതിമിൽ അടക്കം നാഷനൽ ടെക്സ്റ്റൈൽ കോർപറേഷന്റെ അധീനതയിലുള്ള അടച്ചുപൂട്ടിയ തുണിമില്ലുകൾ തുടർന്നു പ്രവർത്തിക്കാൻ ബജറ്റിൽ നിർദേശം വേണമെന്ന് സംസ്ഥാന സർക്കാർ അടക്കം ആവശ്യപ്പെട്ടിരുന്നു.
ഇതും പരിഗണിക്കപ്പെട്ടില്ല. ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങളായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, ഫാമിങ് കോർപറേഷൻ, റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് എന്നിവക്കും യാതൊരു സഹായവുമില്ല. കൊല്ലം തുറമുഖത്തിന്റെ വികസനസ്വപ്നങ്ങളും കേന്ദ്ര ബജറ്റ് പരിഗണിച്ചില്ല.
ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിലാളികളെ പരിപൂർണമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് സി.ഐ.ടി.യു ജില്ല പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും പറഞ്ഞു.
കോവിഡിന് ശേഷം രൂക്ഷമായ തോട്ടണ്ടിക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങളാൽ പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായമേഖലയെ കേന്ദ്ര ബജറ്റ് പൂർണമായും അവഗണിച്ചെന്ന് സംസ്ഥാന കാഷ്യൂ കോർപറേഷൻ ചെയർമാൻകൂടിയായ എസ്. ജയമോഹൻ പറഞ്ഞു.
സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും ഇ.പി.എഫ് പെൻഷൻ വർധിപ്പിക്കില്ലെന്ന തീരുമാനവും കശുവണ്ടി തൊഴിലാളികളെ നിരാശയിലാഴ്ത്തും. പാർലമെന്റ് അംഗങ്ങൾ വിഷയത്തിൽ സക്രിയമായി ഇടപെടണമെന്ന് എസ്. ജയമോഹൻ ആവശ്യപ്പെട്ടു. സാധാരണക്കാരെ അവഗണിച്ച ബജറ്റാണെന്ന് ഫോര്വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.