കപ്പൽ ചാനൽ നിർബന്ധിതമല്ലെന്ന് കേന്ദ്രമന്ത്രി
text_fieldsകൊല്ലം: ഷിപ്പിങ് മന്ത്രാലയത്തിെൻറ പുതിയ കപ്പല്‍ ചാനല്‍ നിര്‍ബന്ധിതമല്ലെന്നും ശിപാര്‍ശ രൂപത്തിലാണെന്നും കേന്ദ്ര മത്സ്യബന്ധന മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി ലോക്സഭയില്‍ അറിയിച്ചു.ലോക്സഭയില്‍ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് വിവരം അറിയിച്ചത്. കൊല്ലം ബാങ്കിന് പുറത്തുകൂടി ശിപാര്‍ശ രൂപത്തിലുള്ള ചാനലാണ് നിശ്ചയിച്ചിരിക്കുന്നത്.
തീരദേശത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ 200 മീറ്റര്‍ ആഴത്തിനപ്പുറമാണ് കപ്പല്‍ പാത. 2018 ഓഗസ്റ്റ് മൂന്ന് മുതല്‍ 2020 ജൂലൈ രണ്ടുവരെ കേരള സര്‍ക്കാറുമായും മത്സ്യബന്ധന മേഖലയിലെ ബന്ധപ്പെട്ടവരുമായും കപ്പല്‍ ഉടമസ്ഥരുമായും കൂടിയാലോചന നടത്തിയശേഷമാണ് പാത നിര്‍ണയിച്ചത്. ഇതുസംബന്ധിച്ച് എം.പി നല്കിയ നിവേദനത്തിെൻറ അടിസ്ഥാനത്തില്‍ വിഷയം പരിശോധിച്ചു. എം.പി ഉന്നയിച്ച ആശങ്കയും പരിഗണിച്ചു.
പുതിയ യാത്രാമാർഗം പ്രദേശത്തിെൻറ സുരക്ഷ വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കരട് യാത്രാ മാർഗം കേരള സര്‍ക്കാറിെൻറ പരിഗണനക്ക് അയച്ചിരുന്നു. കരട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതിയ കപ്പല്‍ യാത്ര മാര്‍ഗം അന്തിമാക്കുന്നതിന് മുമ്പായി ആവാസവ്യവസ്ഥ, മത്സ്യബന്ധ സാന്ദ്രത, ഉപജീവനം എന്നിവ മന്ത്രാലയം പരിഗണിച്ചിരുന്നു. നിലവിലെ വ്യവസ്ഥ പ്രകാരം അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് കൊല്ലം പരപ്പ് ഉള്‍പ്പെടെയുള്ള പ്രദേശത്തുകൂടി യഥേഷ്ടം യാത്ര ചെയ്യാനുള്ള അനുവാദമുണ്ട്.
പലപ്പോഴും വാണിജ്യ കപ്പലുകള്‍ കൊല്ലം പരപ്പ് ഉള്‍പ്പെടെയുള്ള പ്രദേശത്തുകൂടി യാത്ര നടത്തുകയും അപകടങ്ങള്‍ ഉണ്ടാവുകയും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കൊല്ലം പരപ്പ് ഉള്‍പ്പെടെയുള്ള പ്രദേശത്തിെൻറ സുരക്ഷ മുന്‍നിര്‍ത്തിയാണ് കപ്പല്‍ പാത നിശ്ചയിച്ചതെന്നും മന്ത്രി അറിയിച്ചു.പുതിയ കപ്പല്‍പാത നിശ്ചയിച്ചതിലൂടെ കൊല്ലം പരപ്പ് സുരക്ഷിതമാവുകയും മത്സ്യബന്ധനത്തിന് സുരക്ഷിതമായ കൂടുതല്‍ വിസ്തൃതി ലഭ്യമാവുകയും ചെയ്യുമെന്നും കേന്ദ്ര മന്ത്രി എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ രേഖാമൂലം അറിയിച്ചു.
കൊല്ലം ബാങ്ക്: പുനഃക്രമീകരണം വേണം –പ്രേമചന്ദ്രൻ എം.പി
കൊല്ലം: കൊല്ലത്തെ തീരദേശവുമായി അടുത്ത് കിടക്കുന്നതും മത്സ്യത്തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും മത്സ്യസമ്പത്താല്‍ സമ്പുഷ്ടവുമായ കൊല്ലം പരപ്പ് (ക്വയിലോണ്‍ ബാങ്ക്) സംരക്ഷിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. കപ്പല്‍ ചാനല്‍ ഭാഗത്തേക്ക് പരമ്പരാഗത വള്ളങ്ങള്‍ക്കോ യന്ത്രവത്കൃത ബോട്ടുകള്‍ക്കോ മത്സ്യബന്ധനം നടത്താന്‍ കഴിയില്ല.
നിലവില്‍ മത്സ്യസമ്പത്ത് കൊണ്ട് സമ്പുഷ്ടമായ കൊല്ലം പരപ്പിെൻറ ആവാസവ്യവസ്ഥക്കും മത്സ്യബന്ധനത്തിനും ദോഷമുണ്ടാകാത്ത വിധത്തിലായിരിക്കണം കപ്പല്‍ ചാനല്‍. ഇത് പാരിസ്ഥിതികമായ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയോ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കാത്തവണ്ണം പുനഃക്രമീകരിക്കണമെന്നും എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.