അൺലോക്ഡ്; അന്തർസംസ്ഥാന തൊഴിലാളികൾ തിരികെയെത്തുന്നു
text_fieldsകൊല്ലം: ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ അന്തർസംസ്ഥാന തൊഴിലാളികൾ തിരികെയെത്തിത്തുടങ്ങി. നിർമാണമേഖല സജീവമാകാൻ ഇനിയും സമയമെടുക്കുമെന്ന സാഹചര്യത്തിൽ മറ്റ് തൊഴിൽമേഖലയെ ആശ്രയിച്ചിരുന്നവരാണ് തിരികെയെത്തുന്നവരിൽ ഏറെയും.
മത്സ്യബന്ധന മേഖല സജീവമായതോടെ തമിഴ്നാട്ടിൽനിന്നും മറ്റുമായി നിരവധി തൊഴിലാളികൾ മടങ്ങിയെത്തിയിരുന്നു. കൂടുതൽ തൊഴിലാളികൾ മടങ്ങിയെത്താൻ സന്നദ്ധരാണെങ്കിലും ഇവരെ ക്വാറൻറീനിൽ പാർപ്പിക്കാനും മറ്റും തൊഴിലുടമകൾ വിമുഖത കാണിക്കുന്നതിനാൽ തിരിച്ചുവരവ് നീളുകയാണ്.
തിരികെയെത്തുന്ന തൊഴിലാളികളുടെ ക്വാറൻറീനും മറ്റ് ഉത്തരവാദിത്തങ്ങളും തൊഴിലുടമക്കാണ്. ഇവർക്ക് ക്വാറൻറീൻ പൂർത്തിയാക്കിയ രേഖയും ആരോഗ്യസർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ മാത്രമെ തൊഴിൽ ചെയ്യിക്കാവൂ എന്നാണ് നിബന്ധന.
11524 തൊഴിലാളികളാണ് ലോക്ഡൗൺ കാലയളവിൽ നാട്ടിലേക്ക് മടങ്ങിയത്. പശ്ചിമബംഗാളിലേക്കാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ മടങ്ങിയത്. 8000ത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് ജില്ലയിലെ വിവിധ ക്യാമ്പുകളിലുള്ളത്. അയൽസംസ്ഥാനത്തുനിന്ന് തൊഴിലാളികളെ കടത്തിക്കൊണ്ടുവരുന്നതും ക്വാറൻറീനിൽ വീഴ്ചവരുത്തിയതും സംബന്ധിച്ച് ജില്ലയിൽ പൊലീസ് കേസുകളുണ്ട്.
മത്സ്യബന്ധന മേഖലയിലും മറ്റും പരിശോധന കർശനമാണ്. ഹോട്ടൽ, കശുവണ്ടിമേഖല, മത്സ്യബന്ധന മേഖല എന്നിവിടങ്ങളിൽ തൊഴിലെടുത്തവരാണ് ഇപ്പോൾ മടങ്ങിയെത്തുന്നതെന്നും കാര്യമായ മടങ്ങിവരവ് ഇപ്പോഴില്ലെന്നും ലേബർ ഓഫിസർ എ. ബിന്ദു പറഞ്ഞു.
ജില്ലയിൽ മത്സ്യബന്ധന^നിർമാണ മേഖലയിലാണ് 80 ശതമാനം അസംഘടിത തൊഴിലാളികളും ജോലിയെടുത്തിരുന്നത്. ലേബർ ക്യാമ്പുകളെല്ലാം ആരോഗ്യവിഭാഗത്തിെൻറ നിരീക്ഷണത്തിലാണ്. മടങ്ങിയെത്തിയ തൊഴിലാളികളിൽ ചിലർക്ക് ക്വാറൻറീനിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ബംഗാൾ, ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള മടങ്ങിവരവ് ഇപ്പോഴില്ല. ട്രെയിൻ സർവിസുകൾ സജീവമാവുകയും നിർമാണമേഖലക്ക് ഉണർവുണ്ടാവുകയും ചെയ്താൽ തൊഴിലാളികളുടെ മടങ്ങിവരവിന് തടസ്സമുണ്ടാകില്ല.
എന്നാൽ, ഇവരുടെ ആരോഗ്യപരിശോധന ഉൾപ്പെടെയുള്ള ഉത്തരവാദിത്തം ഇനിമുതൽ പൂർണമായും തൊഴിലുടമയുടെ ചുമതലയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.