ഉത്ര വധക്കേസ്: പാമ്പുകളെക്കുറിച്ച് സൂരജ് നിരവധി തവണ ഇൻറർനെറ്റിൽ തെരഞ്ഞു
text_fieldsകൊല്ലം: ഉത്രക്ക് രണ്ട് തവണ പാമ്പ് കടി ഏൽക്കുന്നതിന് മുമ്പും പാമ്പുകളെ കുറിച്ച് പ്രതി സൂരജ് ഇൻറർെനറ്റിൽ തെരഞ്ഞതായി പ്രോസിക്യൂഷൻ. അണലി കടിക്കുന്നതിന് മുമ്പ് 10 തവണ അണലിയെയും മൂർഖൻ കടിക്കുന്നതിന് മുമ്പ് അഞ്ച് തവണ മൂഖനെയും കുറിച്ച് ഇൻറർനെറ്റിൽ പരതി. അണലി കടിച്ച ദിവസം രാത്രി പത്തരക്കും ഇതിനെ പറ്റി ഇൻറർെനറ്റിൽ തെരഞ്ഞു.
ആദ്യത്തെ കടിയേറ്റ് ഉത്ര ആശുപത്രിയിലായതിന് പിറ്റേന്ന് മുതൽ മൂർഖനെ കുറിച്ചായി തെരച്ചിൽ. മാർച്ച് 10ന് മൂർഖെൻറ വിഷം എങ്ങനെ എടുക്കാം എന്നത് നാല് തവണ കണ്ടിട്ടുള്ളതും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് എം. മനോജിെൻറ ശ്രദ്ധയിൽപെടുത്തി.
സൂരജ് ഇൻറർനെറ്റിൽ തെരഞ്ഞ മൂർഖെൻറ വിഷം എടുക്കുന്ന രീതി എന്ന ദൃശ്യം കോടതിയിൽ പ്രദർശിപ്പിച്ചു.
ദൃശ്യത്തിലുള്ളത് പോലെ കൈകൊണ്ട് പാമ്പിെൻറ തലയിൽ പിടിച്ച് ബലമായി അമർത്തി വിഷം എടുക്കുന്ന രീതി തന്നെയാണ് സൂരജ് അവലംബിച്ചതെന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഒാഫിസർ ജയൻ മുമ്പാകെ സൂരജ് മൊഴി നൽകിയിരുന്നതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2020 മേയ് ഒമ്പതിന് സൂരജിനെ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ വിളിച്ച് ചോദ്യംചെയ്തതിന് പിന്നാലെ പാമ്പിനെ നൽകിയ ചാവർകോട് സുരേഷിനെ വിളിച്ച് ഭീഷണിപ്പെടുത്തി.
പാമ്പിനെ നൽകിയത് വെളിപ്പെടുത്തരുതെന്നും പറഞ്ഞാൽ സുരേഷ് ഉൾപ്പെടെ ജയിലിൽ പോകുമെന്നും ഇല്ലെങ്കിൽ സർപ്പശാപം എന്ന് കരുതിക്കൊള്ളുമെന്നാണ് സൂരജ് ഫോണിലൂടെ പറഞ്ഞത്. ഇക്കാര്യം അപ്പോൾ തന്നെ സുരേഷ് തെൻറ സുഹൃത്ത് പ്രേംജിത്തിനെ വിളിച്ചുപറഞ്ഞു. സുരേഷിെൻറ മകളും ഇതുസംബന്ധിച്ച് മൊഴി നൽകി. സൂരജിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെടുത്ത പ്ലാസ്റ്റിക് ജാർ താൻ നൽകിയതാണെന്ന് സുരേഷ് തിരിച്ചറിഞ്ഞു.
സൂരജ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി മറ്റ് തെളിവുകൾക്ക് വ്യക്തതയും ബലവും നൽകുന്നു. സംഭവകാലത്ത് ഉത്രയുടെ വീട്ടിലെ സി.സി.ടി.വി കാമറ കേടായിരുന്നത് നന്നാക്കാൻ ചുമതലപ്പെടുത്തിയിട്ടും സൂരജ് ചെയ്തില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പകർത്തി ബോധ്യപ്പെട്ടു എന്ന വിചിത്ര വാദമാണ് സൂരജ് ഉയർത്തിയത് എന്നത് അധിക തെളിവാണ്. സംഭവദിവസം തങ്ങളുടെ കുഞ്ഞ് മുറിയിൽ ഉണ്ടായിരുന്നു എന്ന വാദം തെറ്റാണെന്ന് സൂരജിെൻറ മാതാപിതാക്കൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ വ്യക്തമാണ്.
ഉത്രയെ കൊലപ്പെടുത്താൻ കാരണം ഭിന്നശേഷിക്കാരിയാണ് എന്നതാണെന്നും തെളിവുകൾ നിരത്തി സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻ രാജ് വാദിച്ചു.
ഉത്ര മരിച്ചയുടൻ, മുമ്പത്തേതിന് സമാനമായി പണവും മറ്റും നൽകണമെന്ന് പ്രതി കുടുംബത്തോട് ആവശ്യപ്പെട്ടു. പ്രതിയുടെ പ്രവർത്തികൾ സമാനതകളില്ലാത്തതും പൊറുക്കാനാകാത്തതാണെന്നും സാഹചര്യത്തെളിവുകളെല്ലാം കുറ്റകൃത്യം തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിഭാഗംവാദം 12ന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.