ഉത്രവധം: വിധിയറിയാൻ വൻ ജനാവലി
text_fieldsകൊല്ലം: കേരള മനഃസാക്ഷിയെ നടുക്കിയ ഉത്രവധക്കേസിലെ ശിക്ഷാവിധി കേള്‍ക്കാനായി കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി പരിസരത്ത് തടിച്ചുകൂടിയത് വന്‍ജനാവലി. പ്രതിയായ സൂരജ് എസ്. കുമാറിെൻറ ശിക്ഷ വിധി എന്താകുമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. പ്രതി കുറ്റക്കാരനെന്ന് വിധിച്ച ദിവസത്തേതിന് സമാനമായി വന്‍ജനക്കൂട്ടമാണ് സിവില്സ്റ്റേഷന് ഉള്‍പ്പെടുന്ന കോടതി പരിസരത്ത് എത്തിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും കണക്കിലെടുക്കാതെയാണ് ജനം തടിച്ചുകൂടിയത്. കേസിെൻറ വിധിയറിയാനെത്തിയ ജനക്കൂട്ടത്തിനൊപ്പം സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവർ കൂടി ആയതോടെ ആൾക്കൂട്ടം നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. മഴ മാറിനിന്നതിനാല്‍ ശിക്ഷാവിധി കേള്‍ക്കാനെത്തിയവരുടെ എണ്ണത്തിലും വർധനയുണ്ടായി. വിധി റിേപ്പാര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ മുന്നോട്ടുവന്നവരുമുണ്ട്. വധശിക്ഷ നല്‍കണമെന്നാണ് ഇത്തരക്കാരിേലറെയും അഭിപ്രായപ്പെട്ടത്.
കോടതി വളപ്പിലൊരുക്കിയത് കനത്ത സുരക്ഷ
കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിനെ കൊണ്ടുവരുമ്പോള്‍ ജനക്കൂട്ടം കൈകാര്യം ചെയ്യാനുള്ള സാധ്യത മുന്നിൽകണ്ട് കനത്ത സുരക്ഷയാണ് കോടതി വളപ്പിൽ പൊലീസ് ഒരുക്കിയിരുന്നത്. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കോടതിയിലും പരിസരത്തും സുരക്ഷ ഒരുക്കിയത്. ദ്രുതകര്‍മസേനാംഗങ്ങളും സുരക്ഷ ഒരുക്കുന്നതിന് കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഉച്ചക്ക് 12 നാണ് കോടതി നടപടി ആരംഭിച്ചത്. ഇതിന് 15 മിനിറ്റ് മുമ്പ് കോടതിക്കു സമീപത്തെ ജില്ല ജയിലിലില്‍നിന്ന് സൂരജിനെ കോടതിവളപ്പിലെത്തിച്ചു. കഴിഞ്ഞ തവണ കോടതി നടപടികള്‍ തുടങ്ങി 15 മിനിറ്റിന് ശേഷമായിരുന്നു കോടതിയല്‍ ഹാജരാക്കിയത്.
ശിക്ഷാ വിധിക്കു ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറുമെന്നതിനാല്‍ ജില്ല ജയിലില്‍ നിന്നെടുത്ത പുസ്തകങ്ങള്‍ തിരികെ ഏല്പിച്ച ശേഷമാണ് സൂരജ് കോടതിയിലേക്കെത്തിയത്. പൊലീസ് ജീപ്പില്‍ രണ്ടു പൊലീസുകാരുടെ മധ്യത്തില്‍ ഇരുത്തിയാണ് കോടതി പരിസരത്തേക്കുകൊണ്ടുവന്നത്. വാഹനം കോടതി വളപ്പിലെത്തിയതോടെ ജനക്കൂട്ടം പൊലീസ് ജീപ്പിനു ചുറ്റും തടിച്ചുകൂടി. ഇവരെ മാറ്റിനിർത്തി വന്‍ പൊലീസ് സന്നാഹത്തിെൻറ നടുവിലാണ് മൂന്നാം നിലയിലുള്ള അഡീഷനല്‍ സെഷന്‍സ് കോടതി- ആറിലേക്ക് പ്രതിയെ എത്തിച്ചത്. കോടതി നടപടികള്‍ നടക്കുമ്പോഴും സുരജ് നിര്‍വികാരനായി നില്‍ക്കുകയായിരുന്നു.
ഉത്രയുടെ മാതാവും റിട്ട. അധ്യാപികയുമായ മണിമേഖല അഞ്ചലിലെ വീട്ടിലിരുന്ന് ടി.വിയിലാണ് വിധിപ്രസ്താവം കേട്ടത്. ഉത്രയുടെ പിതാവും സഹോദരനും അന്വേഷണോദ്യോഗസ്ഥരുമടക്കം വന്‍നിരതന്നെ കോടതിമുറിക്കുള്ളിലുണ്ടായിരുന്നു. തിരക്കുമൂലം കോടതിമുറിക്കകത്ത് എത്താന്‍ കഴിയാതിരുന്നവര്‍ മൊബൈലിലൂടെ ചാനലുകളുടെ തത്സമയ വിവരണം കണ്ടാണ് ശിക്ഷാവിധി മനസ്സിലാക്കിയത്. തുടര്‍ന്ന്, 12.20 ഓടെയാണ് ശിക്ഷ വിധിച്ചത്.
പാമ്പിനെ കൈമാറുന്ന ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: കേസന്വേഷണത്തില്‍ പൊലീസിെൻറ കേസ് ഡയറിയുടെ ഭാഗമായ പാമ്പിനെ കൈമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്ര വധക്കേസിലെ പ്രതി സൂരജിന് പാമ്പുപിടുത്തക്കാരന് ചാവരുകാവ് സുരേഷ് പാമ്പിനെ കൈമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സൂരജിന് പാമ്പുകളെക്കുറിച്ച് പഠിക്കാനുള്ള താല്പര്യം കണക്കിലെടുത്താണ് കൈമാറ്റമെന്ന് വിഡിയോയില്‍ സുരേഷ് പറയുന്നുണ്ട്. അണലിയെ പിടിക്കാനായാണ് സൂരജിെൻറ വീട്ടില്‍ വന്നതെന്നും എന്നാല്‍ കിട്ടിയില്ലെന്നും പറയുന്നുണ്ട്. വരുമ്പോള്‍ ഒരു പാമ്പിനെ കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. നാഗദൈവങ്ങളോടുള്ള ആരാധന കൊണ്ട് സാധുവായ ഇതിനെ സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു എന്നും സുരേഷ് പറയുന്നു. പാമ്പിനെ അനായാസമായി സൂരജ് കൈകാര്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.
അന്വേഷണ സംഘത്തിൽ ഇവർ
കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജിന് ശിക്ഷ ഉറപ്പാക്കിയത് കുറ്റമറ്റ അന്വേഷണത്തിലൂടെയാണ്. റൂറൽ എസ്.പിയായിരുന്ന എസ്. ഹരിശങ്കർ, അഡീഷനൽ എസ്.പി മധുസൂദനൻ, ഡിവൈ.എസ്.പിയായിരുന്ന എ. അശോകൻ, സി.ഐ അനൂപ് കൃഷ്ണൻ, എസ്.ഐ രമേശ്കുമാർ, എ.എസ്.ഐ സി. മനോജ്കുമാർ, ആശിഷ് കോഹൂർ, മഹേഷ് മോഹൻ, സജീന, ശിവശങ്കരപിള്ള, അജയകുമാർ, രാധാകൃഷ്ണപിള്ള, പ്രവീൺകുമാർ, വി.എസ്. അനിൽകുമാർ, അനിൽകുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി. മോഹൻരാജ്, അഭിഭാഷകരായ കെ.ഗോപീഷ് കുമാർ, സി.എസ്. സുനിൽകുമാർ, എ.ശരൺ എന്നിവർ ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എസ്. അജിത് പ്രഭാവ്, ജിത്തു എസ്. നായർ, ബിജേന്ദ്രലാൽ, എ.അശോക് കുമാർ എന്നിവർ കോടതിയിലെത്തി.
വിധിയിൽ നിരാശ
അഞ്ചൽ: ഉത്രവധക്കേസ് വിധിയിൽ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടുകാർക്കും നിരാശ. പ്രതി സൂരജിന് വധശിക്ഷ വിധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉത്രയുടെ കുടുംബവും ഏറം ഗ്രാമവും. പഴുതടച്ച അന്വേഷണവും തെളിവെടുപ്പുമാണ് കേസിെൻറ എല്ലാ ഘട്ടങ്ങളിലും നടന്നിരുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസായിരുന്നിട്ടും പ്രതി സൂരജിന് ലഭിച്ച ശിക്ഷയിലെ നിരാശ നാട്ടുകാർ പങ്കുെവച്ചു.
ഏതാനും വർഷം മുമ്പ് ഏരൂരിൽ ഏഴ് വയസ്സുകാരിയെ അമ്മയുടെ സഹോദരീ ഭർത്താവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ആജീവനാന്തം കഠിനതടവിനാണ് വിധിച്ചത്. അതും നാട്ടുകാർ വധശിക്ഷ പ്രതീക്ഷിച്ച കുറ്റകൃത്യമായിരുന്നു.
സ്വാഗതം ചെയ്യുന്നു –വാവ സുരേഷ്
കൊല്ലം: ഉത്ര വധക്കേസ് വിധി സ്വാഗതം ചെയ്യുന്നുവെന്ന് പാമ്പു പിടുത്ത വിദഗ്ദൻ വാവ സുരേഷ്. ഉത്ര വധക്കേസ് ഉൾപ്പെടെ രാജ്യത്ത് മൂന്ന് കേസുകളാണ് ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് കേസ് വെറുതെവിട്ടു. ഇതിൽ ശിക്ഷ നേടിക്കൊടുക്കാനായത് ടീം വര്ക്കിെൻറ വിജയമാണ്. കേരള പൊലീസിനൊരു പൊൻതൂവലമാണിത്. മറ്റുള്ളവര്‍ക്ക് പാഠമാകുന്ന വിധിയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്രവധം- നാൾവഴി
2018 മാർച്ച് 25: സൂരജ്-ഉത്ര വിവാഹം
2020 ഫെബ്രുവരി 12: ചാവറുകാവ് സുരേഷിനെ ഫോണിലൂടെ സൂരജ് വിളിക്കുന്നു
2020 ഫെബ്രുവരി 18: സൂരജും സുരേഷും കൂടിക്കാഴ്ച നടത്തുന്നു
2020 ഫെബ്രുവരി 29: അടൂരിലെ വീട്ടിലെ സ്റ്റെയർകേസിൽ അണലിയെ കൊണ്ട് കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി
2020 മാർച്ച് 2: അടൂരിലെ വീട്ടിൽ ഗുളികകൾ നൽകി ഉത്രയെ മയക്കിയ ശേഷം കാലിൽ അണലിയെക്കൊണ്ട് കടിപ്പിച്ചു.
2020 മാർച്ച് 3: തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ
2020 ഏപ്രിൽ 22: ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി ഉത്ര അഞ്ചലിലെ വീട്ടിലെത്തി.
2020 ഏപ്രിൽ 24: സൂരജ് സുരേഷിെൻറ പക്കൽനിന്ന് മൂർഖൻ പാമ്പിനെ വാങ്ങി
2020 മേയ് 6: ഗുളികകൾ കൊടുത്ത് മയക്കിയ ശേഷം ഉത്രയുടെ ഇടതു കൈത്തണ്ടയിൽ രണ്ട് തവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു
2020 മേയ് 7: രാവിലെ കിടക്കയിൽ അനക്കമില്ലാത്ത നിലയിൽ ഉത്രയെ അമ്മ കണ്ടെത്തുന്നു. മരണം സ്ഥിരീകരിക്കുന്നു
2020 മേയ് 18: ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു.
2020 മേയ് 24: സൂരജ് പിടിയിൽ
2020 ഓഗസ്റ്റ് 14: കുറ്റപത്രം സമർപ്പിച്ചു.
2021 ഒക്ടോബർ 11: സൂരജ് കുറ്റക്കാരനെന്ന് കോടതി.
2021 ഒക്ടോബർ 13: സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷത്തെ അധികതടവും 5.85 ലക്ഷം രൂപ പിഴയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.