മരിച്ചീനിയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ; പ്രതീക്ഷയോടെ കിഴക്കൻ മേഖല
text_fieldsകുന്നിക്കോട്: മരച്ചീനിയിൽനിന്നും എഥനോളും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളും നിർമിക്കാനുള്ള ബജറ്റ് പ്രഖ്യാപനം കിഴക്കന്‍മേഖലയിൽ കർഷകരുടെ പ്രതീക്ഷയേറ്റുന്നത്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ മരച്ചീനി ഉൽപാദിപ്പിക്കുന്ന പഞ്ചായത്താണ് തലവൂർ. കൂടാതെ വിളക്കുടി, പട്ടാഴി, മേലില, വെട്ടിക്കവല പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മരച്ചീനിയാണ് പ്രധാന കൃഷി.
മരച്ചീനി ശേഖരിച്ച് സംസ്കരിച്ച് വീര്യംകുറഞ്ഞ മദ്യവും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളും നിർമിക്കുന്ന പദ്ധതിക്കായി രണ്ടുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. തലവൂരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരച്ചീനി സംസ്കരിക്കുന്ന സ്റ്റാര്‍ച്ച് ഫാക്ടറി നിര്‍മിക്കാൻ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല.
2012ൽ വില കുറഞ്ഞപ്പോൾ ഹോർട്ടികോർപ് വഴി സർക്കാർ മരച്ചീനി സംഭരണം ആരംഭിച്ചിരുന്നു. എന്നാൽ അതിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. പിന്നാലെ സംസ്ഥാന കൃഷി വകുപ്പിന്‍റെ മേൽനോട്ടത്തിൽ പത്തനാപുരം മണ്ഡലത്തിലെ ചെങ്ങമനാട് കേന്ദ്രമാക്കി മരച്ചീനി സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കാനും സർക്കാർ ഉത്തരവിറക്കി.
കർഷകരിൽനിന്നും നേരിട്ട് മരച്ചീനി ശേഖരിച്ച് സംസ്ക്കരിച്ച് വിവിധ ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കുന്ന സംവിധാനമാണ് ലക്ഷ്യമിട്ടിരുന്നത്. ഫാക്ടറിയുടെ തുടർപ്രവർത്തനങ്ങളൊന്നും ഇതുവരെ വെളിച്ചം കണ്ടില്ല. നിലവില്‍ മരച്ചീനി ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. പൊതുമാർക്കറ്റുകളിൽ വിൽപന നടത്തിയാൽ പത്ത് രൂപയില്‍ താഴെയാണ് കർഷകന് ലഭിക്കുക. പുതിയ പദ്ധതി യാഥാർഥ്യമായാല്‍ തങ്ങൾക്ക് എറെ പ്രയോജനകരമാകുമെന്നാണ് കർഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.