നോവായി വന്ദന പ്രിയ കലാലയത്തിൽ
text_fieldsകൊട്ടാരക്കര: ഡോക്ടർ എന്ന സ്വപ്നത്തിൽ ഹൗസ് സർജൻസി പൂർത്തിയാക്കാനുള്ള ലക്ഷ്യവുമായി വിടപറഞ്ഞിറങ്ങിയ കലാലയമുറ്റത്തേക്ക് അവസാനമായി ഡോ. വന്ദന ദാസ് കടന്നെത്തി. പഠിച്ചും കളിച്ചും ചിരിച്ചും ആ കലാലയത്തിൽ നിറഞ്ഞുനിന്ന വന്ദനയുടെ മടങ്ങിവരവ് പക്ഷേ അവസാന യാത്രാമംഗളം പറയാനാണെന്നത് ഉൾക്കൊള്ളാൻ അവിടെ കൂടിനിന്ന ഒരാൾക്കും കഴിഞ്ഞില്ല.
വെള്ളക്കോട്ടുമിട്ട് തങ്ങളിലൊരാളായി നിന്നിരുന്ന കൂട്ടുകാരിയുടെ മൃതദേഹത്തിന് മുന്നിൽ നിറമിഴികളുമായി വിദ്യാർഥികൾ തിങ്ങിനിറഞ്ഞു. പ്രതിഷേധത്തിന്റെ ഉറച്ചസ്വരംകൊണ്ട് ആ കലാലയം പ്രകമ്പനംകൊണ്ട മണിക്കൂറുകൾ കൂടിയായി അത്.
തിരുവനന്തപുരത്തുനിന്ന് വൈകീട്ട് നാലോടെയാണ് ഡോ. വന്ദന ദാസ് വിദ്യാർഥിനിയായിരുന്ന മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം പൊതുദർശനത്തിനായെത്തിച്ചത്. പൊതുദർശനത്തിന് കൊണ്ടുവരുമെന്ന വാർത്ത പ്രചരിച്ചതോടെ സഹപാഠികളും സഹപ്രവർത്തകരും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. അരമണിക്കൂറോളം മൃതദേഹം പൊതുദർശനത്തിന് വെക്കുമെന്നും തുടർന്ന് കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കുമെന്നും അറിയിച്ചെങ്കിലും വൈകീട്ട് അഞ്ചര കഴിഞ്ഞിട്ടും ആളുകൾ ഒഴുകിയെത്തുകയായിരുന്നു.
വന്ദനയുടെ മൃതദേഹം ഒരുനോക്ക് കാണാൻ സഹപാഠികളും അധ്യാപകരുമെല്ലാം നിലവിളിയോടെയാണ് എത്തിയത്. പൊതുദർശനം നടക്കവേ ആശുപത്രി പരിസരത്ത് വിദ്യാർഥികൾ ഒത്തുചേർന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പൂയപ്പള്ളി, പാരിപ്പള്ളി, ചാത്തന്നൂർ, കണ്ണനല്ലൂർ, കുണ്ടറ, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിൽനിന്നെത്തിയ നൂറുകണക്കിന് പൊലീസുകാർ ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്. അഞ്ചരയോടെ മൃതദേഹം അസീസിയയിൽനിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകുമ്പോഴും നൂറു കണക്കിനാളുകൾ ആശുപത്രിയിലേക്കെത്തിക്കൊണ്ടിരുന്നു. മന്ത്രിമാരും എം.എൽ.എമാരും മറ്റ് ജനപ്രധിനിധികളും അന്തിമോപചാരമർപ്പിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.