പച്ചക്കറി വില; മഴയിലും കൈപൊള്ളും
text_fieldsകൊല്ലം: തമിഴ്നാട്ടിലും കർണാടകത്തിലും ഉണ്ടായ കാലാവസ്ഥ വ്യതിയാനവും പച്ചക്കറി ഉൽപാദനം കുറഞ്ഞതും കേരളത്തെയും ബാധിച്ചു. പച്ചക്കറി വരവ് കുറഞ്ഞതോടെ ഭൂരിഭാഗം ഇനങ്ങൾക്കും വില കുതിച്ചുയരുന്നു. തമിഴ്നാട്ടിലും മഴ വ്യാപിച്ചതോടെ വില വീണ്ടും ഉയരുമെന്നാണ് കണക്കുകൂട്ടൽ.
ബീൻസ് പയറിനാണ് വിപണിയിൽ ഏറ്റവുമധികം വില വർധിച്ചത്. 60-80 രൂപയിൽ നിന്ന ബീൻസിന് കിലോക്ക് 220 രൂപയിൽ എത്തി. 50 രൂപയിൽ കുറഞ്ഞ ഒരു പച്ചക്കറിയുമില്ല എന്ന സ്ഥിതിയിലേക്കാണ് വിപണി എത്തിയത്. ശനിയാഴ്ച ബീൻസിന് 220 രൂപയാണ് വില.
കാരറ്റ് വില ഏറെക്കാലമായി 80 രൂപയില്‍ താഴാത്ത അവസ്ഥയിലാണ്. പച്ചമുളക് വില 120 രൂപ വരെയായി. പച്ചപയർ വില 80 മുതല്‍ 130 വരെയായി. നാടന്‍ പാവക്ക വില 100 രൂപ പിന്നിട്ടു. സാധാരണ 40 രൂപക്കു മുകളില്‍ പോകാത്ത വെള്ളരി വില 50 രൂപയായി. വരവു പാവക്ക വില 80 വരെയെത്തി.
ബീറ്റ്റൂട്ട്, വെണ്ടക്ക വിലയും 60 രൂപയായി. വഴുതനങ്ങ വില 50 കടന്നപ്പോള്‍, ചീര ചിലയിടങ്ങളില്‍ 80 രൂപ വരെയായി. കാബേജ് വില 54 രൂപയായപ്പോള്‍, കോളിഫ്ലവറിന് 60 രൂപയായി. മുരിങ്ങക്കായ വില 70 രൂപയാണ് വില. കഴിഞ്ഞവർഷം ഏറ്റവും അധികം വിലവർധനവുണ്ടായതാണ് മുരിങ്ങിക്കായ്ക്കായിരുന്നു. തക്കാളിയുടെ വില 70ൽ എത്തി. മഴ ശക്തമായതോടെ നാടൻ പച്ചക്കറികളും വിപണിയിൽനിന്ന് അപ്രത്യക്ഷമാവുകയാണ്. ഇതും വിലക്കയറ്റത്തിന് കാരണമാകും.
ജില്ലയിൽ പല സ്ഥലങ്ങളിലും പല വിലയാണ് വാങ്ങുന്നതെന്ന പരാതിയുമുണ്ട്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ കോഴി ഒഴിവാക്കി പലരും പച്ചക്കറിയിലേക്ക് മാറിയിരുന്നു. ഇതു മുതലെടുത്ത് തോന്നിയ വില ഈടാക്കുകയാണെന്നാണ് പരാതി. വെണ്ടക്ക -60 രൂപ, അമര -50, പടവലം -70, ചേന -65 എന്നിങ്ങനെയാണ് വിപണിവില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.