വാഹന ജീവനക്കാർ സമരത്തിൽ; മിൽമയിൽ പാൽ വിതരണം തടസ്സപ്പെട്ടു
text_fieldsകൊല്ലം: ഏജൻസിക്കാർ നൽകിയ പണം അപഹരിച്ച സംഭവത്തിൽ പാൽവിതരണ വാഹന ജീവനക്കാർക്കെതിരെ മാനേജ്മെന്റ് പരാതി നൽകിയതിനെ തുടർന്ന് മിൽമയിൽ മിന്നൽ സമരം. 75,000 ലിറ്ററോളം പാൽ വിതരണം ചെയ്യുന്നത് തടസപ്പെട്ടു. സി.ഐ.ടി.യു, ബി.എം.എസ് സംഘടനകളിൽപെട്ട കരാർ വാഹന ജീവനക്കാരാണ് പണിമുടക്കിയത്.
പാൽ ലഭിക്കുന്നതിന് കൊല്ലം ഡെയറിയിൽ അടക്കാൻ ഏജൻസികൾ കൊടുത്തുവിട്ട ബുക്കിങ് തുക മോഷണം പോയതിനെ തുടർന്നുള്ള സംഭവവികാസങ്ങളാണ് പണിമുടക്കിലെത്തിയത്. കൊല്ലം ഡെയറിയിൽനിന്ന് പാൽ വിതരണം നടത്തുന്ന കേരളപുരം റൂട്ടിലെ വാഹന ജീവനക്കാർക്കെതിരെയാണ് പരാതി ഉയർന്നത്.
27000 രൂപ മോഷ്ടിച്ചതായി വ്യക്തമായെന്ന് കാണിച്ച് കരാർ വാഹന ജീവനക്കാർക്കെതിരെ മിൽമ മാനേജ്മെന്റ് കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് ഇരു സംഘടനകളിലുംപെട്ട വാഹനജീവനക്കാർ പാൽ വിതരണം ചെയ്യാൻ വിസമ്മതിച്ചത്. തുടർന്ന്, ഡെയറി മാനേജരുടെ സാന്നിധ്യത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. യൂനിയനുകളുടെ ആവശ്യപ്രകാരം, നഷ്ടപ്പെട്ട തുക കരാറുകാരൻ ഡെയറിയിൽ അടക്കുന്നപക്ഷം പരാതി പിൻവലിക്കാമെന്ന് അറിയിച്ചതായി മാനേജർ വ്യക്തമാക്കി. എന്നാൽ, മുൻകാലങ്ങളിൽ സമാനരീതിയിൽ പാൽ മോഷണം, പണാപഹരണം എന്നീ കുറ്റങ്ങളുടെ പേരിൽ പുറത്താക്കിയ മറ്റ് ജീവനക്കാരെയും തിരികെയെടുക്കമെന്നും കഴിഞ്ഞദിവസം സമാന കുറ്റാരോപിതരായവരെയും നിരുപാധികം തിരികെ എടുക്കണമെന്നുമുള്ള ആവശ്യമാണ് ജീവനക്കാർ മുന്നോട്ടുവെച്ചതെന്ന് മാനേജർ പറയുന്നു.
ജില്ലയെ പ്രതിനിധീകരിക്കുന്ന മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ 28ന് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് മാനേജ്മെന്റ് ജീവനക്കാരെ രേഖാമൂലം അറിയിച്ചു. എന്നാൽ, ഇത് നിരാകരിച്ച വാഹന കരാർ ജീവനക്കാർ സമരം തുടരുകയാണ്. ഇതോടെ ജില്ലയിൽ പാൽ വിതരണം തടസ്സപ്പെട്ടു. ഡെയറിക്ക് സമീപപ്രദേശങ്ങളിലുള്ള ഏജൻസിക്കാർ തിങ്കളാഴ്ച വൈകീട്ട് ഉൾപ്പെടെ ഡെയറിയിൽ നേരിട്ടെത്തി പാൽ എടുത്തു. എന്നാൽ, ദൂരെ സ്ഥലങ്ങളിലേക്ക് പാൽ എത്തിക്കാനാകാത്ത സ്ഥിതിയാണ്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ചൊവ്വാഴ്ചയും പാൽ വിതരണം തടസ്സപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.