എസ്.എൻ ട്രസ്റ്റ് കൊല്ലം മേഖല തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി വെള്ളാപ്പള്ളിയും എതിർപക്ഷവും
text_fieldsകൊല്ലം: എസ്.എൻ ട്രസ്റ്റ് ഭരണത്തിൽ നിർണായകമായ കൊല്ലം റീജനൽ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ ഇരുപക്ഷവും വാശിയേറിയ പ്രചാരണത്തിൽ. വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും കൊല്ലത്ത് ക്യാമ്പ് ചെയ്ത് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കൊല്ലം, ചാത്തന്നൂർ, കുണ്ടറ എസ്.എൻ.ഡി.പി യൂനിയനുകളുടെ വിവിധ പരിപാടികളിൽ വെള്ളാപ്പള്ളി പ്രസംഗിക്കുന്നുണ്ട്. കൊല്ലത്തെ വിജയം അഭിമാനപ്രശ്നമായതിനാൽ വെള്ളാപ്പള്ളി പക്ഷവും എതിർപാനലും വോട്ടർമാരെ നേരിട്ടുകണ്ട് വോട്ട് ഉറപ്പിക്കുന്നു.
എസ്.എൻ ട്രസ്റ്റിന്റെ ആസ്ഥാനവും ട്രസ്റ്റിന് കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും കൊല്ലത്താണ്. വെള്ളാപ്പള്ളിക്കെതിരെ രംഗത്തുള്ള എസ്.എൻ ട്രസ്റ്റ് സംരക്ഷണ സമിതി മുഴുവൻ സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. 117 സ്ഥാനാർഥികളാണ് സംരക്ഷണ സമിതി പാനലിൽ രംഗത്തുള്ളത്. കൊല്ലം എസ്.എൻ കോളജിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ആറിന് ആരംഭിക്കും. രാത്രി വൈകിയും തുടരുന്ന വോട്ടെണ്ണലിന് ശേഷം ഞായറാഴ്ച പുലർച്ചയോടെ ഫലം പ്രഖ്യാപിക്കും.
എസ്.എൻ ട്രസ്റ്റിന്റെ 10 റീജ്യനുകളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ ഏറ്റവും വാശിയേറിയതും കൂടുതൽ പേർക്ക് വോട്ടവകാശമുള്ളതും കൊല്ലത്താണ്. 21000ത്തിലധികം വോട്ടർമാരാണ് പട്ടികയിലുള്ളത്. എന്നാൽ, മരണമടഞ്ഞവരടക്കം പട്ടികയിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അയ്യായിരത്തോളം പേരാണ് വോട്ടു ചെയ്തത്. വിജയപ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എസ്.എൻ ട്രസ്റ്റ് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്.എൻ ട്രസ്റ്റിനെ മകന് കൈമാറാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഒരു നേതാവും പിന്തുടരാത്ത കുടുംബവാഴ്ചക്ക് വെള്ളാപ്പള്ളി ശ്രമിക്കുന്നു. വെള്ളാപ്പള്ളി നടേശന്റെ 23 വർഷത്തെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്ത് കൂടിയായിരിക്കും തെരഞ്ഞടുപ്പ്. ട്രസ്റ്റ് സ്ഥാപകനായ ആർ. ശങ്കറുടെ ഏക സ്മാരകമായ ശങ്കേഴ്സ് ആശുപ്രതിയെപോലും തകർത്തു. ശങ്കേഴ്സിനെ മെഡിക്കൽ കോളജാക്കി ആർ. ശങ്കറുടെ സ്വപ്നം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് പലവട്ടം വോട്ടുവാങ്ങിയ നടേശൻ, ആശുപത്രിയെ ദയാവധത്തിന് വിധേയമാക്കി.
പ്രഫഷനൽ വിദ്യാഭ്യാസരംഗത്ത് ട്രസ്റ്റിനെ പൂർണമായും അകറ്റിനിർത്തി. മെഡിക്കൽ കോളജുകളും എൻജിനീയറിങ് കോളജുകളും ഉൾപ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉയർന്നുവന്നിട്ടും ഒന്നുപോലും എസ്.എൻ ട്രസ്റ്റിന്റെ പേരിൽ ആരംഭിക്കാനായില്ല. ശ്രീനാരായണ ട്രസ്റ്റ് സ്ഥാപനങ്ങൾ പാവപ്പെട്ടവർക്ക് അന്യമായെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. എസ്.എൻ ട്രസ്റ്റ് സംരക്ഷണസമിതി പ്രസിഡന്റ് രാജ്കുമാർ ഉണ്ണി, ഡോ.ആർ. മണിയപ്പൻ, കടകംപള്ളി മനോജ്, പി. സുരേന്ദ്രബാബു, പാട്രാ രാഘവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.