വിജിലന്‍സ് കോടതി മാറ്റത്തിന് പിന്നില്‍ ആര്..
text_fieldsകൊല്ലം: തിരുവനന്തപുരം കേന്ദ്രീകരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കായി സ്ഥാപിച്ച വിജിലന്‍സ് കോടതി വിഭജിച്ച് കഴിഞ്ഞ വർഷമാണ് കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കായി പ്രത്യേക കോടതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഹൈക്കോടതിയും വിഭജനം അംഗീകരിച്ചു. കൊട്ടാരക്കരയില്‍ കോടതി സ്ഥാപിക്കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ടാണ് ഹൈക്കോടതി രജിസ്ട്രാര്‍ ആദ്യം സര്‍ക്കാരിനു നല്‍കിയത്. ഇതിനെതിരെ കൊല്ലം ബാര്‍അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് എസ്റ്റാബ്ലിഷ്മെന്റ് കമ്മറ്റി നടത്തിയ പരിശോധനകള്‍ക്ക് ശേഷം കോടതി കൊല്ലത്ത് അനുവദിക്കണമെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്കി.
ഹൈക്കോടതി തീരുമാനം 2024 ജൂലൈ 5 ന് സർക്കാരിനെ രേഖാമൂലം അറിയിച്ചെങ്കിലും ഇതു മറികടന്നാണ് കൊട്ടാരക്കരയില്‍ കോടതി സ്ഥാപിക്കുന്നതിനുള്ള വിജ്ഞാപനം ഈ മാസം 20ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
വിജിലന്‍സ് കോടതിക്ക് അനുയോജ്യമായ കെട്ടിടം കൊല്ലത്ത് ഇല്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. കൊട്ടാരക്കരയില്‍ പോക്സോ കോടതി പ്രവൃത്തിച്ചിരുന്ന കെട്ടിടമാണ് വിജിലന്‍സ് കോടതിക്കായി കണ്ടെത്തിയിരിക്കുന്നത്. കെട്ടിടം ജുഡീഷ്യറിയുടേതാണ് സർക്കാരിന്റേത് അല്ല.
കൊട്ടാരക്കര ബാർ അസോസിയേഷൻ ഹാളിനുവേണ്ടി പുതുക്കിപ്പണിയുന്നതിന് ആ കെട്ടിടം പൊളിക്കാൻ ജുഡീഷ്യറി തീരുമാനം എടുത്തതുമാണ്.ഇത് മറച്ചുവെച്ചും ജുഡീഷ്യറിയുടെ അനുവാദം ഇല്ലാതെയും ആണ് ഇത്തരത്തിൽ ഒരു സർക്കാർ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ജൂലൈ 17ന് ഈ വിഷയത്തില്‍ കൊല്ലം ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ കേരള ഹൈക്കോടതി ജഡ്ജിമാരെ നേരില്‍ കണ്ടപ്പോള്‍ കിട്ടിയ ഉറപ്പാണ് അട്ടിമറിക്കപ്പെട്ടതെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, കൊട്ടാരക്കര എം.എല്‍എ കൂടിയായ മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ താല്പര്യപ്രകാരമാണ് വിജിലന്‍സ് കോടതി കൊട്ടാരക്കരയിലേക്ക് മാറ്റിയതെന്നാണ് ആരോപണം.
വിജിലന്‍സ് കോടതി കൊട്ടാരക്കരയ്ക്ക്; കൊല്ലത്തെ അഭിഭാഷകർ കലക്ടറെ ഉപരോധിച്ചു
കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കായി കൊല്ലത്ത് അനുവദിച്ച വിജിലന്‍സ് കോടതി കൊട്ടാരക്കരയ്ക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് കൊല്ലത്തെ അഭിഭാഷകർ ജില്ല കലക്ടറെ ഉപരോധിച്ചു. കോടതി നടപടികള്‍ ബഹിഷ്ക്കരിച്ച് തിങ്കളാഴ്ച രാവിലെ 11ഓടെ ആരംഭിച്ച ഉപരോധം രണ്ടരമണിക്കൂർ നീണ്ടു.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ഓച്ചിറ എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിവിധ അഭിഭാഷക സംഘടന പ്രതിനിധികള്‍ ജില്ലാ കലക്ടർ എന്‍. ദേവിദാസുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നരയോടെയാണ് സമരം അവസാനിപ്പിച്ചത്. ബാര്‍ അസോസിയേഷന്റെ ആവശ്യം സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
അതേ സമയം ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ എ.കെ. മനോജ് ഇന്നലെ രാവിലെ നേരിട്ട് കേരള ഹൈക്കോടതിക്ക് പരാതി സമര്‍പ്പിച്ചു.
മുഖ്യമന്ത്രി , ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്കി. അടിയന്തിര പരിഹാരത്തിനായി അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ സമരം നടത്താനാണ് ബാര്‍ അസോസിയേഷന് തീരുമാനം.
ഇതിനായി നാളെ പൊതുയോഗം ചേരും. രണ്ടായിരത്തോളം അഭിഭാഷകരുള്ള കൊല്ലത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്താമെന്നിരിക്കെ വിജിലന്‍സ് കോടതി കൊട്ടാരക്കരയില്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ബാര്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.