ഗുണഭോക്താക്കള്‍ക്ക് നല്കിയ ആടുകള്‍ക്ക് വൈറസ് ബാധ
text_fieldsഅഞ്ചാലുംമൂട്: കോര്‍പറേഷന്റെ അഞ്ചാലുംമൂട് സോണലില്‍ നടന്ന ആട് വിതരണത്തില്‍ നല്കിയ ആടുകള്‍ക്ക് വൈറസ് ബാധ. കുരീപ്പുഴ സ്വദേശിക്ക് ലഭിച്ച ആട് ചത്തു.
19 ആടുകളെയാണ് കോര്‍പറേഷന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം അഞ്ചാലുംമൂട് ഡിവിഷനില്‍ വിതരണം ചെയ്തത്. വിതരണം ചെയ്ത ആടുകള്‍ക്കെല്ലാം വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. 4500 രൂപ ഗുണഭോക്തൃവിഹിതം നല്‍കിയാണ് ഗുണഭോക്താക്കള്‍ക്ക് ആടുകളെ നല്‍കിയത്.
വീട്ടില്‍ കൊണ്ടുപോയ ആടുകളില്‍ പലതും തൊഴുത്തില്‍ അവശനിലയിലും വായില്‍നിന്ന് നുരയും പതയും വരുന്ന തരത്തിലുമായിരുന്നു. ആടുകളെ അവശനിലയില്‍ കണ്ടതോടെ ഗുണഭോക്താക്കള്‍ അഞ്ചാലുംമൂട്ടിലെ മൃഗാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് വൈറസ് ബാധയേറ്റ വിവരമറിയുന്നത്. 19 ആടുകളില്‍ കുരീപ്പുഴ സ്വദേശി തമ്പിയുടെ ആടാണ് കഴിഞ്ഞ ദിവസം ചത്തത്.
കോര്‍പറേഷനില്‍നിന്ന് നല്‍കിയത് കൂടാതെ ഇയാള്‍ക്ക് മറ്റ് മൂന്ന് ആടുകള്‍ കൂടിയുണ്ടായിരുന്നു. കൂലിപ്പണിക്കാരനായ തമ്പിയുടെ ഏക ഉപജീവന മാർഗം കൂടിയാണ് ആട് വളര്‍ത്തല്‍. കോര്‍പറേഷനില്‍നിന്ന് കിട്ടിയ ആടില്‍നിന്ന് വൈറസ്ബാധ മറ്റ് മൂന്ന് ആടുകളിലേക്ക് പടര്‍ന്ന് പിടിക്കുകയും ചെയ്തു.
ചത്ത ആടിന്റെ സ്രവം വിദഗ്ദ്ധ പരിശോധനക്കയച്ചതായി അധികൃതര്‍ അറിയിച്ചു.
അതേസമയം ആട് വിതരണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വൈറസ്ബാധയുള്ള ആടുകളെ വിതരണം ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് അഞ്ചാലുംമൂട് ഡിവിഷന് കൗണ്‍സിലർ സ്വര്‍ണമ്മ ആവശ്യപ്പെട്ടു.
രോഗംബാധിച്ച ആടുകളെ തിരിച്ചെടുക്കാമെന്നും പകരം ആടുകളെ നല്‍കാമെന്ന അധികൃതര്‍ വാക്കാല്‍ ഉറപ്പ്നല്കിയെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.