വിഷു-ഈസ്റ്റർ വിപണി; വിലവർധനയിലും തളരാതെ കണിയൊരുക്കം
text_fieldsവിഷുവിന് കണി ഒരുക്കാൻ വിൽപനക്കെത്തിയ മത്തനും കണിവെള്ളരിയും ഉൾപ്പെടെയുള്ളവ.
കൊല്ലം മാടൻനടയിൽ നിന്നുള്ള കാഴ്ച
കൊല്ലം: സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷയുടെയും നല്ല നാളേക്കുള്ള ചുവടുവെപ്പാണ് വിഷു. സമൃദ്ധിയുടെ ഉത്സവത്തെ വരവേൽക്കാൻ ഒരുദിവസം ബാക്കി നിൽക്കേ വിഷു-ഈസ്റ്റർ വിപണിയും തയാറായിക്കഴിഞ്ഞു.
കൊന്നപ്പൂവും കണിവെള്ളരിയുമായി വിഷുവിനെ വരവേൽക്കാൻ വിപണിയിൽ ആകെ തിരക്കാണ്. കേരംതിങ്ങും കേരളനാട്ടില്‍…നാളികേരത്തിന് പൊന്നും വിലയുമായാണ് ഇത്തവണ വിഷുവെത്തുന്നത്. വിഷുവിന് തേങ്ങ കണികാണണമെങ്കിലും തേങ്ങയരച്ച് സദ്യ ഉണ്ണണമെങ്കിലും കൈപൊള്ളും. തേങ്ങ കിലോക്ക് മൊത്തവിപണിയിൽ 68 രൂപയാണ് വില. ചില്ലറവിപണിയിലാകട്ടെ 75-80നും ഇടയിലും.
കുറച്ചുമാസങ്ങളായി തേങ്ങവിലയിൽ കാര്യമായ മാറ്റമില്ല. അടുക്കളയെ പ്രതിസന്ധിയിലാക്കി വെളിച്ചെണ്ണവിലയും ഉയർന്ന നിരക്കിൽതന്നെയാണ്. ചില്ലറവിപണിയിൽ കിലോക്ക് 280 മുതൽ 350 രൂപ വരെയാണ് വെളിച്ചെണ്ണവില. പാക്കറ്റ് വെളിച്ചെണ്ണവിലയും വൻതോതിൽ കൂടി. ഒരു ലിറ്റർ പാക്കറ്റ് വെളിച്ചെണ്ണക്ക് 258-300 രൂപയാണ് വില. സർക്കാർസ്ഥാപനമായ കേര ഫെഡും നിരക്ക് ഉയർത്തിയിട്ടുണ്ട്. കൊപ്ര ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
വിഷുക്കണിയിലെ പ്രധാന ആകർഷണമായ കണിവെള്ളരിക്ക് വിപണിയിൽ കിലോഗ്രാമിന് 40 രൂപയാണ്. കണിമത്തനാകട്ടെ 30-35 രൂപയും. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പച്ചക്കറിവില കുറഞ്ഞ അവസ്ഥയിലാണ്. പച്ചക്കറിവിപണികളിൽ ഒന്നുരണ്ടിനത്തിനൊഴികെ മറ്റൊന്നിനും വില ഉയർന്നിട്ടില്ലെന്നും കച്ചവടം മറ്റുവർഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നും വ്യാപാരികൾ പറയുന്നു. പലയിടങ്ങളിലും വിളവെടുപ്പ് കാത്തിരിക്കുന്ന കണിവെള്ളരിക്കകൃഷിക്ക് മഴ നാശം വിതച്ചിട്ടുണ്ട്. നാടുനീളെ കൊന്ന പൂത്തെങ്കിലും വേനൽമഴ പലയിടത്തും പൂക്കൾ കൊഴിച്ച കുറവ് തീർക്കാൻ പ്ലാസ്റ്റിക് കൊന്നപ്പൂക്കളും വിപണിയിൽ എത്തിക്കഴിഞ്ഞു. ഒരു തണ്ട് കൊന്നപ്പൂവിന് 25 മുതൽ 60 വരെയാണ് വില. കൂടാതെ വാൽക്കണ്ണാടിയും ഓടക്കുഴലും തുടങ്ങി വിഷുവിനെ വരവേൽക്കാനുള്ളതെല്ലാം റെഡിയായി. പല വർണത്തിലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങളാണ് ജില്ലയുടെ പലഭാഗങ്ങളിലും നിരന്നത്. 200 മുതലാണ് വിഗ്രഹങ്ങളുടെ വില. പ്ലാസ്റ്റർ ഒഫ് പാരീസിലും വൈറ്റ് സിമന്റിലും ചളിയിലും നിർമിച്ച പ്രതിമകളാണ് വിപണിയിലുള്ളത്.
നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കിൽ
കൊല്ലം: നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു-ഈസ്റ്റര്‍ സഹകരണവിപണിക്ക് തുടക്കമായി.
ഏപ്രില്‍ 12 മുതല്‍ 21 വരെ ജില്ലയിലെ 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിപണനമേള ഒരുക്കിയിരിക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് ഉല്പന്നങ്ങള് 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലും പൊതുജനങ്ങള്‍ക്ക് സ്വന്തമാക്കാം. പൊതുവിപണിയില്‍ 50 രൂപയോളം വിലവരുന്ന വിവിധതരം അരികള്‍ 33 രൂപക്കാണ് ലഭിക്കുക. പഞ്ചസാര, ചെറുപയര്‍, കടല, മല്ലി, വെളിച്ചെണ്ണ തുടങ്ങിയവക്കെല്ലാം സബ്സിഡിയുണ്ട്.
വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചല്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ജി. ത്യാഗരാജന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ആദ്യ വില്പന നിര്‍വഹിച്ചു. റീജനല്‍ മാനേജര്‍ ഐ. ലൈലമോള്‍ സ്വാഗതവും യൂനിറ്റ് മാനേജര്‍ അന്‍സാര്‍ നന്ദിയും പറഞ്ഞു.
സബ്സിഡി വില (ബ്രാക്കറ്റില്‍ വിപണിവില)
ജയ അരി -33 രൂപ (50)
കുറുവ അരി -33 (48)
കുത്തരി -33 (49)
പച്ചരി -29 (37)
വെളിച്ചെണ്ണ (ലിറ്റര്‍) -240.45 (350)
പഞ്ചസാര -34.65 (49)
ചെറുപയര്‍ -90 (120)
കടല 65 (95)
ഉഴുന്ന് -90 (125)
വന്‍പയര്‍ -75 (110)
തുവരപ്പരിപ്പ് -105 (145)
ഉണക്കമുളക് -115.50 (175)
മല്ലി 81.90 -(115)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.