വോെട്ടടുപ്പ് പൂര്‍ത്തിയായി; ഇനി കാത്തിരിപ്പിന്റെ നാളുകൾ
text_fieldsകൊല്ലം: ലോക്സഭ മണ്ഡലത്തിലെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി വരണാധികാരിയായ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ഫലപ്രഖ്യാപന ദിനംവരെ വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും വ്യക്തമാക്കി.
സെന്റ് അലോഷ്യസ് സ്കൂളില്‍ യന്ത്രങ്ങളെല്ലാം സ്ട്രോങ് റൂമുകളിലേക്ക് മാറ്റി സീല്‍ ചെയ്ത ശേഷമാണ് അറിയിപ്പ്. ഏഴ് മണ്ഡലങ്ങള്‍ക്കുമായി 29 സ്ട്രോങ് റൂമുകളാണ് ക്രമീകരിച്ചത്.
കഴിഞ്ഞദിവസം രാവിലെ 5.30ന് മോക്പോളിങ്ങോടെ തുടങ്ങിയ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ സെന്റ് അലോഷ്യസ് സ്കൂളില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെയും എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കലക്ടറുടെയും തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന് അരവിന്ദ് പാല്‍സിങ് സന്ധുവിന്റേയും അധ്യക്ഷതയില്‍ ചേര്‍ന്ന സ്ക്രൂട്ടിനിയോടെയാണ് പൂര്‍ണമായത്. സുരക്ഷ ക്രമീകരണങ്ങളെല്ലാം പരിശോധിച്ച് ഉറപ്പാക്കിയാണ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായ സ്കൂളില്‍ സൂക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയിലാണ് നടത്തിയതെന്ന് പൊതു നിരീക്ഷകന് വിലയിരുത്തി. അവസാനവട്ട ക്രമീകരണങ്ങളിലും പരിശോധന യോഗത്തിലും ഏഴ് നിയമസഭ മണ്ഡലങ്ങളിലേയും അസി. റിട്ടേണിങ് ഓഫിസര്‍മാര്‍, സിറ്റി പൊലീസ് കമീഷണര്‍ വിവേക് കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, എ.ഡി.എം സി.എസ്. അനില്‍ എന്നിവര്‍ പങ്കെടുത്തു.
കൊല്ലത്ത് 68.15 ശതമാനം പോളിങ്
കൊല്ലം: കൊല്ലം ലോക്സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിലെ ലഭ്യമായ അന്തിമ കണക്കുകള്‍ പ്രകാരം 68.15 ശതമാനം (904047) പേര് വോട്ടിട്ടു. 479906 സ്ത്രീകളും 424134 പുരുഷന്മാരും എഴ് മറ്റുള്ളവര്‍ എന്നിങ്ങനെയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചവരുടെ കണക്കുകൾ. ഏഴ് നിയമസഭ മണ്ഡലങ്ങളായ ചവറ -125584, പുനലൂര്‍ -134724, ചടയമംഗലം -139432, കുണ്ടറ -144062, കൊല്ലം -119308, ഇരവിപുരം -117571, ചാത്തന്നൂര്‍ -123366 എന്നിങ്ങനെയാണ് വോട്ട് ചെയ്തവരുടെ എണ്ണം. ഏറ്റവുമധികം പോളിങ് കുണ്ടറ അസംബ്ലി മണ്ഡലത്തിലാണ്.
കുറവ് ഇരവിപുരവും. സ്ത്രീകള്‍ ഏറ്റവുമധികം വോട്ട് ചെയ്തത് ചടയമംഗലം നിയോജക മണ്ഡലത്തിലും (76175) പുരുഷന്മാര് ഏറ്റവുമധികം വോട്ട് ചെയ്തത് കുണ്ടറ നിയോജക മണ്ഡലത്തിലുമാണ് (67964). ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കരുനാഗപ്പള്ളി -156695, മാവേലിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പത്തനാപുരം -120271, കൊട്ടാരക്കര -135432 , കുന്നത്തൂര്‍ -145461 എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.