തടയണ വരണ്ടു; ഇടപ്പാളയത്തുകാർ ജലക്ഷാമത്തിൽ
text_fieldsവെള്ളം കെട്ടിനിർത്താൻ ജലസേചന വിഭാഗമോ പഞ്ചായത്തോ മുന്നൊരുക്കം സ്വീകരിച്ചില്ല
പുനലൂർ: കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഉദ്ദേശിച്ച് നിർമിച്ച തടയണ വരണ്ടു. കഴുതുരുട്ടി, ഇടപ്പാളയം മേഖലയിലുള്ളവർ ജലക്ഷാമത്തിൽ.
വേനൽ ആരംഭത്തോടെ ജലക്ഷാമം അനുഭവപ്പെടുന്ന ഈ ഭാഗത്ത് ജലസമ്പുഷ്ടമാക്കാൻ നിർമിച്ച കഴുതുരുട്ടി തടയണയിൽ ഇത്തവണ വെള്ളം കെട്ടി നിർത്തുന്നതിനുള്ള മുന്നൊരുക്കം ജലസേചന വിഭാഗമോ പഞ്ചായത്തോ സ്വീകരിച്ചില്ല. ഇതുകാരണം ആറ്റിലൂടെയുള്ള വെള്ളം ഡാമിലേക്ക് ഒഴുകി മാറിയതോടെ തടയണയിൽ വെള്ളമില്ലാതായി. നാലുകോടി രൂപ ചെലവിൽ 10 വർഷം മുമ്പ് ജലവിഭവ വകുപ്പ് കഴുതുരുട്ടി ആറിന് കുറുകെ പാലവും തടയണയും നിർമിച്ചത്. ഇത് 2016 സെപ്റ്റംബറിലാണ് ഉദ്ഘാടനം ചെയ്തത്. ആറ്റിന് അക്കരയുള്ളവരുടെ സഞ്ചാരത്തിനും പരിസരത്തെ ജലക്ഷാമവും പരിഹരിക്കാനാണ് ഇത് നിർമിച്ചത്.
നാലടിയോളം ഉയരത്തിൽ വെള്ളംകെട്ടി നിർത്താവുന്ന തടയണ കഴിഞ്ഞ പ്രളയ സമയത്ത് മണ്ണും തടികളും അടിഞ്ഞ് നികന്നിരുന്നു. ഈ മണ്ണ് പൂർണമായി നീക്കാത്തതിനാൽ ഉദ്ദേശിച്ച രീതിയിൽ തടയണയിൽ വെള്ളം കെട്ടിനിൽക്കുന്നില്ല. മണ്ണ് നീക്കം ചെയ്തു തടണയുടെ ആറു ഷട്ടറുകൾ നേരത്തേ അടച്ച് വെള്ളം സംരക്ഷിക്കണമായിരുന്നു. എന്നാൽ, ഷട്ടറുകളുടെ പലകകൾ ഇതിനകം നഷ്ടപ്പെട്ടു.
പകരം തയാറാക്കി തടയണ അടക്കാൻ അധികൃതർ തയാറായതുമില്ല. തടയണയിൽ മണ്ണും തടിയും അടഞ്ഞ് നിന്നിട്ടുണ്ട്. തടയണക്ക് ചുറ്റും കോളനിയിലടക്കം നിരവധി കുടുംബങ്ങളുണ്ട്. മിക്ക വീടുകളിലും കിണിറില്ല. ഉള്ള കിണറുകളിൽ വെള്ളം താഴ്ന്നു. തടയണയിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിരുന്നെങ്കിൽ കിണറുകളിലെ ജലനിരപ്പ് താഴുകയില്ലായിരുന്നു.
കൂടാതെ, ആളുകൾ തുണിയലക്കാനും കുളിക്കാനും ആശ്രയിക്കുന്നതും തടയണയെയാണ്. തടയണയുടെ സംരക്ഷണവും പരിപാലനവും പഞ്ചായത്തിനാണെന്നാണ് ജവിഭവ വകുപ്പ് അധികൃതർ പറയുന്നത്.
പഞ്ചായത്തകട്ടെ ഇത്തവണ ഒരു നടപടിയും സ്വീകരിച്ചില്ല. ഇനിയെങ്കിലും മണ്ണ് നീക്കം ചെയ്ത് വെള്ളം കെട്ടിനിർത്താൻ അധികൃതർ തയാറായില്ലെങ്കിൽ വരൾച്ച നീളുന്നതോടെ ജനങ്ങൾ കടുത്ത ബുദ്ധിമുട്ടിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.