പെൻഷൻ മസ്റ്ററിങ്ങിൽ വ്യാജൻ; സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ പരാതി
text_fieldsകൊല്ലം: സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ അക്ഷയ കേന്ദ്രങ്ങളിലൂടെ പ്രഖ്യാപിച്ച മസ്റ്ററിങ് സ്വകാര്യ സ്ഥാപനങ്ങൾ അനധികൃതമായി നടത്തുന്നതായി പരാതി. അവധി ദിവസങ്ങളിലാണ് അനധികൃത കേന്ദ്രങ്ങളിൽ മസ്റ്റർ ചെയ്യുന്നത്.
ജീവൻ രേഖ സൈറ്റ് ഹാക്ക് ചെയ്തും അക്ഷയ കേന്ദ്രങ്ങളുടെ ഐഡി ദുരുപയോഗം ചെയ്തുമാണ് ഇത്തരം സെന്ററുകൾ മസ്റ്ററിങ് ചെയ്തുനൽകുന്നത്. മൈനാഗപ്പള്ളി, ചക്കുവള്ളി, കാരൂർക്കടവ്, അഞ്ചൽ അറയ്ക്കൽ, തേവലക്കര എന്നീ സ്ഥലങ്ങളിലെ അനധികൃതമായി മസ്റ്ററിങ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെ ജില്ല പ്രോജക്ട് കോഓർഡിനേറ്റർ ജില്ല പൊലീസ് മേധാവിമാർക്ക് പരാതി നൽകി.
സാമൂഹിക സുരക്ഷ പെൻഷനും വിവിധ ക്ഷേമനിധികളിൽ നിന്ന് പെൻഷൻ വാങ്ങുന്നവരും അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് നടത്താൻ സംസ്ഥാന ധനവകുപ്പാണ് ഉത്തരവ് ഇറക്കിയത്. ജൂൺ 30 വരെയാണ് അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് നടത്തുന്നതിന് സമയം അനുവദിച്ചത്.
ആദ്യ ഘട്ടത്തിൽ അക്ഷയ കേന്ദ്രങ്ങളിൽ എത്തിയും തുടർന്ന് വാർഡ് തലത്തിൽ ക്യാമ്പ് നടത്തിയും കിടപ്പ് രോഗികൾക്കും ശാരീരിക അവശത ഉള്ളവർക്കും വീടുകളിലെത്തിയും മസ്റ്ററിങ് നടത്താനാണ് നിർദേശം. മസ്റ്ററിങ്ങിന് 30 രൂപയും വീടുകളിലെത്തി ചെയ്യുന്നതിന് 50 രൂപയുമാണ് ഈടാക്കുന്നത്.
പെൻഷൻ മസ്റ്ററിങ്ങിനായി അക്ഷയ കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും വ്യാജമായി മസ്റ്റർ ചെയ്താൽ പെൻഷൻ അടക്കം നിലക്കുമെന്നും അക്ഷയ ജില്ല ഓഫിസർ ജിതിൻ രാജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.