അപകടം പതിയിരിക്കും കിണറുകൾ
text_fieldsകൊല്ലം: കുണ്ടറ പെരുമ്പുഴയിൽ കിണർ നിർമാണത്തിനിറങ്ങിയ നാല് തൊഴിലാളികൾ ശ്വാസം കിട്ടാതെ പിടഞ്ഞുവീണതിെൻറ നടുക്കത്തിൽനിന്ന് നാടുണർന്നിട്ടില്ല. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ നാലുപേരെയും പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ പോയതിെൻറ തീവ്രദുഖം വിട്ടുമാറുന്നില്ല. രക്ഷാപ്രവർത്തത്തിന് മുന്നിൽനിന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണെങ്കിലും അപകടനില തരണം ചെയ്തു. കിണറ്റിനുള്ളിൽ വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികൾ കുഴഞ്ഞുവീണതെന്നാണ് ഫയർഫോഴ്സിെൻറ നിഗമനം.
കിണർ കുഴിക്കുമ്പോഴും വൃത്തിയാക്കാൻ ഇറങ്ങുമ്പോഴും ഇത്തരത്തിലുള്ള ദുരന്തസംഭവങ്ങൾ അടുത്തിടെയായി വർധിക്കുന്നു. മുന്‍കരുതലുകള്‍ ഇല്ലാതെ കിണറ്റില്‍ ഇറങ്ങുന്നതും അപകട സാധ്യതയെക്കുറിച്ചുള്ള അജ്ഞതയുമാണ് മിക്ക ദുരന്തങ്ങൾക്കും കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
മുൻകരുതലുകളെടുക്കാതെ കിണറ്റിലിറങ്ങുന്നവർ വിഷവാതകം ശ്വസിച്ച് ബോധം നഷ്ടപ്പെടുമ്പോൾ, അവരെ സഹായിക്കാനായി കിണറ്റിലിറങ്ങുന്നവരും അപകടത്തിൽപെടുന്നു. അൽപമൊന്ന് ശ്രദ്ധിച്ചാൽ അപകടം പൂർണമായും ഒഴിവാക്കാനാകുമെന്നാണ് ഫയർഫോഴ്സ് അടക്കമുള്ള രക്ഷാസേനകൾ മുന്നറിയിപ്പ് നൽകുന്നത്.
ഒരു കഷണം കടലാസോ മെഴുകുതിരിയോ കത്തിച്ച് കിണറ്റിലേക്ക് ഇറക്കി നോക്കുക. തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്‌സിജനുണ്ടാവുക. കിണറ്റിനുള്ളിൽ ഓക്‌സിജന്‍ ലഭിക്കാന്‍ വെള്ളം കോരി കിണറ്റിലേക്ക് പലതവണ ഒഴിക്കുകയോ മരച്ചില്ലകൾ പലതവണ മുകളിലേക്കും താഴേക്കും ഇറക്കുകയും കയറ്റുകയും വേണം.
വടം ഉപയോഗിച്ചുവേണം കിണറ്റില്‍ ഇറങ്ങേണ്ടത്. ഇറങ്ങുന്ന ആളിെൻറ അരയില്‍, മുകളിലേക്ക് എളുപ്പത്തില്‍ കയറ്റാന്‍ കഴിയുന്ന കയര്‍ ബന്ധിപ്പിച്ചിട്ടുണ്ടാകണം. ശ്വസനോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമാണ്. കിണറ്റില്‍ ആള്‍ കുഴഞ്ഞുവീണാല്‍ മുകളില്‍നിന്ന് തുടര്‍ച്ചയായി വെള്ളം തളിച്ചുകൊടുക്കണം. വായുസഞ്ചാരം വര്‍ധിപ്പിക്കാനാണിത്. കിണറ്റില്‍ ഇറങ്ങുന്നതിനു മുമ്പ് സമീപത്തെ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഈ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത്. ആഴം കൂടിയ കിണറുകളിലും ചതുപ്പുനിലങ്ങളിലെ കിണറുകളിലും രൂപപ്പെടുന്ന വിഷവാതകങ്ങളായ കാർബൺ മോണോക്സൈഡ്, കാർബൺഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈറ്റ്, മീഥൈൻ എന്നിവയുടെ സാന്നിധ്യം അപകടം സൃഷ്ടിക്കും. അശാസ്ത്രീയമായ കിണർനിർമാണവും വിദഗ്ധ തൊഴിലാളികളുടെ ലഭ്യതക്കുറവും അപകടത്തിെൻറ തീവ്രത വർധിപ്പിക്കും.
മോട്ടോർ വെച്ചതോടെ ശുദ്ധവായു ഇല്ലാതായി
കൊല്ലം: കയറും തൊട്ടിയും ഉപയോഗിച്ച് വെള്ളം കോരുന്നതിനുപകരം മോട്ടോറുകള്‍ സ്ഥാപിച്ച് ജലം പമ്പുചെയ്യാന്‍ തുടങ്ങിയതോടെയാണ് കിണറുകള്‍ക്കുള്ളില്‍ ശുദ്ധവായുവിനുപകരം വിഷവാതകം നിറയാന്‍ തുടങ്ങിയതെന്ന് വിദഗ്ധർ പറയുന്നു. വെള്ളം കോരുന്ന കിണറ്റില്‍ തൊട്ടി മുകളിലേക്കും താഴേക്കും ചലിക്കുന്നതിനാല്‍ വായുസഞ്ചാരം സ്ഥിരമായി നിലനില്‍ക്കുകയും ഓക്‌സിജൻ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. ഒരു ചലനവുമില്ലാത്ത കിണറ്റില്‍ ഭൂമിക്കടിയില്‍നിന്ന് ഉണ്ടാകുന്ന വിഷവാതകങ്ങള്‍ പുറത്തുപോകാതെ ഉള്ളിൽ തന്നെ തങ്ങിനില്‍ക്കും. കിണറ്റിൽ ഇറങ്ങുന്നതിനുമുമ്പായി ഓക്‌സിജന്‍ സാന്നിധ്യം ഉറപ്പാക്കിയില്ലെങ്കില്‍ അപകടം ഉറപ്പാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തരം മോട്ടോറുകള്‍ ഉപയോഗിക്കുന്ന കിണറുകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന് സാധ്യത കൂടുതലാണെന്നാണ് വിദഗ്ധ അഭിപ്രായം. ഇത്തരം കിണറുകളില്‍ പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വിഷവാതകമുണ്ടോ എന്ന് തിരിച്ചറിയാൻ മെഴുകുതിരിയോ കടലാസോ കത്തിച്ച് കിണറ്റിലിട്ട് ഓക്സിജൻ കുറയുന്നുണ്ടോയെന്ന് നോക്കാം
- പരമ്പരാഗതരീതിയിൽ നടത്തുന്ന പച്ചിലതൂപ്പ് കെട്ടിയിറക്കൽ വഴി കിണറ്റിലെ വിഷവാതകത്തിൻറ അളവ് കുറക്കാനാകും
- ഓക്‌സിജന്‍ ലഭിക്കാന്‍ വെള്ളം കോരി കിണറ്റിലേക്ക് പലതവണ ഒഴിക്കുകയോ മരച്ചില്ലകൾ പലതവണ മുകളിലേക്കും താഴേക്കും ഇറക്കുകയും കയറ്റുകയും വേണം.
- കിണറ്റിലിറങ്ങുന്നയാൾ സേഫ്റ്റി ബെൽറ്റ്, വടം എന്നിവ നിർബന്ധമായും ഉപയോഗിക്കണം
- മണ്ണെണ്ണ മോട്ടോറുകൾ കിണറ്റിലിറക്കി ഉപയോഗിക്കരുത്
- വളരെ സാവകാശം മാത്രം കിണറ്റിലിറങ്ങുക
- കിണറ്റിൽ ഇറങ്ങും മുമ്പ് സമീപത്തെ ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കണം
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.