ഗാന്ധി വധത്തിന് 75 ആണ്ട്
text_fields1925ൽ ഗാന്ധിജിയുടെ സ്വരം മുഴങ്ങിയ പീരങ്കി മൈതാനം
കൊല്ലം: പീരങ്കി മൈതാനത്തിന്റെ ചരിത്ര സ്മരണകളിൽ രണ്ട് തവണയാണ് ഗാന്ധിജിയുടെ സ്വരം നിറഞ്ഞുനിൽക്കുന്നത്. കൊല്ലത്തേക്കുള്ള ആദ്യ സന്ദർശനത്തിൽ, 1925 മാർച്ച് 12ന് ആണ് ആദ്യമായി പീരങ്കി മൈതാനം നിറഞ്ഞെത്തിയ സദസ്സിനെ ഗാന്ധിജി അഭിസംബോധന ചെയ്തത്. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായതിന് ശേഷം ആലപ്പുഴയിൽ നിന്ന് ബോട്ട്മാർഗം കൊല്ലത്ത് എത്തുകയായിരുന്നു. 12ന് രാവിലെ കൊല്ലം ബോട്ടുജെട്ടിയിൽ നിന്ന് മുനിസിപ്പൽ ചെയർമാനും പൗരപ്രമുഖരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പീരങ്കി മൈതാനത്തെ പൊതുസമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ ബാരിസ്റ്റർ എം.ആർ. പത്മനാഭപിള്ളയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കൊല്ലം പൗരാവലിയുടെ മംഗളപത്രവും ഗാന്ധിജിക്ക് സമർപ്പിച്ചു. വൈക്കം സത്യഗ്രഹത്തെ പരാമർശിച്ച്, കേരളസമൂഹത്തെ ബാധിച്ചിരിക്കുന്ന ജാതിപ്പിശാചിനെതിരെ നിശിതമായ നിലപാടാണ് ഗാന്ധിജിയുടെ പ്രസംഗത്തിൽ നിറഞ്ഞത്. സത്യഗ്രഹം എന്ന സമരമാർഗത്തെ ലോകത്തെ ഒരു ശക്തിക്കും തകർക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഗാന്ധിജി, കൊല്ലത്തെ സ്ത്രീകളുടെ ശുഭ്രവസ്ത്രധാരണത്തെയും പ്രകീർത്തിച്ചു. എന്നാൽ, ആ ശുഭ്രവസ്ത്രം ഖാദി അല്ല എന്നതിൽ നിരാശയും പങ്കുെവച്ചു.
1934 ജനുവരി 20ന് പന്മന ആശ്രമത്തിലെ സന്ദർശനം കഴിഞ്ഞ് കൊല്ലത്ത് എത്തിയപ്പോഴും പീരങ്കി മൈതാനത്തെ സമ്മേളനവേദിയിലാണ് തിങ്ങിക്കൂടിയ ജനക്കൂട്ടം ഗാന്ധിജിയെകേട്ടത്. വളരെ ചെറിയ പ്രസംഗത്തിൽ ഹിന്ദുമതത്തിലെ അനാചാരങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.
1934ൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ പന്മന
ചവറ: മഹാത്മജിക്ക് ആതിഥ്യമരുളിയ ചട്ടമ്പിസ്വാമിയുടെ സമാധി മന്ദിരമായ പന്മന ആശ്രമം സ്നേഹ സ്മാരകമായി ഇന്നും തല ഉയർത്തി നില്ക്കുകയാണ്. 1934 ജനുവരി 19 ന് ആണ് പന്മന ആശ്രമത്തിൽ അദ്ദേഹം എത്തുന്നത്. സമൂഹത്തിൽ അക്കാലത്ത് നിലനിന്നിരുന്ന അസമത്വങ്ങൾക്കെതിരെ ഹരിജൻ ഫണ്ട് ശേഖരണത്തിനായി പന്മന ആശ്രമ സ്ഥാപകൻ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ അപേക്ഷ മാനിച്ചാണ് ഗാന്ധിജി പന്മനയിൽ എത്തിയത്. ദേശീയപാതയില് ഇടപ്പള്ളിക്കോട്ട മുതൽ പന്മന വരെ റോഡിന്റെ ഇരുവശങ്ങളിലും അലങ്കാര വിളക്കുകളുടെ അകമ്പടിയോടെയാണ് ജനങ്ങൾ മഹാത്മജിയെ വരവേറ്റത്.
ഗാന്ധിജിക്ക് താമസിക്കാനും വായിക്കാനുമായി ആശ്രമത്തോട് ചേർന്ന് ഓലപ്പുര നിർമിച്ചു. രണ്ടു ദിവസം ആശ്രമത്തിലെ ഓലപ്പുരയില് താമസിച്ച ഗാന്ധിജി പ്രാർഥന നടത്തുകയും ആശ്രമത്തിന് സമീപം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയും ചെയ്തു. തടിച്ചുകൂടിയ വൻ ജനാവലിയെ അരമണിക്കൂറോളം അഭിസംബോധന ചെയ്ത് സംസാരിച്ച ഗാന്ധിജി, അനാവശ്യ ചെലവുകൾ ഒഴിവാക്കി സമൂഹത്തിൽ അസമത്വം അനുഭവിക്കുന്നവരെ മുഖ്യധാരയിലെത്തിക്കണമെന്നും രാജ്യത്തിന്റെ മോചനത്തിനായി ആത്മധൈര്യത്തോടെ പ്രവർത്തിക്കാനും ആഹ്വാനം ചെയ്തു.
തിരുവിതാംകൂറിൽ അയിത്തോച്ചാടന സമരത്തിന് വേദിയായ സമാധി മന്ദിരത്തിന് മുൻവശത്തെ പ്ലാക്കാട്ടുകുളത്തോടിനോട് ചേർന്നുള്ള പാതയിലൂടെയാണ് അന്ന് ഗാന്ധിജി കടന്നുപോയത്. പാതക്ക് പിന്നീട് മഹാത്മാഗാന്ധി റോഡ് എന്ന് പേരിട്ടു. ഗാന്ധിജിയുടെ സന്ദർശനത്തിന്റെ സ്മരണക്കായി മീര ബെൻ നട്ട വേപ്പിൻ മരവും ഗാന്ധിജി താമസിച്ച സ്ഥലവും സ്മാരകമായി ഇന്നും സംരക്ഷിച്ചുവരുന്നു.
ഉളിയക്കോവിൽ റൈറ്ററുടെ വീടും ഗാന്ധി കിണറും
1934 ജനുവരി 20ന് പന്മന ആശ്രമ സന്ദർശനത്തിനുശേഷം കൊല്ലം നഗരത്തിലെത്തിയ ഗാന്ധിജി വിശ്രമിച്ചത് ഉളിയക്കോവിലിൽ റൈറ്റർ പത്മനാഭപണിക്കരുടെ വസതിയിലാണ്. ഇവിടെ പൊതുയോഗത്തിൽ സംസാരിക്കുകയും ചെയ്തു. ആ യോഗമാണ് ഉളിയക്കോവിലിൽ ഹരിജനങ്ങളുടെ കോളനിയിൽ കിണർ കുഴിക്കുന്നതിലേക്ക് നയിച്ചത്.
ഹരിജനങ്ങൾ നേരിടുന്ന കുടിവെള്ളപ്രശ്നം ശ്രദ്ധയിൽപെട്ട ഗാന്ധിജി കിണർ കുഴിക്കാൻ നേതൃത്വം നൽകുകയായിരുന്നു. ഗാന്ധിജിയുടെ കൈ കൊണ്ട് പിറവിയെടുത്ത ആ കിണർ ഗാന്ധികിണർ എന്നാണ് അറിയപ്പെടുന്നത്.
ചരിത്രത്തിന്റെ ഉജ്ജ്വലമായ ഓർമപ്പെടുത്തലായി ഉളിയക്കോവിൽ അമ്പലത്തിന് സമീപത്തായി ഇന്നും ആ കിണറുണ്ട്. പഴയ കൽക്കെട്ട് കിണർ സംരക്ഷണമില്ലാതെ നശിച്ചപ്പോൾ പ്രതിഷേധമുയർന്നതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തി പുതിയ ‘കോൺക്രീറ്റ് ഉറക്കിണർ’ ആക്കിയാണെങ്കിലും കോർപറേഷൻ സംരക്ഷിക്കുന്നുണ്ട്.
1937ൽ നവോത്ഥാനത്തിന്റെ സുവർണ ഏടായി തൃക്കണ്ണമംഗൽ ക്ഷേത്ര ദർശനം
കൊട്ടാരക്കര: തൃക്കണ്ണമംഗലിൽ 1937 ജനുവരി 21 രാവിലെയായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശനം. തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് 1936 ൽ അവർണർക്കായി ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ചു. നട തുറക്കലിന്റെ ഉദ്ഘാടനം താൻ തന്നെ നിർവഹിക്കാമെന്ന് മഹാത്മജി സമ്മതിച്ചു.
കടലാമനക്കൽ മൂർത്തി നാരായണൻ നമ്പൂതിരിപ്പാടിന്റെ 18 ക്ഷേത്രങ്ങളിൽ മുഖ്യമായ തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സന്ദർശന ദിവസം രാവിലെ എട്ടിന് ഗാന്ധിജി വന്ന ട്രെയിൻ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. മഹാത്മാ ഗാന്ധി കീ ജയ് മുദ്രാവാക്യമുയർത്തി നാട് അദ്ദേഹത്തെ സ്വീകരിച്ചു. കാറിൽ ഗാന്ധിജി ടി.ബിയിലേക്ക് (െഗസ്റ്റ് ഹൗസ്) യാത്രയായി. പ്രഭാത ഭക്ഷണവും വിശ്രമവും കഴിഞ്ഞ് ടി.ബി ജങ്ഷനിൽനിന്ന് ഒരു കിലോമീറ്റർ കാൽനടയായാണ് ഗാന്ധിജി ക്ഷേത്ര സന്നിധിയിലെത്തിച്ചേർന്നത്. ക്ഷേത്രം അവർണർക്കായി തുറന്ന് ഉദ്ഘാടനം നടത്തി. ശേഷം ക്ഷേത്രമുറ്റത്ത് തെക്ക് -കിഴക്കേ കോണിൽ സജ്ജീകരിച്ചിരുന്ന വേദിയിൽ മഹാത്മാ ഗാന്ധി കയറി. ഇംഗ്ലീഷ് പ്രസംഗം ദ്വിഭാഷി മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്തു. അവർണർക്കായി തന്റെ ക്ഷേത്രങ്ങളെല്ലാം തുറന്നുകൊടുക്കാൻ ധീരത കാട്ടിയ നമ്പൂതിരിപ്പാടിനേയും ക്ഷേത്ര പ്രവേശന വിളംബരത്തിന് തുല്യം ചാർത്തിയ മഹാരാജാവിനേയും ഗാന്ധിജി പ്രസംഗത്തിലുടനീളം പ്രശംസിച്ചു.
യോഗത്തിനുശേഷം ടി.ബിയിലേക്ക് മടങ്ങി വിശ്രമിച്ചു. വൈകീട്ട് കൊട്ടാരക്കര ഗവ. ഇംഗ്ലീഷ് ഹൈസ്കൂൾ കോമ്പൗണ്ടിൽ ചേർന്ന പൗര മഹായോഗത്തിലും ഗാന്ധിജി പ്രസംഗിച്ചു. മടക്ക യാത്രയിൽ രാജകുടുംബത്തെ സന്ദർശിച്ച ശേഷമാണ് ഗാന്ധിജി തിരുവിതാംകൂർ വിട്ടത്. തൃക്കണ്ണമംഗൽ ക്ഷേത്ര പരിസരത്തുനിന്ന് 500 മീറ്റർ അകലെ ഗന്ധിജി എത്തിയ ജങ്ഷൻ ഇന്ന് ഗാന്ധി മുക്ക് എന്നാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.