നെബിൻ എവിടെപ്പോയി..., ദുരൂഹതയിൽ മുങ്ങി തിരോധാനം
text_fieldsഇരവിപുരം: കടലിൽ വീണോ, മറ്റെന്തെങ്കിലും സംഭവിച്ചോ എന്ന് പോലും അറിയാനാകാതെ കാണാതായ മകന് വേണ്ടി കണ്ണീർകടലിൽ മാതാപിതാക്കളുടെ കാത്തിരിപ്പ് തുടരുന്നു. കാണാതാകുമ്പോൾ മകനൊടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ വ്യത്യസ്തമായ വെളിപ്പെടുത്തലുകളിൽ കുരുങ്ങി സംഭവം ദുരൂഹതയിൽ മുങ്ങുന്നത് ഇവരുടെ വേദന ഇരട്ടിപ്പിക്കുകയാണ്.
വാളത്തുംഗൽ സഹൃദയ ക്ലബ്ബിന് സമീപം മഹാദേവാ നഗർ 94 കാവിൽ വീട്ടിൽ നെൽസൻ - ബിന്ദു ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനായ കണ്ണൻ എന്നു വിളിക്കുന്ന നെബിൻ (15) നെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ കാണാതായത്. കൂട്ടുകാരൊടൊപ്പം വീട്ടിൽ നിന്ന് പോയ നെബിനെ പിന്നീട് കാണാതാകുകയായിരുന്നു.
അന്നേ ദിവസം വൈകീട്ട് നാലിന് ശേഷം നെബിനോടൊപ്പം പോയ കൂട്ടുകാർ വീട്ടിലെത്തി പ്രാവിന് തീറ്റ കൊടുത്തിരുന്നു. വീട്ടുകാർ തിരക്കിയപ്പോൾ രാവിലെ പതിനൊന്നിന് ശേഷം തങ്ങൾ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്.
രാത്രിയായിട്ടും നെബിൻ തിരിച്ചെത്താത്തതിനെ തുടർന്ന് ഇരവിപുരം പൊലീസിൽ പരാതി നൽകുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. നെബിനൊടൊപ്പം കടലിൽ കുളിക്കാൻ പോയെന്നു പിന്നീട് വെളിപ്പെടുത്തിയ കൂട്ടുകാർ അപ്പോഴും വിവരം പറയാൻ തയാറാകാതെ ബന്ധുവീടുകളിലും മറ്റുമുള്ള തെരച്ചിലിൽ കുടുംബത്തിനൊപ്പം പങ്കുചേർന്നു. ശനിയാഴ്ച രാത്രിയോടെയാണ് പി.എം.ആർ ഭാഗത്ത് സൈക്കിളും, വസ്ത്രവും കണ്ടെത്തിയത്. തുടർന്ന് ഞായറാഴ്ച സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ മൂന്നു പേർ കടലിൽ കുളിക്കാൻ പോയെന്നും നെബിൻ തിരയിൽപ്പെട്ടെന്നും പറയുന്നത്. തുടർന്നാണ് മത്സ്യതൊഴിലാളികളും, കോസ്റ്റൽ പൊലീസും കടലിൽ തിരച്ചിൽ നടത്തിയത്.
കടലിൽ 12 മാറകലെ ഒരു മൃതദേഹം കണ്ടതായി ചില മത്സ്യതൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് വാടിയിൽ നിന്ന് കുടുംബം സ്വന്തം പണം മുടക്കി മത്സ്യതൊഴിലാളികളുമായി പോയി തെരച്ചിൽ നടത്തിയിരുന്നു. പിന്നിട് അഞ്ചുതെങ്ങ് ഭാഗത്ത് കടലിൽ മൃതദേഹം കണ്ടെന്ന് അറിഞ്ഞും പതിനായിരത്തോളം രൂപ മുടക്കി വള്ളത്തിൽ അവിടെ പോയി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ ഇരവിപുരം പൊലീസ് കൂട്ടുകാരെ വീണ്ടും ചോദ്യം ചെയ്തപ്പോൾ നെബിൻ ഉൾപ്പടെ ഒമ്പതുപേർ സംഘത്തിൽ ഉണ്ടായിരുന്നെന്നാണ് പറഞ്ഞത്. ഈ വെളിപ്പെടുത്തലാണ് ഇപ്പോൾ ദുരുഹതക്ക് കാരണമാക്കിയിട്ടുള്ളത്. സംഘത്തിലെ നാലു പേർ താന്നിയിലുള്ളവരും മറ്റുള്ളവർ നെബിന്റെ വീടിന്റെ പരിസരത്തുള്ളവരുമാണ്.
കടലിൽ കാണാതായെങ്കിൽ എന്തു കൊണ്ട് സംഭവം നടന്ന ദിവസം വിവരം വെളിപ്പെടുത്താതെ തെരച്ചിലിന് ഒപ്പം ചേർന്നതെന്ന് കുടുംബം ചോദിക്കുന്നു. ആദ്യം മൂന്നു പേരാണ് ഒപ്പം ഉണ്ടായിരുന്നതെന്ന് പറഞ്ഞത് ഒമ്പതായതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് പിതാവ് നെൽസന്റെ ആവശ്യം.
മകൻ ഒരിക്കലും കടലിൽ കുളിക്കാൻ പോകില്ലെന്നും അപായപ്പെടുത്തിയതാണോ എന്ന സംശയമുണ്ടെന്നും പിതാവ് പറയുന്നു. സംഭവത്തിന് ശേഷം അസുഖബാധിതയായ മാതാവ് കിടപ്പിലാണ്. വ്യാഴാഴ്ച ഇവരെ മയ്യനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.