ശക്തമായ കാറ്റിൽ പരക്കെ നാശം; ജില്ലയിൽ റെഡ് അലർട്ട്
text_fieldsകൊല്ലം: ജില്ലയിൽ കനത്തമഴയുടെ ഭീതിവിതച്ച് റെഡ് അലർട്ട്. ചൊവ്വാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെ ജില്ലയിലുടനീളം വീശിയടിച്ച കനത്ത കാറ്റിൽ പരക്കെ നാശനഷ്ടമുണ്ടായി. കൊല്ലം നഗരം, ചാത്തന്നൂർ, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂർ, ചവറ, കുണ്ടറ, ഓച്ചിറ, ഓയൂർ എന്നിങ്ങനെ ജില്ലയിലുടനീളം ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും മരംവീണ് വീടുകൾക്കും കെട്ടിടങ്ങൾക്കും ഭാഗിക കേടുപാടുണ്ടായി. വൈദ്യുതിലൈനുകൾ പൊട്ടിയതിനെതുടർന്ന് മിക്കയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. മത്സ്യബന്ധന ബോട്ടുകൾ കൊല്ലം തീരത്ത് അടുപ്പിച്ചു. ശക്തമായ കാറ്റും മഴയും കാരണം ബാർജിന്റെ ഹാങ്ങർ പൊട്ടി കൊല്ലം പോർട്ടിലെ ലേലഹാളിന്റെ സമീപ തീരത്തേക്ക് അടുത്തു.
അഴീക്കലിൽ രണ്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. തൊഴിലാളികളെ മറ്റുവള്ളക്കാർ രക്ഷപ്പെടുത്തി. മേവറത്ത് ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്ന പോസ്റ്റ് കാറ്റിൽ കടപുഴകി വീണു. സംഭവസമയം റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
സിഗ്നൽ പോസ്റ്റ് തകർന്നുവീണതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഏറെ നേരം ശ്രമം നടത്തി ക്രെയിൻ ഉപയോഗിച്ച് സിഗ്നൽ പോസ്റ്റ് റോഡിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു.
റെഡ് അലർട്ടിന്റെ സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത തുടരണമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഒമ്പതു വരെ മത്സ്യബന്ധനം നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.