ഡ്രൈഡേയിൽ കൊല്ലത്ത് വ്യാപക പരിശോധന, 17 പേർ അറസ്റ്റിൽ
text_fieldsകൊല്ലം: എക്സൈസ് ജില്ലയിൽ നടത്തിയ പ്രത്യേക ഡ്രൈഡേ പരിശോധനയിൽ വ്യാപകനടപടി. വിദേശമദ്യം വിൽപന നടത്തിയ ആളടക്കം 17 പേരെ അറസ്റ്റ് ചെയ്തു. 20 കേസുകൾ രജിസ്റ്റർ ചെയ്തു. ഒരു കഞ്ചാവ് ചെടി, 68.745 ലിറ്റർ വിദേശ മദ്യം , 100 ലിറ്റർ കോട, ഒരു ബൈക്ക്, 51.265 കിലോ പാൻ മസാല എന്നിവയാണ് പിടികൂടിയത്.
കൊല്ലം റേഞ്ച് ഓഫിസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബി. സന്തോഷിന്റെ നേതൃത്വത്തിൽ കേരളപുരം ഭാഗത്തു നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ ഇളമ്പള്ളൂർ സ്വദേശി മുരളീധരൻ പിള്ളയെ (68) അറസ്റ്റ് ചെയ്തു. 1.3 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. കൊല്ലം റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ ടി. രാജുവിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ ഭാഗത്തു നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വിൽപന നടത്തിയ കിളികൊല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ (68) അറസ്റ്റിലായി. 4.5 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. ശക്തികുളങ്ങര അരവിള ഭാഗത്തു നടത്തിയ പരിശോധനയിൽ 213 സെന്റിമീറ്റർ നീളവും 47 ശിഖരങ്ങളുമുള്ള കഞ്ചാവ് ചെടി കണ്ടെത്തി.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ പ്രിവന്റിവ് ഓഫിസർ പ്രസാദിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി, തഴവ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ കുറ്റത്തിന് തഴവ പ്രിയ ഭവനത്തിൽ മോഹനൻ (60) അറസ്റ്റിലായി. 5.7 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു.
എഴുകോൺ റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ എൻ. ബിജു വെളിയം ഭാഗത്തു നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വിൽപന നടത്തിയ വെളിയം പടിഞ്ഞാറ്റിൻകര ഉണ്ണിക്കൃഷ്ണപിള്ള (54)യെഅറസ്റ്റ് ചെയ്തു. 8.250 ലിറ്റർ വിദേശ മദ്യം കണ്ടെടുത്തു.
പുനലൂർ എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസർ കെ.പി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അഷ്ടമംഗലം ഭാഗത്തു നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ ഹരി (50)ക്കെതിരെ കേസെടുത്തു. ആറ് ലിറ്റർ വിദേശ മദ്യവും 500 രൂപയും കണ്ടെടുത്തു. സർക്കിൾ ഇൻപെക്ടർ സുദേവന്റെ നേതൃത്വത്തിൽ ഇടമൺ ഭാഗത്തു നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ ഇടമൺ കല്ലുപറമ്പിൽ വീട്ടിൽ രാജുവിനെ (65) അറസ്റ്റ് ചെയ്തു. 1.5 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു.
കൊട്ടാരക്കര റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ ഷഹലുദ്ദീന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഭാഗത്തു നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ തലവൂർ പാണ്ടിത്തിട്ട മുരളീധരൻ നായരെ(62) അറസ്റ്റ് ചെയ്തു. 5.5ലിറ്റർ വിദേശമദ്യവും 1000 രൂപയും കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഭാഗത്തു നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ കോട കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി എലിക്കുളം ജോസ് (69) എന്നയാളെ അറസ്റ്റ് ചെയ്തു.
100 ലിറ്റർ കോട കണ്ടെടുത്തു. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഓഫിസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബേബി ജോൺ പുത്തൂർ ഭാഗത്തു നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ ശിവപ്രസാദിനെ (56) പ്രതിയാക്കി. 600 മി.ലി വിദേശ മദ്യം കണ്ടെടുത്തു. പത്തനാപുരം എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ലതീഷ് കുമാറിന്റെ നേതൃത്വത്തിൽ കല്ലൂർക്കോണം ഭാഗത്തു നടത്തിയ പരിശോധനയിൽ വിൽപനക്കായി മദ്യം ശേഖരിച്ചു വെച്ച വിളക്കുടി ജസ്ന മൻസിലിൽ നിസാമുദ്ദീനെ (49) അറസ്റ്റ് ചെയ്തു. അഞ്ച് ലിറ്റർ വിദേശ മദ്യം കണ്ടെടുത്തു. ചടയമംഗലം റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ ഷാനവാസിന്റെ നേതൃത്വത്തിൽ മാങ്കോട് ഭാഗത്തു നടത്തിയ പരിശോധനയിൽ വിദേശമദ്യം വിൽപന നടത്തിയ കടയ്ക്കൽ മണാലി കൃഷ്ണദാസിനെ (33) പ്രതിയാക്കി. നാല് ലിറ്റർ വിദേശമദ്യവും മദ്യ വിൽപനക്ക് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം. അൻവറിന്റെ നേതൃത്വത്തിൽ കല്ലട കോതപുരം ഭാഗത്തു നടത്തിയ പരിശോധനയിൽ മദ്യവിൽപന നടത്തിയ കുന്നത്തൂർ പടിഞ്ഞാറേ കല്ലട കോതപുരം പ്ലാവിളയിൽ വീട്ടിൽ പ്രിജിയെ (39) അറസ്റ്റ് ചെയ്ത് 4.800 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ എ. അജിത് കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ഭാഗത്തു നടത്തിയ പരിശോധനയിൽ വിൽപനക്കായി മദ്യം ശേഖരിച്ചു വെച്ച കുറ്റത്തിന് അയണിവേലിക്കുളങ്ങര ശിവം വീട്ടിൽ ഷാജിയെ (46) പ്രതിയാക്കി. എട്ട് ലിറ്റർ വിദേശ മദ്യം കണ്ടെടുത്തു. കരുനാഗപ്പള്ളി റേഞ്ച് ഓഫിസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിജിലാലിന്റെ നേതൃത്വത്തിൽ കല്ലേലിഭാഗത്തു നടത്തിയ പരിശോധനയിൽ വിദേശമദ്യം വിൽപന നടത്തിയ കല്ലേലിഭാഗം വിശാഖ് ഭവനത്തിൽ രാജീവൻ(56) അറസ്റ്റിലായി. 900 മി.ലി വിദേശ മദ്യം കണ്ടെടുത്തു.
മദ്യം, മയക്കു മരുന്ന് എന്നിവ കണ്ടെത്താൻ ശക്തമായ റെയ്ഡ് തുടരുമെന്ന് അസിസ്റ്റൻറ് എക്സൈസ് കമീഷണർ വി. റോബർട്ട് അറിയിച്ചു. ഓണക്കാലമായതിനാൽ വിവിധ വകുപ്പുകളുമായി ചേർന്ന് പ്രത്യേക റെയ്ഡുകൾ ഉണ്ടാകുമെന്നും, പരാതികൾ ജില്ല കൺട്രോൾ റൂം നമ്പറായ 0474 2745648, ടോൾ ഫ്രീ നമ്പറായ 355358 എന്നിവയിൽ അറിയിക്കാമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. പ്രദീപ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.