വന്യമൃഗശല്യം: കാനനപാതയിൽ സൂചന ബോർഡുകൾ സ്ഥാപിച്ചു
text_fieldsപത്തനാപുരം: വന്യമൃഗശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അലിമുക്ക് അച്ചന്‍കോവില്‍ കാനനപാതയില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി. വനംവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ആനത്താരകളില്‍ കാട്ടാനക്കൂട്ടത്തിന്റെ ചിത്രം ഉള്‍പ്പെടുന്ന ബോര്‍ഡുകളാണ് െവച്ചത്.
പുറമെ, നിബിഡമായ വനമേഖലയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുമുണ്ട്. പാതയില്‍ രാത്രികാലസഞ്ചാരം പാടില്ലെന്നും വഴിയരികില്‍ വാഹനങ്ങള്‍ നിർത്തരുതെന്നുമുള്ള അറിയിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ടും രാവിലെയും അച്ചന്‍കോവില്‍ ആറ്റിലേക്ക് ഇറങ്ങുന്നതിനും ആളുകള്‍ക്ക് നിയന്ത്രണമുണ്ട്.
മൂന്ന് മാസമായി പാതയില്‍ നിരന്തരം വന്യമൃഗശല്യം രൂക്ഷമാണ്. അച്ചന്‍കോവില്‍ ആറിന് തീരത്ത് പാതയിലൂടെ നടന്നുപോയ കാല്‍നടയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നതാണ് അവസാന സംഭവം. കാനനപാതയില്‍ സ്ഥിരമായി ആനകള്‍ കൂട്ടത്തോടെ എത്താറുണ്ട്. കൂടാതെ പന്നി, മ്ലാവ്, കാട്ടുപോത്ത്, പുലി, കടുവ എന്നിവ യാത്രിക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. വന്യമൃഗങ്ങളെ കണ്ട് ഭയന്ന് വാഹനാപകടങ്ങളും പതിവായിരുന്നു.
ഇതോടെയാണ് പാതയിലെ വാഹനഗതാഗതത്തിനടക്കം നിയന്ത്രണങ്ങള്‍ വനംവകുപ്പ് സ്വീകരിച്ചത്. കൂടുതല്‍ മേഖലകളില്‍ അപായസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും അനധികൃതമായി കാടിനുള്ളിലേക്ക് പ്രവേശിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.