ഇനിയെങ്കിലും അഷ്ടമുടി മാലിന്യമുക്തമാകുമോ?
text_fieldsകൊല്ലം: ജില്ലയുടെ അഴകും അഭിമാനവുമായ അഷ്ടമുടിക്ക് മാലിന്യത്തിൽനിന്നുള്ള ശാപമോക്ഷത്തിനായും ബജറ്റിൽ വകയിരുത്തലുണ്ട്. മാലിന്യം നിറഞ്ഞൊഴുകുന്ന അഷ്ടമുടി കായൽ വൃത്തിയാക്കലിനും സംരക്ഷണത്തിനുമായി പ്രാദേശികതലത്തിൽ നടക്കുന്ന പദ്ധതികൾക്ക് ഊർജം പകരുന്നതിന് 20 കോടിയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
വേമ്പനാട് കായൽ ശുചീകരണത്തിനും ഈ തുകയിൽനിന്ന് നൽകുമെങ്കിലും അഷ്ടമുടിക്കായി നടക്കുന്ന ശുചീകരണ പദ്ധതികൾക്ക് വലിയ മുതൽക്കൂട്ടാകും സർക്കാർ സഹായം. നവകേരള കർമ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചക്കായാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് കൊല്ലം കോർപറേഷനും വിവിധ പഞ്ചായത്തുകളും ചേർന്ന് അഷ്ടമുടി ശുചീകരണത്തിനും സംരക്ഷണത്തിനും പദ്ധതികൾ ആരംഭിച്ചിരുന്നു. എന്നാൽ, ഒരുഘട്ടത്തിനപ്പുറം മുന്നേറിയിട്ടില്ല. കായൽ വൃത്തിയാക്കുന്നതിന് വൻ വിലകൊടുത്ത് ഉപകരണം എത്തിക്കുന്നതിന് ഉൾപ്പെടെ ചെലവുകൾ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയായിരുന്നു. സർക്കാർ സഹായം എത്തുന്നതോടെ പദ്ധതിക്ക് വേഗമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഡാമുകളിലും പുഴകളിലും കായലുകളിലും അടിഞ്ഞിരിക്കുന്ന മണൽ വാരുന്നതിന് യന്ത്രോപകരണങ്ങൾ വാങ്ങാൻ 10 കോടി അനുവദിക്കുന്നത് കല്ലട ഡാമിനും ജില്ലയിലെ മറ്റ് ജലാശയങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന പ്രഖ്യാപനമാണ്. ശാസ്താംകോട്ട കായൽ ശുചീകരണത്തിനും സംരക്ഷണത്തിനും ഒരു കോടി അനുവദിക്കുന്നതും ജില്ലക്ക് ആഹ്ലാദംപകരുന്ന പദ്ധതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.