സ്വകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
text_fieldsകിളികൊല്ലൂർ: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പിടിയിൽ. പൂയപ്പള്ളി മൈലോട് സരള വിലാസത്തിൽ ബീനമോൾ (44) ആണ് പിടിയിലായത്. മങ്ങാട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന ദമ്പതികളെയാണ് യുവതി തട്ടിപ്പിനിരയാക്കിയത്.
സ്വർണം പണയം വെക്കാൻ ദമ്പതികളുടെ സ്ഥാപനത്തിൽ എത്തിയ ബീന ഇവരുമായി വേഗം സൗഹൃദം സ്ഥാപിച്ചു. പിന്നീട്, വയോധികരായ ദമ്പതികളെ പരിചരിക്കാൻ എന്ന വ്യാജേന സമീപിക്കുകയും ഇവരുടെ വിശ്വാസം നേടിയെടുത്തശേഷം ദമ്പതികളുടെ സ്ഥാപനത്തിൽ വിജിലൻസ് റെയ്ഡിനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞു വിശ്വാസിപ്പിച്ചു. തുടർന്നാണ് പണവും രേഖകളും ഇവർ കടത്തിയത്. ദമ്പതികളുടെ മകൾക്ക് വിവാഹലോചന കൊണ്ടുവരാമെന്ന വ്യാജേനയും ഇവർ വൻ തുക തട്ടിയെടുത്തിരുന്നു. പണം കൈക്കലാക്കിയശേഷം ഇവർ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.
പിന്നീട് ബീനയെക്കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ദമ്പതികൾ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് ബീനയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ഇവർ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. തുടർന്ന് ഒളിവിൽ കഴിഞ്ഞ പ്രതി ചിന്നക്കട കെ.എസ്.എഫ്.ഇ ശാഖയിൽ എത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പിടിയിലായത്. സമാനകുറ്റത്തിന് ഇവർക്കെതിരെ അഞ്ചാലുംമൂട് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ. വി സ്വാതി, എ.എസ്.ഐമാരായ സന്തോഷ് കുമാർ ആർ, കാൻ സജീല, സി.ജി.സി.പിമാരായ പ്രശാന്ത് സാജൻ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.