അഴലാഴത്തിൽ നോവ് നിറച്ച്...; സുധീറിന്റെ മൃതദേഹം കണ്ടെടുത്തത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ
text_fieldsകൊട്ടിയം: കരിഞ്ചേടിയിൽ ഒളിച്ചിരുന്ന ദുരന്തം അപ്രതീക്ഷിതമായി തലക്കുമീതേ പതിച്ച ആഘാതത്തിൽ തരിച്ചുനിൽക്കുകയാണ് നാട്. കിണറ്റിൽ കുടിവെള്ളം കിനിയാനുള്ള വഴിതേടി ഇറങ്ങിയ 28കാരനെ മണ്ണിൽ പുതഞ്ഞ മൃതശരീരമായി പുറത്തെടുക്കേണ്ടിവന്ന കാഴ്ച നാടിന്റെ ഹൃദയമുലക്കുന്നതായി. കിണറിനൊപ്പം ആഴത്തിൽ വൻ കിടങ്ങ് കുഴിച്ച് സുധീറിനെ കണ്ടെത്താനുള്ള പരിശ്രമം മണിക്കൂറുകൾ പിന്നിടുന്തോറും ആശങ്കയും പ്രാർഥനയുമായി നാട്ടുകാരും പ്രിയപ്പെട്ടവരും കാത്തിരുന്നു.
പാതി മുറിഞ്ഞുമാറിയ കിണർ 10 തൊടിയോളം താഴേക്ക് എത്തിയപ്പോഴാണ് ഇടിഞ്ഞുവീണ കരിഞ്ചേടി(കറുത്ത ചെളി) കലർന്ന മണ്ണുൾപ്പെടെയുണ്ടായിരുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റവേ 11.45ഓടെ സുധീറിെൻറ കൈ കണ്ടെത്തിയതോടെ ബാക്കി ജോലികൾ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഏറ്റെടുത്തു. അവർ ഇറങ്ങി കുഴിച്ച് ഒരാൾപൊക്കത്തിൽ താഴേക്ക് പോയപ്പോഴാണ് നിൽക്കുന്ന അവസ്ഥയിൽ സുധീറിനെ കണ്ടെത്തിയത്. നേരിയ പ്രതീക്ഷകൾ പോലും അസ്തമിച്ചെന്ന് ഉറപ്പിച്ച് മരണം സ്ഥിരീകരിച്ചു. തലഭാഗം കണ്ടെത്തിയതിന് ശേഷം രണ്ട് മണിക്കൂറോളം ഉദ്യോഗസ്ഥർ പരിശ്രമിച്ചാണ് ചുറ്റും പുതഞ്ഞിരുന്ന മണ്ണ് മാറ്റി മൃതദേഹം പുറത്തെടുക്കാനായത്.
ശരീരം പുറത്തെടുക്കവേ കറുത്ത ചെളി മണ്ണ് വീണ്ടും കുറച്ച് ഇടിഞ്ഞുവീണു. അപകടസാധ്യത കണക്കിലെടുത്ത് മണ്ണുമാന്തിയന്ത്രത്തിെൻറ കൈ സുരക്ഷക്കായി മൺതിട്ടയോട് ചേർത്ത് വച്ചാണ് മൃതദേഹം പുറത്തെടുത്തത്. 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊപ്പം ഊണും ഉറക്കവും മാറ്റിവെച്ച് കാത്തിരുന്ന നാടിനെയും പ്രിയപ്പെട്ടവരെയും അഴലിെൻറ ആഴങ്ങളിലേക്ക് വീഴ്ത്തിയാണ് രക്ഷാപ്രവർത്തനത്തിന് അവസാനമായത്.
രക്ഷാപ്രവർത്തകർക്കൊപ്പം നിന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും
കൊട്ടിയം: രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഉറക്കമൊഴിച്ച് എം.എൽ.എമാരും തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും. എം.എൽ.എമാരായ ജി.എസ്. ജയലാൽ, പി.സി. വിഷ്ണുനാഥ് എന്നിവരാണ് ആഹാരം പോലും വെടിഞ്ഞ് രാത്രിയും പകലും ഒരുപോലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
കൊല്ലം തഹസിൽദാർ ജാസ്മിൻ ജോർജും എം.എൽ.എമാരോടൊപ്പം ഉണ്ടായിരുന്നു. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു, വൈസ് പ്രസിഡന്‍റ് സാജൻ, സ്ഥിരംസമിതി ചെയർമാൻ പ്ലാക്കാട് ടിങ്കു, നെടുമ്പന പഞ്ചായത്തംഗങ്ങളായ ബിനൂജ നാസറുദീൻ, അബ്ദുൽ റഹിം, മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം കുളപ്പാടം ഫൈസൽ, തഴുത്തല വില്ലേജ് ഓഫിസർ അജയകുമാർ, മുട്ടയ്ക്കാവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസറുദീൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സുന്ദരേശൻ പിള്ള, യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലിം, എന്നിവർ മുഴുവൻ സമയ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപകടങ്ങൾ പതിവായിട്ടും അനക്കമില്ലാതെ അധികൃതർ
ഇരവിപുരം: കിണർ അപകടങ്ങളിലൂടെ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും മൗനം വെടിയാതെ അധികൃതർ. മണ്ണിടിഞ്ഞും കിണർ ഇടിഞ്ഞും ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ജില്ലയിൽ വർധിച്ചിട്ടും തൊഴിലാളികളുടെ സുരക്ഷക്കായി നടപടികളൊന്നും എവിടെയും കേൾക്കാനില്ല. തഴുത്തലയിൽ പഴയ കിണറ്റിനുള്ളിൽ തൊടികൾ ഇറക്കുന്നതിനിടെ ഇടിഞ്ഞുവീണ മണ്ണിനും തൊടികൾക്കും അടിയിൽ കുടുങ്ങി സുധീർ (28) മരിച്ച സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അധികം അകലയല്ലാതെ വെള്ളിമണിൽ സമാന അപകടത്തിൽ എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാർ മരിച്ചത്.
കഴിഞ്ഞവർഷം കണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ 100 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് ചളി നീക്കുന്നതിനിടെയാണ് നാല് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കണ്ണനല്ലൂരും പരവൂരും മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചത്. കിണർ കുഴിക്കുന്നതും വൃത്തിയാക്കുന്നതും ഒഴിവാക്കാനാകാത്ത മലയാളികൾക്ക് അപകടങ്ങളും മരണങ്ങളും വർധിക്കുന്നത് വലിയ ആശങ്കയാണ് ബാക്കിയാക്കുന്നത്. വേനൽക്കാലം കേരളീയർക്ക് കിണർ കുഴിക്കലിന്‍റെയും വൃത്തിയാക്കലിന്‍റെയും കാലമാണ്.
പണിക്കിറങ്ങുന്നവർ കിണറ്റിനുള്ളിലെ വായുവിനെക്കുറിച്ചറിയാൻ ഓല ചൂട്ടുകെട്ടും പച്ചിലയും ഒന്നോ രണ്ടോ വടങ്ങളും പിന്നൊരു കൊളുത്തും മാത്രമാണ് സുരക്ഷക്കായി കരുതുക. പിന്നെ പണിയായുധങ്ങളായ പിക്കാസും മൺവെട്ടിയും കോരിയും ചട്ടിയും മാത്രമാണ് ഉണ്ടാകുക.
ഇവർക്ക് മറ്റ് സുരക്ഷാ ഉപകരണങ്ങളെക്കുറിച്ചോ സുരക്ഷിതമായി ജോലിയെടുക്കേണ്ടതിെനക്കുറിച്ചോ യാതൊരു പരിശീലനം നൽകാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇനിയെങ്കിലും അധികൃതർ ഇക്കാര്യത്തിൽ നിസ്സംഗത വെടിയണമെന്ന അഭ്യർഥനയാണ് നാടിനുള്ളത്.
ആഴങ്ങളിൽ അന്നം തേടാൻ ഇനി സുധീറില്ല
കൊട്ടിയം: അന്നത്തിനുള്ള വഴി തേടി ആഴങ്ങളിലേക്കിറങ്ങാൻ ഇനി സുധീറില്ല. എത്ര താഴ്ചയുള്ള കിണറായാലും തൊടിയിറക്കാൻ സുധീർ തയാറായിരുന്നു. കർണാടകയിൽ വരെ പോയി കിണർ പണികൾ ഏറ്റെടുത്ത് ചെയ്യുമായിരുന്ന യുവാവ് നിർധന കുടുംബത്തിെൻറ അത്താണിയായിരുന്നു. കഴിഞ്ഞ നവംബർ 28നായിരുന്നു മലപ്പുറം സ്വദേശിനിയായ ഹയറുന്നിസയെ സുധീർ ജീവിതസഖിയാക്കിയത്. നാലു മാസം ഗർഭിണിയായ ഹയറുന്നിസക്കൊപ്പം ജീവിതം പച്ചപിടിച്ചു വരുമ്പോഴാണ് വിധി കിണറിെൻറ ആഴത്തിൽ ദുരന്തമായെത്തിയത്.
നല്ലൊരു സുഹൃത്വലയത്തിനുടമയായ സുധീർ അപകടത്തിൽപെട്ട വാർത്തയറിഞ്ഞ് നൂറുകണക്കിന് യുവാക്കളാണ് സംഭവസ്ഥലത്തെത്തിയത്. ഒടുവിൽ മരണവാർത്ത വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പുറത്തുവന്നതോടെ മുട്ടക്കാവ് പ്രദേശം ദുഃഖസാന്ദ്രമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.