ലോക ക്ഷയരോഗ ദിനം
text_fieldsകൊല്ലം: വീണ്ടുമൊരു ക്ഷയരോഗദിനംഎത്തുമ്പോൾ രോഗികൾ വർധിക്കുന്നതും അനുബന്ധ മരണങ്ങളും ഗൗരവം വർധിപ്പിക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾപ്രകാരം ജില്ലയിൽ 2024ൽ 54,665 പേരെ പരിശോധിച്ചതിൽ 1521 പേർക്കാണ് രോഗം കണ്ടെത്തിയത്.
നാലുവർഷത്തിനിടെ ജില്ലയിൽ 568 പേരാണ് ക്ഷയരോഗം പിടിപെട്ട് മരിച്ചത്. കഴിഞ്ഞവർഷം 113 പേർ മരിച്ചിരുന്നു. മുൻ വർഷങ്ങളെക്കാൾ മരണനിരക്ക് കുറവാണെങ്കിലും ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
സംസ്ഥാനത്ത് ക്ഷയരോഗസാധ്യത കൂടിയ 81.6 ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുക എന്ന ലക്ഷ്യത്തോടെ 2024 ഡിസംബർ ഏഴ് മുതൽ 2025 മാർച്ച് 17വരെ നടത്തിയ 100 ദിന കർമപരിപാടിയിൽ ഇതുവരെ ജില്ലയിൽ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചു.
ദേശീയ ക്ഷയരോഗനിവാരണ പദ്ധതിയുടെ ഭാഗമായാണ് ‘ക്ഷയരോഗമുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’ എന്നപേരിൽ പരിപാടി ആരംഭിച്ചത്. കഴിഞ്ഞ ഡിസംബർ എട്ടു മുതൽ ഗൃഹസന്ദർശനങ്ങളും ക്യാമ്പുകളും ആരംഭിച്ചിരുന്നു. ഏകദേശം 8000 പേരുടെ വിവരശേഖരണം നടത്തിയതിൽ 2000 പേരെ പരിശോധനക്ക് വിധേയമാക്കി.
തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, അച്ചൻകോവിൽ എന്നിവിടങ്ങളിലെയും പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ക്യാമ്പുകൾ പൂർത്തിയായി. തീരദേശ മേഖലയിലടക്കം ക്യാമ്പുകളും ബോധവത്കരണ പരിപാടികളും പുരോഗമിക്കുന്നു. സ്വകാര്യ ആശുപത്രികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
കോവിഡിന് പിന്നാലെ ക്ഷയരോഗപരിശോധന കുറഞ്ഞതോടെ രോഗവ്യാപനം വർധിക്കുകയായിരുന്നു. രോഗം കണ്ടെത്താൻ ആധുനികരീതിയിലുള്ള സി.ബിനാറ്റ്, ട്രൂനാറ്റ് പരിശോധനകൾ ജില്ല ടി.ബി സെന്റർ, കരുനാഗപ്പള്ളി ഹോസ്പിറ്റൽ ഫോർ ചെസ്റ്റ് ഡിസീസ്, പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ്, പുനലൂർ താലൂക്ക് ആശുപത്രി, കൊട്ടാരക്കര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലുണ്ട്.
ലക്ഷണങ്ങൾ അവഗണിക്കരുത്
വായുവിലൂടെ പകരുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ക്ഷയം (ടി.ബി). ഇത് സാധാരണയായി ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. പക്ഷേ തലച്ചോറ്, വൃക്കകൾ, നട്ടെല്ല് തുടങ്ങിയ ഭാഗങ്ങളെയും ബാധിച്ചേക്കാം. മിക്ക കേസുകളിലും രോഗം ചികിത്സിച്ച് ഭേദമാക്കാം. എന്നിരുന്നാലും, ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണംസംഭവിക്കാം.
ശ്വാസകോശത്തിലോ തൊണ്ടയിലോ ക്ഷയരോഗം ബാധിച്ച ഒരാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പാടുമ്പോഴോ ബാക്ടീരിയകൾ വായുവിൽ പടരുന്നു. സമീപത്തുള്ള ആളുകൾ ഈ ബാക്ടീരിയകൾ ശ്വസിക്കുന്നത് അണുബാധക്കിടയാക്കും.
രണ്ടാഴ്ചയിലധികം നീളുന്ന ചുമ, ശരീരം ക്ഷീണിക്കുക, ഭാരം കുറയുക, വിശപ്പില്ലായ്മ, രാത്രികാലങ്ങളിൽ ഉണ്ടാകുന്ന കുളിരോടുകൂടിയ പനി, ചുമച്ച് രക്തം തുപ്പുക, രക്തം കലർന്ന കഫം എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ വൈദ്യസഹായം തേടി ക്ഷയരോഗനിർണയം നടത്തേണ്ടതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.