സപ്ലൈകോ ഗോഡൗണിൽ പുഴുവരിച്ച അരി 'പുത്തൻ അരിയാക്കി'; നാട്ടുകാർ പിടിച്ചു
text_fieldsകൊട്ടാരക്കര: സപ്ലൈകോയുടെ കൊട്ടാരക്കര ഗോഡൗണിൽ രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നത് നാട്ടുകാർ പിടിച്ചു. അരി വിഷപദാർഥം ഉപയോഗിച്ചാണ് വൃത്തിയാക്കുന്നതെന്ന് കണ്ടെത്തി.വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം. ഇത് ശരിെവക്കുന്ന ഉത്തരവും കണ്ടെത്തി. 2017ൽ എത്തിയ അരിയാണ് ഇവിടെ പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്. ഇവ പൊട്ടിച്ച് അരിച്ചെടുത്തശേഷം വിഷം തളിച്ചാണ് കൃമികീടങ്ങളെ നശിപ്പിച്ചുവന്നത്. ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്.
സപ്ലൈകോ ഡിപ്പോക്ക് ലഭിച്ച ഉത്തരവിൽ ഇത് വൃത്തിയാക്കാനും വിദ്യാലയങ്ങളിൽ വിതരണം ചെയ്യാനും വ്യക്തമാക്കുന്നുണ്ട്. ആഴ്ചകളായി അരി വൃത്തിയാക്കൽ ജോലികൾ നടന്നുവരുകയാണ്. വിവരം രഹസ്യമായി പുറത്തെത്തിയതോടെ വെള്ളിയാഴ്ച രാവിലെ ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും അപ്രതീക്ഷിതമായി േഗാഡൗണിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി.
ഉത്തരവടക്കം പരിശോധിച്ച ശേഷം സപ്ലൈകോ ഉദ്യോഗസ്ഥരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കേസെടുത്തേക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി കൊട്ടാരക്കര നഗരസഭാസമിതി ആവശ്യപ്പെട്ടു.ബി.ജെ.പി നേതാക്കളായ വയ്ക്കൽ സോമൻ, അനീഷ് കിഴക്കേകര എന്നിവർ സമരത്തിന് നേതൃത്വം നൽകി. ജില്ല സപ്ലൈ ഓഫിസർ ഗാനാ ദേവി, താലൂക്ക് സപ്ലൈ ഓഫിസർ ജോൺ തോമസ്, മറ്റ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.