റോഡ് തകർന്നിട്ട് വർഷങ്ങൾ; എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാർ
text_fieldsഇരവിപുരം: റോഡ് പണി ഉടൻ തുടങ്ങും, ഉടൻ തുടങ്ങുമെന്ന് കൊല്ലം കോർപ്പേറേഷനിൽപ്പെട്ട കയ്യാലക്കൽ ഡിവിഷനിലെ വയനക്കുളം, ഒട്ടത്തിൽ നിവാസികൾ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. ഒട്ടത്തിൽ - വയനക്കുളംറോഡ് തുടങ്ങി അവസാനിക്കുന്നതുവരെ നിറയെ കുഴികളുമായുമായുള്ള ദയനീയ അവസ്ഥ ഏറെയായി.
റോഡ് പുനർനിർമിക്കണെമെന്ന ആവശ്യവുമായി നാട്ടുകാർ സമരങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമരവുമായി രംഗത്തിറങ്ങുമ്പോഴെല്ലാം റോഡ് നിർമാണം ഉടൻ തുടങ്ങുമെന്ന ഉറപ്പ് നൽകി സമരത്തിന് തടയിടുകയാണ് പതിവ്. ജനവാസ മേഖലയായ ഇവിടെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത നിലയിൽ റോഡിലെ കുഴികളിൽ ചെളിവെള്ളം നിറഞ്ഞിരിക്കുകയാണ്.
ഓട്ടോറിക്ഷകളും സ്കൂൾ ബസ്സുകളും ഇതുവഴി വരാറില്ല. അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകുവാൻ പോലും ആളുകൾ ഏറെ ബുദ്ധിമുട്ടുകയാണ്. കരാറുകാരനുമായി ഉണ്ടായ ഏതോ തർക്കമാണ് റോഡ് നിർമ്മാണം മുടങ്ങി പോകാൻ കാരണമായി പറയപ്പെടുന്നത്.
ജനത്തിന് ദുരിതം വിതച്ച് റോഡിലെ വെള്ളക്കെട്ട്
ഇരവിപുരം: റോഡിലെ വെള്ളക്കെട്ട് ഒരു പ്രദേശത്തെയാകെ ദുരിതത്തിലാക്കുന്നു. കാവൽപ്പുര-ചകിരിക്കട റോഡിലെ വെള്ളക്കെട്ടാണ് ജനജീവിതം ദുരിതത്തിലാക്കുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ജനങ്ങൾക്ക് ദുസ്സഹമായത്. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയാണ് സമീപത്തെ സ്കൂളിലേക്ക് കുട്ടികൾക്ക് പോകുന്നത്.
കെട്ടി നിൽക്കുന്ന മലിനജലം വാഹനങ്ങൾ പോകുമ്പോൾ കുട്ടികളുടെയും കാൽനടക്കാരുടെയും. മുകളിൽ പതിക്കുകയും. കുട്ടികളുടെ പഠിത്തം തന്നെ മുടങ്ങുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഛർദ്ദിയും വയറിളക്കവും മഴക്കാല രോഗങ്ങളുമായി കുട്ടികളും മുതിർന്നവരും ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ അധികൃതർ ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ അധികാരികളുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജങ്കാർ സർവീസ് നിലച്ചിട്ട് ഒരു വർഷം
അഞ്ചാലുംമൂട്: പെരുമൺ പേഴുംതുരുത്ത് ജങ്കാർ സർവീസ് നിലച്ചിട്ട് ഒരു വർഷം പിന്നിടുന്നു. സർവീസ് പുന:രാരംഭിക്കുന്നതിനെ സംബന്ധിച്ച് ഉന്നതല യോഗം ചേരാൻ തീരുമാനമെടുത്തിട്ടും അതും നടന്നില്ല. സ്കൂൾ തുറന്നതോടെ മൺട്രോത്തുരുത്തിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. പെരുമൺ റെയിവേ പാലത്തിന്റെ നടപ്പാതയിലൂടെയാണ് കുട്ടികൾ ഉൾപ്പെടെ അഞ്ചാലുംമൂട് പ്രദേശത്ത് എത്തുന്നത്. പെരുമൺ പാലം നിർമാണവും നീണ്ടുപോകുകയാണ്.
മൺട്രോതുരുത്ത് പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്നു ജങ്കാർ സർവീസ് നടന്നുവന്നത്. എന്നാൽ, അറ്റകുറ്റപ്പണികൾക്കായി ആലപ്പുഴയിലേക്ക് കൊണ്ടുപോയ ജങ്കാർ പണികൾക്ക് ശേഷം തിരികെ കൊണ്ടുവന്നില്ല. പെരുമൺ, മൺട്രോത്തുരുത്ത്, നിവാസികളുടെ കടുത്ത യാത്രദുരിതത്തെതുടർന്ന് പനയം പഞ്ചായത്ത് മുൻകൈ എടുത്ത് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു.
തെരഞ്ഞെടുപ്പിനെ തുടർന്ന് അത് നീണ്ടു പോയി. സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി പനയം പഞ്ചായത്ത് അധികൃതർ കലക്ടറെ കണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി.
തുറമുഖവകുപ്പ്, പനയം പഞ്ചായത്ത്, മൺട്രോത്തുരുത്ത് പഞ്ചായത്ത്, പാലം നിർമ്മിക്കുന്ന കരാറുകാരന്റെ പ്രതിനിധികൾ എന്നിവരുടെ യോഗം കൂടുന്നതിനു ശ്രമം നടത്തിയെങ്കിലും അതു നീണ്ടുപോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.