കോവിഡിനോട് പൊരുതാൻ പുത്തൻ ഉൽപന്നങ്ങളുമായി യുവ സംരംഭകർ
text_fieldsകൊല്ലം: കോവിഡിനോട് പൊരുതാൻ ഓട്ടോമേറ്റഡ് ഉപകരണങ്ങളുമായി യുവ എൻജിനീയർമാരുടെ സംഘം. ലോക്ഡൗൺ സമയത്ത് സ്വന്തം വീടുകളിൽ ഇരുന്ന് ഗവേഷണവും പ്രവർത്തനങ്ങളും ഏകോപിപ്പിച്ചാണ് െഎ.ഒ.ടി (ഇൻറർനെറ്റ് ഓഫ് തിങ്സ്) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് വ്യത്യസ്ത ആവശ്യങ്ങൾക്കായുള്ള സ്പർശനരഹിത ഓട്ടോമേറ്റഡ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇവർ വികസിപ്പിച്ചത്.
സാമൂഹികഅകലം പാലിക്കുക എന്ന രക്ഷാവാക്യം പ്രവർത്തികമാക്കിക്കൊണ്ട് സ്വയം പ്രവർത്തിക്കുന്ന നോൺ ടച്ച് സന്ദർശക രജിസ്ട്രേഷൻ സിസ്റ്റം, ഒരു ഓട്ടോമാറ്റിക് തെർമൽ സ്കാനർ, ഒരു പോർട്ടബിൾ ഓട്ടോമാറ്റിക് ഡിസ്പെൻസർ എന്നിവയാണ് ഇവരുടെ കണ്ടെത്തലുകൾ. 'വോഗെറ്റ്' എന്ന പേരിൽ സ്റ്റാർട്ടപ് കമ്പനിയുടെ ഭാഗമായ ഇവർ തങ്ങളുടെ ദൗത്യം കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.
സ്റ്റാഫ് അംഗങ്ങളുമായി ശാരീരികസമ്പർക്കം ഇല്ലാതെ സന്ദർശകരുടെ പോക്കുവരവുകൾ രജിസ്റ്റർ ചെയ്യുന്നതിന് ടീം വികസിപ്പിച്ചെടുത്ത ഒരു ആപ്ലിക്കേഷൻ ഉള്ള ഉപകരണമാണ് ലോ റെഗ്. ആളുകൾ കൂടുന്ന ഇടങ്ങളിൽ സന്ദർശരുടെ പ്രവേശനം രേഖപ്പെടുത്താൻ ഇത് ഉപയോഗിക്കാം. ഓഫിസുകളിലെ നോൺ ടച്ച് അറ്റൻഡൻസ് രജിസ്റ്ററായും ഇത് ഉപയോഗിക്കാം.
സന്ദർശകരുടെ ശരീരതാപനില ഒരു മുഴുവൻ സമയ സ്റ്റാഫിെൻറ ആവശ്യമില്ലാതെതന്നെ ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തുകയും ഈ വിവരങ്ങൾ കൂടുതൽ വിശകലനത്തിന് ലഭ്യമാക്കുകയും ചെയ്യുന്ന ഓട്ടോമേറ്റഡ് തെർമൽ സ്കാനർ ആണ് ടീമിെൻറ മറ്റൊരു ഉൽപന്നം.
സെൻസർ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പോർട്ടബിൾ ഡിസ്പെൻസർ കൈകൾ കാണിക്കുമ്പോൾ നിർദിഷ്ട അളവിൽ ഏതെങ്കിലും തരത്തിലുള്ള ദ്രാവകം (സാനിറ്റൈസർ, ഹാൻഡ് വാഷ്, ഷവർ ജെൽ മുതലായവ) സ്പർശനം കൂടാതെ തന്നെ പകർന്നുതരുന്ന ഉപകരണമാണ്.
അലിഫ് ഷാഹുൽ, അതുൽ രാജഗോപാൽ, ഫെബിൻ ജിഷാൽ, മുഹമ്മദ് സഹീർ, ഇക്ബാൽ ഫൈസി എന്നിവരാണ് സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.