എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കൊല്ലം ജില്ലയിൽ വീണ്ടും രാസ ലഹരി വേട്ട
text_fieldsകൊല്ലം: നഗരത്തിൽ കുമാർ ജങ്ഷന് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ വീണ്ടും രാസ ലഹരിവേട്ട. 13 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ചാത്തന്നൂർ മീനാട് പള്ളിവിള പുത്തൻവീട്ടിൽ മുഹമ്മദ് റാഫി (28) ആണ് സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച ഉച്ചയോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസിൽ കൊല്ലത്ത് എത്തിയ പ്രതിയെ പൊലീസ് സംഘം പിടികൂടി ദേഹപരിശോധന നടത്തിയപ്പോൾ ഒളിപ്പിച്ച നിലയിൽ മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു. വിൽപ്പനക്കായി കടത്തിക്കൊണ്ടുവന്ന 13.1 ഗ്രാം എം.ഡി.എം.എ ഇയാളുടെ പക്കൽ നിന്നു പിടിച്ചെടുത്തു.
കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള സ്കൂൾ, കോളജ് വിദ്യാർഥികൾക്കും മറ്റും വിതരണത്തിനായി ബംഗളൂരുവിൽ നിന്നു കടത്തിക്കൊണ്ടുവന്ന സിന്തറ്റിക്ക് ഡ്രഗ്ഗ് ഇനത്തിൽപെട്ട മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ആഡംബര ജീവിതം നയിക്കുന്നതിനായി പണം കണ്ടെത്താൻ ബംഗളൂരുവിൽ നിന്നു സ്ഥിരമായി വ്യാവസായിക അടിസ്ഥാനത്തിൽ മയക്കുമരുന്ന് എത്തിച്ച് ജില്ലയിൽ വിതരണം നടത്തിവരികയായിരുന്നു ഇയാൾ. ഇയാളുടെ ലഹരി വ്യാപാര ശൃംഖല മനസ്സിലാക്കിയ കൊല്ലം സിറ്റി അഡീഷണൽ എസ്.പി എം.കെ. സുൽഫിക്കറിന്റെ നേതൃത്വത്തിലുള്ള ജില്ല ഡാൻസാഫ് സംഘം കുറച്ചു നാളുകളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
കൊല്ലം എ.സി.പി അനുരൂപിന്റെ നിർദ്ദേശപ്രകാരം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ദിൽജിത്ത്, ദിപിൻ, ആശ ചന്ദ്രൻ, എ.എസ്.ഐ നിസാമുദ്ദീൻ, സി.പി.ഒമാരായ അനീഷ്, ശ്രീകുമാർ, രാഹുൽ എന്നിവർക്കൊപ്പം എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.