പ്രായം കുറച്ച്, കൊല്ലം പിടിക്കാൻ മുന്നണികൾ
text_fieldsകൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിൽ കൊല്ലം പിടിക്കാൻ മൂന്നു മുന്നണികളും രംഗത്തിറക്കിയവരുടെ കൂട്ടത്തിൽ തലയുയർത്തി യുവനിര. സ്ഥാനാർഥികളുടെ പ്രായക്കുറവിൽ, ജില്ല പിടിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. ഡി.വൈ.എഫ്.െഎ, യൂത്ത് കോൺഗ്രസ്, എ.െഎ.വൈ.എഫ്, യുവമോർച്ച തലത്തിൽനിന്ന് എസ്.എഫ്.െഎ, കെ.എസ്.യു, എ.െഎ.എസ്.എഫ്, എ.ബി.വി.പി നിരയിലേക്കിറങ്ങി വിദ്യാർഥി നേതാക്കളെയും എല്ലാവരും മത്സരരംഗത്തിറക്കിയിട്ടുണ്ട്. മത്സരപ്രായമായ 21ലേക്ക് 'കാലെടുത്തുെവച്ചവർ' മുതൽ രംഗത്തുണ്ട്.
ഒാച്ചിറ പഞ്ചായത്ത് പത്താം വാർഡിലെ സി.പി.എം സ്ഥാനാർഥി ആര്യാബാബുവാണ് കൂട്ടത്തിലെ 'ബേബി'. 1999 സെപ്റ്റംബർ 11ന് ജനിച്ച ആര്യക്ക് പ്രായം 21 വയസ്സും രണ്ടു മാസവും. ഡി.വൈ.എഫ്.െഎ പ്രവർത്തകയാണ്. കൊല്ലം കോർപറേഷൻ കടപ്പാക്കട ഡിവിഷനിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി വി.ആർ. കൃപക്ക് പ്രായം 21 വയസ്സും നാലുമാസവുമാണ്. കൊല്ലം എസ്.എൻ ലോ കോളജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥിയും എ.ബി.വി.പി പ്രവർത്തകയുമാണ്.
മുഖത്തല േബ്ലാക്ക് പഞ്ചായത്ത്, കേരളപുരം ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫിലെ ഫറൂഖ് നിസാറിന് പ്രായം 21 വയസ്സും ആറുമാസവും. തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിയായ ഫറൂഖ് എ.െഎ.എസ്.എഫ് ജില്ല കമ്മിറ്റി അംഗമാണ്.
22 കാരായ രണ്ടുപേർ ഇടമുളക്കൽ ഗ്രാമപഞ്ചായത്തിലും അഞ്ചൽ ബ്ലോക്കിലും രംഗത്തുണ്ട്. ഇടമുളയ്ക്കൽ പഞ്ചായത്തിലെ തടിക്കാട് മൂന്നാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായ എസ്. ശ്രുതി ആയുർവേദ നഴ്സിങ് വിദ്യാർഥിനിയാണ്. കെ.എസ്.യു പ്രവർത്തകയാണ്. അഞ്ചൽ ബ്ലോക്കിലെ അറയ്ക്കൽ ഡിവിഷനിലെ സി.പി.എം സ്ഥാനാർഥി കീർത്തി പ്രശാന്ത് എം.ബി.എ വിദ്യാർഥിനിയാണ്.
കോർപറേഷൻ കടപ്പാക്കട ഡിവിഷനിലെതന്നെ യു.ഡി.എഫ് സ്ഥാനാർഥി ആശാകൃഷ്ണനാണ് യു.ഡി.എഫിലെ ഇളയയാൾ. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിയാണ്. കച്ചേരി ഡിവിഷനിൽനിന്ന് മത്സരിക്കുന്ന ബിച്ചു കൊല്ലമാണ് യു.ഡി.എഫിലെ മറ്റൊരു വിദ്യാർഥി നേതാവ്. കെ.എസ്.യു കൊല്ലം അസംബ്ലി മണ്ഡലം പ്രസിഡൻറാണ്.
എസ്.എഫ്.െഎ ജില്ല നേതൃനിരയിൽനിന്ന് നാലുപേരാണ് രംഗത്തുള്ളത്. ജില്ല സെക്രട്ടറി അനന്തുപിള്ള ജില്ല പഞ്ചായത്ത് തലവൂർ ഡിവിഷനിൽനിന്നും സംസ്ഥാന കമ്മിറ്റി അംഗം യു. പവിത്ര കോർപറേഷൻ തിരുമുല്ലവാരം ഡിവിഷനിൽനിന്നും ജില്ല കമ്മിറ്റി അംഗങ്ങളായ സച്ചിൻ ദാസ് മയ്യനാട് പഞ്ചായത്ത് വെള്ളമണൽ വാർഡിലും അനന്തലക്ഷ്മി കടയ്ക്കൽ പഞ്ചായത്ത് തുേമ്പാട് വാർഡിൽനിന്നും മത്സരിക്കുന്നു.
ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റിയിൽനിന്ന് 14 പേർ മത്സരരംഗത്തുണ്ട്. എ.െഎ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറും ബി.എഡ് വിദ്യാർഥിനിയുമായ പ്രിജി ശശിധരൻ ജില്ല പഞ്ചായത്ത് നെടുമ്പന ഡിവിഷനിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. എ.െഎ.വൈ.എഫ്, എ.െഎ.എസ്.എഫ് നിരയിൽനിന്ന് പതിനഞ്ചോളം പേർ രംഗത്തുണ്ട്. കൊല്ലം കോർപറേഷനിൽ ബി.ജെ.പി യുവനിരയിൽനിന്ന് 12 പേരെയാണ് നിർത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.