കോളജുകളിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഒഴിവാക്കാന്‍ യുവജന കമീഷന്‍ ശിപാര്‍ശ
text_fieldsകൊല്ലം: സംസ്ഥാനത്തെ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ നല്‍കി. സംസ്ഥാന യുവജന കമീഷന് ജില്ല അദാലത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോവിഡ് കാലത്ത് ഡിജിറ്റല്‍ എജുക്കേഷന്‍ സംവിധാനം സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടും കോളജുകളില്‍ മൊബൈല്‍ ഫോണിന്‍റെ നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വിദ്യാര്‍ഥിയായ അമല്‍ ബി. നാഥിന്‍റെ പരാതിയില്‍ കമീഷന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിന് അടിയന്തര നടപടിക്ക് കമീഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്.
ഡിജിറ്റല്‍ വിദ്യാഭ്യാസ സാഹചര്യത്തില്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഓപണ്‍ സോഴ്‌സ് ലേണിങ് പ്ലാറ്റ്‌ഫോമായ മൂഡില്‍ ലേണിങ് മാനേജ്‌മെന്‍റ് സിസ്റ്റം സംവിധാനത്തിലേക്കാണ് സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍ മാറുന്നത്. ഡിജിറ്റല്‍ ലൈബ്രറികള്‍, ഇ-ബുക്ക്, ഇ-ജേണല്‍ എന്നീ സൗകര്യങ്ങള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരുകയാണെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണത്തിനകത്ത് വിവേചനപൂർവമായ ഇളവുവരുത്തണമെന്നും ദുരുപയോഗം ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. അദാലത്തില്‍ പരിഗണിച്ച 25 കേസുകളില്‍ 20ഉം തീര്‍പ്പാക്കി. അഞ്ചെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി ആറ് പരാതികള്‍ ലഭിച്ചു. കമീഷന്‍ അംഗങ്ങളായ വി. വിനില്‍, പി.എ. സമദ്, അണ്ടര്‍ സെക്രട്ടറി സി. അജിത് കുമാര്‍, അസിസ്റ്റന്‍റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.