Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:35 AM IST Updated On
date_range 19 May 2022 5:35 AM ISTകേരള പേപ്പർ കമ്പനിക്കൊപ്പം കുടുംബശ്രീ; പഴയപേപ്പറുകൾ ശേഖരിക്കും
text_fieldsbookmark_border
കോട്ടയം: ഉൽപാദനത്തിനൊരുങ്ങുന്ന വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡിനായി പഴയ പേപ്പറുകളുടെ ശേഖരണത്തിന് കുടുംബശ്രീ തുടക്കമിടുന്നു. സംസ്ഥാനത്തെ മുഴുവൻ വീടുകളിൽനിന്നും പഴയപേപ്പറുകൾ ശേഖരിച്ച് പൾപ്പ് നിർമിക്കാനായി കമ്പനിക്ക് കൈമാറാനാണ് പദ്ധതി. പഴയ പേപ്പറുകൾക്ക് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ശേഖരണചുമതല കുടുംബശ്രീയെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. വീടുകളിൽനിന്ന് കുടുംബശ്രീ ശേഖരിക്കുന്ന പത്രക്കടലാസ് അടക്കമുള്ള പഴയപേപ്പറുകൾ ജില്ല അടിസ്ഥാനത്തിൽ കമ്പനി ഏറ്റെടുക്കും. കുടുംബശ്രീയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹരിതകര്‍മ സേനക്ക് ഇതിന്‍റെചുമതല നൽകാനാണ് ആലോചന. കൃത്യമായ ഇടവേളകളില്‍ വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചുവരികയാണ് ഹരിതകര്‍മ സേന. ഇതിനൊപ്പം പേപ്പർശേഖരണം കൂടി ആരംഭിക്കും. നിലവിൽ സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളിലും ഹരിതകര്‍മ സേനാംഗങ്ങൾ എത്തുന്നതിനാൽ അനായാസം സംഭരണം നടത്താനാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി കൂടുതൽ പേരുടെ സാന്നിധ്യം ഉറപ്പാക്കുന്നതും ആലോചനയിലാണ്. ഇവർക്ക് മറ്റൊരു വരുമാനമാർഗംകൂടിയായി ഇത് മാറും. ഇതുമായി ബന്ധപ്പെട്ട് കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡും(കെ.പി.പി.എൽ) കുടുംബശ്രീയുമായി രണ്ടുഘട്ട ചർച്ചകൾ പൂർത്തിയായി. അടുത്തയാഴ്ച നടക്കുന്ന യോഗത്തിൽ അന്തിമധാരണയാകും. തുടർന്ന് അടുത്തമാസം ആദ്യത്തോടെ പേപ്പറുകളുടെ ശേഖരണം ആരംഭിക്കാനാണ് ധാരണ. പണം നൽകിയാകും വീടുകളിൽനിന്ന് പഴയകടലാസുകൾ ശേഖരിക്കുക. ഇതിനുള്ള തുകക്കൊപ്പം കൈകാര്യ ചെലവും പ്രതിഫലവും കുടുംബശ്രീക്ക് കെ.പി.പി.എൽ കൈമാറും. പ്ലാസ്റ്റിക് നിരോധത്തിന്‍റെ ഭാഗമായി പേപ്പർ ബാഗുകൾ വലിയതോതിൽ ഉൽപ്പാദിപ്പിച്ച് തുടങ്ങിയതോടെ പഴയകടലാസുകൾക്ക് ആവശ്യം വർധിച്ചു. ഇതാണ് ക്ഷാമത്തിന് കാരണം. കുടുംബശ്രീയുമായുള്ള സഹകരണത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. മരം ഉപയോഗിച്ചും പഴയ പേപ്പറുകൾ ഉപയോഗിച്ചും രണ്ടു തരത്തിലാണ് പൾപ്പുണ്ടാക്കുന്നത്. ഇത് രണ്ടും കൂട്ടികലർത്തിയാണ് പേപ്പർ നിർമിക്കുന്നത്. അടുത്തിടെ പൾപ്പിനാവശ്യമായ മരം ലഭ്യമാക്കാൻ വനംവകുപ്പുമായി ധാരണയായിരുന്നു. കമ്പനിക്ക് അടുത്ത രണ്ടുവർഷത്തേക്ക് ആവശ്യമുള്ള മരങ്ങൾ കേരളത്തിന്‍റെ വിവിധ വനമേഖലകളിലുണ്ടെന്നും കണ്ടെത്തിയിരുന്നു. മരത്തിന് തുക ഈടാക്കില്ലെങ്കിലും ചെലവ് കമ്പനി വഹിക്കണമെന്നാണ് കരാർ. അടുത്തഘട്ടമായി വനമേഖലകളിൽ മുളവെച്ചുപിടിപ്പിക്കുന്നതും ആലോചനയിലാണ്. നഷ്ടത്തിലായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞ കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡാക്കി മാറ്റുകയായിരുന്നു. ഇതിന്‍റെ പ്രവർത്തനോദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. -- എബി തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story