Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:02 AM GMT Updated On
date_range 4 Jun 2022 12:02 AM GMTമലയാളത്തിന്‍റെ ആദ്യ അച്ചടിയന്ത്രം ഇനി ബെഞ്ചമിൻ ബെയ്ലി സ്മാരക മ്യൂസിയത്തിൽ
text_fieldsbookmark_border
കോട്ടയം: മലയാള അക്ഷരങ്ങളിൽ ആദ്യമായി മഷി പടർത്തിയ അച്ചടിയന്ത്രം കാണാം. സി.എസ്.ഐ മധ്യകേരള മഹായിടവക കേന്ദ്ര ഓഫിസ് സമുച്ചയത്തോടനുബന്ധിച്ച് തുടങ്ങിയ റവ. ബെഞ്ചമിൻ ബെയ്ലി സ്മാരക മ്യൂസിയത്തിലാണ് അച്ചടിയന്ത്രത്തിന്‍റെ പ്രദർശനം. 1821ൽ നിർമിച്ച ഈ യന്ത്രത്തിലാണ് മലയാളം അക്ഷരങ്ങൾ പുസ്തകരൂപത്തിൽ പിറവിയെടുത്തത്. അച്ചടിയുടെ പിതാവെന്ന് അറിയപ്പെടുന്ന ബെഞ്ചമിൻ ബെയ്ലി 1816ലാണ് കേരളത്തിൽ വന്നത്. അടുത്ത വർഷം കോട്ടയത്തെത്തി. പഴയ സെമിനാരിയിലായിരുന്നു താമസം. മലയാളം പഠിച്ചുതുടങ്ങിയപ്പോൾ ബൈബിൾ തർജമ ചെയ്യാൻ തുടങ്ങി. തർജമ പൂർത്തിയായപ്പോഴാണ് പുസ്തകരൂപത്തിൽ ഇറക്കാൻ തീരുമാനിച്ചത്. എന്നാൽ, അന്ന് കേരളത്തിൽ അച്ചടിശാലകൾ ഉണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹം ഇംഗ്ലണ്ടിൽനിന്ന് അച്ചടിയന്ത്രം ഇറക്കുമതി ചെയ്തു. അതുവരാൻ വൈകിയതോടെ ബെഞ്ചമിൻ ബെയ്ലി ആശാരിയുടെയും ഇരുമ്പുപണിക്കാരന്‍റെയും സഹായത്തോടെ പറഞ്ഞുകൊടുത്ത് നിർമിച്ചതാണ് മലയാളത്തിലെ ആദ്യ അച്ചടിയന്ത്രം. ആ യന്ത്രത്തിലാണ് ആദ്യം അച്ചടി തുടങ്ങിയത്. പിന്നീട് ഇംഗ്ലണ്ടിൽനിന്നുള്ള യന്ത്രം വന്നപ്പോൾ അതും ഉപയോഗിച്ചു. ഇംഗ്ലണ്ടിൽനിന്ന് കൊണ്ടുവന്ന അച്ചടിയന്ത്രത്തെക്കാൾ വലുപ്പമുള്ളതാണ് ഇവിടെ നിർമിച്ചത്. രണ്ട് യന്ത്രങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന അച്ചടിയന്ത്രമാണ് മറ്റൊരു ആകർഷണം. അച്ചടിക്കുന്ന പ്രിന്‍റിന്‍റെ എണ്ണം അറിയാനും സംവിധാനമുണ്ട് ഇംഗ്ലണ്ടിൽനിന്നുള്ള ഈ യന്ത്രത്തിൽ. അച്ചടിക്ക് ഉപയോഗിക്കുന്ന വലിയ കാമറ, ബൈൻഡിങ് മെഷിൻ, അച്ചടിയന്ത്രങ്ങളുടെ വിവിധ ഭാഗങ്ങൾ തുടങ്ങി സി.എം.എസ് പ്രസിന്‍റെ ആരംഭകാലം മുതൽ ഉപയോഗിച്ചവയാണ് മ്യൂസിയത്തിൽ ക്രമീകരിച്ചിട്ടുള്ളത്. സി.എം.എസ് പ്രസിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഈ അച്ചടിയന്ത്രങ്ങളുടെ മാതൃകകൾ ഉൾപ്പെടുത്തിയ മറ്റൊരു മ്യൂസിയം സി.എം.എസ് കോളജിലുണ്ട്. കുവൈത്ത് സെന്‍റ് പീറ്റേഴ്സ് സി.എസ്.ഐ ഇടവകയുടെ സുവർണജൂബിലി പദ്ധതിയാണ് ബെഞ്ചമിൻ ബെയ്ലി സ്മാരക മ്യൂസിയം. ഉദ്ഘാടനം ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. റവ. സന്ദീപ് ഉമ്മൻ, റവ. ഡോ. ഷാജൻ എ. ഇടിക്കുള, റവ. നെൽസൺ ചാക്കോ, റവ. സുനിൽ രാജ് ഫിലിപ്, റവ. തോമസ് കെ. പ്രസാദ്, ഫിലിപ് എം. വർഗീസ്, റവ. എബ്രഹാം സി. പ്രകാശ്, റവ. ജിബിൻതമ്പി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story