Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 12:02 AM GMT Updated On
date_range 5 Jun 2022 12:02 AM GMTമഹാധമനി തകര്‍ന്ന ബിഹാറുകാരന് കരുതലൊരുക്കി മെഡിക്കല്‍ കോളജ്
text_fieldsbookmark_border
ഗാന്ധിനഗർ: മഹാധമനി തകര്‍ന്ന ബിഹാര്‍ സ്വദേശിയായ തൊഴിലാളിക്ക് കരുതലായി ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലാതിരുന്ന ബിഹാര്‍ സ്വദേശി മനോജ് ഷായെയാണ് (42) ആശുപത്രികളില്‍ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ മെഡിക്കല്‍ കോളജില്‍ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നെഞ്ചിലെയും വയറിലെയും മഹാധമനി മാറ്റിവെച്ച് കരള്‍, ആമാശയം, വൃക്ക, സുഷുമ്‌ന നാഡി എന്നിങ്ങനെ പ്രധാന അവയവങ്ങളിലേക്ക് രക്തം എത്തിക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കും ശേഷം മനോജ് ഷാ ആശുപത്രി വിട്ടു. അതിസങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമാക്കിയ മെഡിക്കല്‍ കോളജ് ടീം അംഗങ്ങളെയും ചികിത്സ പദ്ധതി ഏകോപിപ്പിച്ച ഹെല്‍ത്ത് ഏജന്‍സി അംഗങ്ങളെയും മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ഹൃദയ ശസ്ത്രക്രിയയും കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമെല്ലാം വിജയകരമായി നടത്തുന്ന മെഡിക്കല്‍ കോളജ് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. മേയ് ഒന്നിനാണ് അതിഗുരുതരാവസ്ഥയില്‍ മനോജ് ഷായെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഡോ. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ മഹാധമനി തകര്‍ന്നതായി കണ്ടെത്തി. അടിയന്തര സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയേ പറ്റൂ. അതിനുള്ള തയാറെടുപ്പുകള്‍ നടത്തുമ്പോള്‍ നിറയെ വെല്ലുവിളികളായിരുന്നു മുന്നില്‍. തൊഴിലിനായി തന്‍റെയൊപ്പം വന്ന പ്രദീപ് എന്ന സഹോദരന്‍ മാത്രമാണ് കൂടെയുള്ളത്. അടിയന്തര ശസ്ത്രക്രിയക്കും അതിനനുബന്ധമായ മറ്റ് സംവിധാനങ്ങള്‍ക്കും വേണ്ട പണം സമാഹരിക്കുക പ്രദീപിനെ സംബന്ധിച്ച് അസാധ്യമായിരുന്നു. പ്രദീപ് തന്‍റെ നിസ്സഹായാവസ്ഥ ഡോ. ജയകുമാറിനെ അറിയിച്ചു. ആശുപത്രി ചെലവുകളെല്ലാം വഹിക്കാമെങ്കിലും ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകള്‍ക്കുമുള്ള പണം വെല്ലുവിളിയായി. അങ്ങനെയാണ് സര്‍ക്കാറിന്‍റെ കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിവഴി സഹായമൊരുക്കിയത്. കാസ്പിന്‍റെ പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെയാണ് മനോജ് ഷാക്ക് സൗജന്യ ചികിത്സക്ക് ശ്രമമാരംഭിച്ചത്. ബിഹാറില്‍നിന്നും രോഗിയുടെ ചികിത്സ കാര്‍ഡ് ലഭ്യമാക്കണം. അതിനായി രോഗിയുടെ വിരലടയാളം നിര്‍ബന്ധമാണ്. ഐ.സി.യുവില്‍ പ്രത്യേകം ക്രമീകരിച്ച ലാപ്‌ടോപ് ഉപയോഗിച്ചാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ ഈ സാങ്കേതികപ്രശ്‌നം മറികടന്നത്. അങ്ങനെ ബിഹാറില്‍നിന്ന് ദ്രുതഗതിയില്‍ ചികിത്സ കാര്‍ഡ് ലഭ്യമാക്കി മനോജ് ഷാക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി. ഇത്രയും നൂലാമലകളുണ്ടായിട്ടും അതൊന്നും നോക്കാതെ അന്നുതന്നെ മനോജ് ഷായുടെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിക്ക് ശേഷവും മനോജ് ഷാക്ക് അസ്വസ്തതകള്‍ ഉണ്ടായതിനാല്‍ തുടര്‍ശസ്ത്രക്രിയയും ആവശ്യമായിവന്നു. ഐ.സി.യു നിരീക്ഷണത്തിനും തുടര്‍ചികിത്സക്കും ശേഷം മനോജ് ഷാ ആശുപത്രി വിട്ടു. സഹായിക്കാന്‍ ആരുമില്ലാതിരുന്നിട്ടും മറുനാട്ടില്‍ തന്നെ സഹായിച്ച ഡോ. ജയകുമാറിനോടും സഹപ്രവര്‍ത്തകരോടും നിറകണ്ണുകളോടെ നന്ദി പറഞ്ഞ് മനോജ് ഷാ ആശുപത്രിവിട്ടു. പടം: KTG Medical clg അതിസങ്കീര്‍ണമായ ശസ്ത്രക്രിയ മെഡിക്കല്‍ കോളജില്‍ നടത്തി ജീവിതത്തിലേക്ക് തിരികെവന്ന ബിഹാര്‍ സ്വദേശി മനോജ് ഷാ ആശുപത്രി അധികൃതർക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story