Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:02 AM GMT Updated On
date_range 9 Jun 2022 12:02 AM GMTലാറ്റക്സിന്‍റെ ഇറക്കുമതിച്ചുങ്കം ഒഴിവാക്കാൻ നീക്കം; കേന്ദ്രം റിപ്പോർട്ട് തേടി
text_fieldsbookmark_border
കോട്ടയം: ലാറ്റക്സിന്‍റെ ഇറക്കുമതിച്ചുങ്കം ഒഴിവാക്കണമെന്ന വ്യവസായികളുടെ ആവശ്യത്തിൽ അനുകൂല നീക്കങ്ങളുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ റബര്‍ ബോര്‍ഡിനോട് റിപ്പോർട്ട് തേടി. കഴിഞ്ഞദിവസം കൊച്ചിയിൽ പീയൂഷ് ഗോയല്‍ വിളിച്ച റബര്‍ ബോര്‍ഡ് ഉന്നതരുടെയും ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (ആത്മ) അടക്കമുള്ള സംഘടന പ്രതിനിധികളുടെയും യോഗത്തിൽ ലാറ്റക്‌സിന്‍റെ ഇറക്കുമതിച്ചുങ്കം എടുത്തുമാറ്റണമെന്ന നിർദേശം ഉയർന്നിരുന്നു. ആദ്യഘട്ടമായി നികുതി ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയർന്നത്. ഇതിനു പിന്നാലെയാണ് ഈ വിഷയത്തിൽ വാണിജ്യ മന്ത്രി റബര്‍ ബോര്‍ഡിനോട് റിപ്പോര്‍ട്ട് തേടിയത്. വിവിധ രാജ്യങ്ങളുടെ ഇറക്കുമതിച്ചുങ്കത്തിന് അംഗീകാരം നൽകുന്ന ലോക വ്യാപാര സംഘടനയുടെ 12ാം മന്ത്രിതല സമ്മേളനം ജൂണ്‍ 12 മുതല്‍ ജനീവയില്‍ നടക്കാനിരിക്കെ, മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത് റബർ കർഷക മേഖലയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചത്. ലാറ്റക്‌സ് വ്യവസായ അസംസ്‌കൃത വസ്തുക്കളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ നിലവിൽ 70 ശതമാനമാണ് ചുങ്കം. രാജ്യത്തെ കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഉയർന്ന ചുങ്കം. ഇത് ഒഴിവാക്കിയാൽ കുറഞ്ഞ ചെലവിൽ വലിയതോതിൽ ലാറ്റക്സ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനാകും. ഇത് വിലയിടിവിലേക്ക് നയിക്കാം. ഇറക്കുമതിയേക്കാൾ ഇത് ചൂണ്ടിക്കാട്ടി ലാറ്റക്സിന്‍റെ വിലയിടിക്കാനാണ് വ്യവസായികൾ ലക്ഷ്യമിടുന്നതെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. തകര്‍ന്നടിഞ്ഞ റബര്‍ മേഖല കരകയറാന്‍ ശ്രമിക്കുന്നതിനിടെയുള്ള ഇത്തരം നീക്കങ്ങൾ കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുകയെന്ന് കർഷകർ പറയുന്നു. ഇത്തരം നീക്കങ്ങൾക്ക് റബർ ബോര്‍ഡ് കൂട്ടുനില്‍ക്കുകയാണെന്ന് ഇൻഫാം ആരോപിച്ചു. സാഹചര്യം ബോധപൂർവം സൃഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ലാറ്റക്‌സ് ഉൽപന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് അഡ്വാന്‍സ് ലൈസന്‍സ് സ്‌കീമിലൂടെ നികുതിരഹിത ലാറ്റക്‌സ് ഇറക്കുമതിക്ക് ഇപ്പോൾ അവസരമുണ്ട്. ഇറക്കുമതിയുടെ അനുപാതമനുസരിച്ച് നിബന്ധനകള്‍ക്ക് വിധേയമായി നിശ്ചിത സമയപരിധിക്കുള്ളില്‍ ഉൽപന്നങ്ങളുടെ കയറ്റുമതി നടത്തണമെന്ന വ്യവസ്ഥ പാലിക്കുന്നവർക്കാണ് ഈ ആനുകൂല്യം. ഇത് നിലനിൽക്കെയാണ്, ചുങ്കംതന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളെന്നും വിവിധ സംഘടനകൾ പറയുന്നു. ഇന്ത്യയില്‍ ലാറ്റക്‌സ് ഉൽപാദനം ഉപഭോഗത്തേക്കാള്‍ കൂടുതലാണ്. രാജ്യത്ത് 1,09,250 മെട്രിക് ടണ്‍ ഉപഭോഗമുള്ളപ്പോള്‍ ഉൽപാദനം 2,40,000 മെട്രിക് ടണ്ണാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story