Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:26 PM GMT Updated On
date_range 5 Aug 2022 7:26 PM GMTഎന്തൊരു വെള്ളം വരവാണ്... പകച്ച് പടിഞ്ഞാറൻ മേഖല
text_fieldsbookmark_border
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയവരുടെ എണ്ണം 2000 കടന്നു കോട്ടയം: കിഴക്കൻവെള്ളത്തിന്‍റെ വരവിൽ പകച്ച് പടിഞ്ഞാറൻ മേഖലയിലെ കുടുംബങ്ങൾ. താഴ്ന്ന പ്രദേശങ്ങളിലേക്ക് വലിയ തോതിലാണ് വെള്ളം എത്തുന്നത്. മീനച്ചിലാർ കരകവിഞ്ഞ് നഗരത്തിനോടുചേർന്ന ചുങ്കം, വാരിശ്ശേരി ഭാഗങ്ങളിലും വെള്ളംകയറി. നഗരപ്രദേശത്ത് പകൽ മഴ മാറിനിന്നെങ്കിലും മലയോര മേഖലയിൽ ഇടവിട്ട് പെയ്തു. പനക്കപ്പാലം, ഈരാറ്റുപേട്ട, മുക്കുഴി, പൂഞ്ഞാർ, തലനാട്, ഉള്ളനാട് എന്നിവിടങ്ങളിൽ സാമാന്യം നല്ല മഴയുണ്ടായിരുന്നു. പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. മലയോരത്ത് മഴ നിന്നാലേ മീനച്ചിലാറിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് കുറയൂ. വേമ്പനാട്ട് കായലിൽനിന്ന് വെള്ളം കടലിലേക്ക് ഇറങ്ങിപ്പോവുകയും വേണം. വേലിയേറ്റ സമയത്ത് കടൽ വെള്ളമെടുക്കില്ല. ഉയരംകൂടിയ ഭൂപ്രകൃതിയായതിനാൽ ഈരാറ്റുപേട്ട പോലുള്ള കിഴക്കൻ ഭാഗത്തുനിന്ന് വെള്ളം പെട്ടെന്ന് താഴേക്കിറങ്ങും. ഭൂനിരപ്പ് കൂടുന്നതിനനുസരിച്ച് വെള്ളത്തിന്‍റെ ഒഴുക്ക് സാവധാനമാവും. പേരൂർ മുതൽ മീനച്ചിലാറിന്‍റെ പതനസ്ഥാനം വരെ നിരപ്പാണ് ഭൂമി. ഇവിടം മുതലുള്ളവർ വെള്ളക്കെട്ടിന്‍റെ ദുരിതം അനുഭവിക്കണം. മറ്റു സ്ഥലങ്ങളിൽ വെള്ളമിറങ്ങിയാലും മഴ മാറിയാലും പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് മാറാൻ ദിവസങ്ങളെടുക്കും. വീടുകളും ശുചിമുറികളുമടക്കം വെള്ളത്തിലാവും. മാലിന്യം നിറഞ്ഞ വെള്ളത്തിലാണ് പിന്നെ ദിവസങ്ങളോളം ഇവരുടെ താമസം. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയവരുടെ എണ്ണം 2000 കടന്നു. എഴുനൂറോളം കുടുംബങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്. കോട്ടയം താലൂക്കിൽ ക്യാമ്പുകളുടെ എണ്ണം 33 ആയി. കുമരകം, തിരുവാർപ്പ്, അയ്മനം ഭാഗങ്ങളിൽ വീടുകളും റോഡുകളും വെള്ളത്തിലാണ്. തിരുവാർപ്പിൽ കൂടുതൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ചെങ്ങളം സെന്‍റ് മേരീസ് പള്ളി ഹാൾ, തിരുവാർപ്പ് മർത്തശ്മുനി പള്ളിഹാൾ എന്നിവിടങ്ങളിലാണ് പുതുതായി ക്യാമ്പുകൾ തുടങ്ങിയത്. പഞ്ചായത്തിൽ ആകെ നാല് ക്യാമ്പുകളിലായി 55 കുടുംബങ്ങളിൽനിന്ന് 139പേർ ക്യാമ്പുകളിലുണ്ട്. കൂടുതൽ ക്യാമ്പുകൾ തുടങ്ങേണ്ട സാഹചര്യം സംജാതമായാൽ അടിയന്തരമായി തുറക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. -------------------------- ക്ഷേത്രം അടച്ചു കോട്ടയം: രൂക്ഷമായ വെള്ളപ്പൊക്കത്തെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള വേളൂർ മേജർ പാറപ്പാടം ദേവീക്ഷേത്രം തന്ത്രിയുടെ നിർദേശപ്രകാരം അടച്ചു. വെള്ളം ഇറങ്ങിയശേഷമേ തുറക്കൂ. lead p2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story