Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅർബുദബാധിതരുടെ...

അർബുദബാധിതരുടെ വിവരശേഖരണം: ​വെല്ലുവിളിയായി ഡേറ്റ സുരക്ഷ

text_fields
bookmark_border
തൊടുപുഴ: സംസ്ഥാനത്തെ അർബുദ ബാധിതരുടെ വിവരങ്ങൾ ശേഖരിച്ച്​ കേരള അർബുദ രജിസ്​ട്രി തയാറാക്കുന്ന പദ്ധതിക്ക്​ വെല്ലുവിളിയായി ഡേറ്റ സുരക്ഷ. രോഗികളുടെ സ്വകാര്യതയെ ബാധിച്ചേക്കുമെന്ന ആശങ്കയെത്തുടർന്ന്​ കൂടുതൽ സുസജ്ജമായ സോഫ്​റ്റ്​വെയർ തയാറാക്കാൻ ഒരുങ്ങുകയാണ്​ ആരോഗ്യ വകുപ്പ്​. വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന സോഫ്​റ്റ്​വെയർ വികസിപ്പിച്ചെടുക്കാൻ ഇ-ഹെൽത്തിനെ ചുമതലപ്പെടുത്തി. ആശുപത്രികളെയും ജനസംഖ്യയും അടിസ്ഥാനമാക്കി അർബുദ ബാധിതരുടെ വിവരങ്ങൾ ശേഖരിച്ച്​ രജിസ്​ട്രി തയാറാക്കാനുള്ള നടപടികൾക്ക്​ ഒരുവർഷം മുമ്പാണ്​ തുടക്കമിട്ടത്​. രോഗികളുടെ വിവരങ്ങൾ ആശുപത്രികൾ സ്വന്തംനിലക്ക്​ ശേഖരിക്കുന്നുണ്ടെങ്കിലും ലക്ഷ്യമിട്ടതുപോലെ വിവരങ്ങൾ സം​യോജിപ്പിച്ച്​ രജിസ്​ട്രി എന്ന രൂപത്തിലേക്ക്​ ഇനിയും കൊണ്ടുവരാനായിട്ടില്ല. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രജിസ്റ്റർ ചെയ്യുന്ന രോഗികളുടെ വിവരങ്ങൾ ഒറ്റ കേന്ദ്രത്തിൽനിന്ന്​ ലഭിക്കുന്ന വിധത്തിൽ സോഫ്​റ്റ്​വെയർ വികസിപ്പിക്കാനാണ്​ ഇ-ഹെൽത്തിന്​ നിർദേശം നൽകിയിരുന്നത്​. എന്നാൽ, വിവരങ്ങൾ ഒറ്റ സെർവറിൽ സൂക്ഷിക്കുമ്പോൾ ചോരാനും അത്​ രോഗികളുടെ സ്വകാര്യ​തയെ ബാധിക്കാനും സാധ്യതയുള്ളതായാണ്​ വിദഗ്​ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വ്യക്തിവിവരങ്ങൾ പുറത്തുപോകാത്ത രീതിയിൽ കുറ്റമറ്റ സോഫ്​റ്റ്​വെയർ വികസിപ്പിക്കാനാണ്​ പുതിയ തീരുമാനം. ഇതി​ന്‍റെ നടപടികൾ പൂർത്തിയാകുന്ന മുറക്കേ വിവരശേഖരണം ആരംഭിക്കൂ. തിരുവനന്തപുരം ആർ.സി.സി കേന്ദ്രീകരിച്ച്​ തെക്കൻ മേഖല, കൊച്ചി കാൻസർ ആൻഡ്​​ റിസർച്ച്​ സെന്‍റർ കേന്ദ്രീകരിച്ച്​ മധ്യമേഖല, മലബാർ കാൻസർ സെന്‍റർ കേന്ദ്രീകരിച്ച്​ വടക്കൻ മേഖല എന്നിങ്ങനെയാണ്​ ജനസംഖ്യാധിഷ്ഠിത വിവരശേഖരണം ഉദ്ദേശിക്കുന്നത്​. രജിസ്​ട്രി സംബന്ധിച്ച പദ്ധതി നിർദേശം തയാറാക്കുന്നത്​ മലബാർ കാൻസർ സെന്‍ററാണ്​. ഇതുമായി ബന്ധപ്പെട്ട നിയമാവലിയും ഇതിനുപിന്നാലെ സർക്കാർ ഉത്തരവും പുറത്തിറങ്ങേണ്ടതുണ്ട്​. -പി.പി. കബീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story