Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:10 AM GMT Updated On
date_range 24 Feb 2022 12:10 AM GMTഗവർണർക്കെതിരെ പി.കെ. ബഷീറിന്റെ പരാമർശം; നടപടിയെടുക്കാൻ ചെയറിന് അധികാരമുണ്ടെന്ന് ഓർമിപ്പിച്ച് പി. ബാലചന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: ഗവർണർക്കെതിരെ മുസ്ലിം ലീഗിലെ പി.കെ. ബഷീർ നടത്തിയ വാക്പ്രയോഗം നിയമസഭയിൽ ബഹളത്തിനിടയാക്കി. നന്ദിപ്രമേയ ചർച്ചക്കിടയിലായിരുന്നു ഗവർണറെ വിശേഷിപ്പിക്കാൻ ബഷീർ വാക്കുപയോഗിച്ചത്. എന്നാൽ, ഇതിനെതിരെ ഭരണപക്ഷാംഗങ്ങൾ പ്രതിഷേധവുമായെത്തി. തുടർന്ന്, ആ വാക്ക് നിയമസഭാ രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കർ റൂളിങ് നൽകി. എന്നാൽ, ഗവർണർക്കെതിരെ പരാമർശം ബഷീർ തുടർന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കണമെന്ന ഗവർണറുടെ ആവശ്യം ഉടൻ വരുമെന്നും അതും ഉളുപ്പില്ലാതെ മുഖ്യമന്ത്രി ഒപ്പിട്ട് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. തങ്ങൾ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരാണെന്നും വിശ്വാസത്തെ ബാധിക്കുന്ന ആരോപണങ്ങൾ വന്നാൽ മതം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.കെ. ബഷീർ ഗവർണർക്കെതിരെ നടത്തിയ വാക്പ്രയോഗം നിയമസഭയുടെ മാന്യതയെ തന്നെ ബാധിക്കുന്നതാണെന്ന് തുടർന്ന് സംസാരിച്ച സി.പി.ഐയിലെ പി. ബാലചന്ദ്രൻ കുറ്റപ്പെടുത്തി. ഇത്തരം പരാമർശം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ ചെയറിന് അധികാരം നൽകുന്ന നിയമസഭാ ചട്ടങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പല്ലിയെ പോലെയാണെന്ന ആക്ഷേപമാണ് വി. ജോയ് ഉന്നയിച്ചത്. മുസ്ലിം ലീഗിന് നേരെ എവിടെ നിന്നെങ്കിലും ആക്രമണമുണ്ടായാൽ അവർ ഉടൻ 'ലീഗ്' എന്ന വാല് മുറിച്ച് 'ആക്രമിക്കുന്നേയെന്ന്' മുറവിളി കൂട്ടുമെന്ന് വി. ജോയ് പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാറിന്റെ തുടർച്ചയാണ് ഇപ്പോഴുള്ളതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വഖഫ് വിഷയത്തിൽ മുസ്ലിം ലീഗിന് കൃത്യമായ നിലപാടുണ്ടെന്ന് നജീബ് കാന്തപുരം പറഞ്ഞു. നയപ്രഖ്യാപന വിഷയത്തിൽ നിയമസഭയെ നാണംകെടുത്തി മുഖ്യമന്ത്രി പഞ്ചപുച്ഛമടക്കി നിന്നെന്ന് കെ.കെ. രമ ആരോപിച്ചു. കെ എന്ന് കേട്ടാൽ രക്തം തിളയ്ക്കുന്ന അവസ്ഥയിലാണ് പ്രതിപക്ഷമെന്ന് പി. മമ്മിക്കുട്ടി പരിഹസിച്ചു. അതിനാലാണ് കെ-ഫോൺ, കെ-റെയിൽ, കിഫ്ബി എന്നിവയെയെല്ലാം എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. ടൈസൻ മാസ്റ്റർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മോൻസ് ജോസഫ്, പി.ടി.എ. റഹിം, കെ.ജെ. മാക്സി, എൻ.കെ. അക്ബർ, എൽദോസ് പി. കുന്നപ്പള്ളി, രാമചന്ദ്രൻ കടന്നപ്പള്ളി, സുജിത് വിജയൻപിള്ള, പി.പി. ചിത്തരഞ്ജൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story