Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 12:01 AMUpdated On
date_range 10 March 2022 12:01 AMഅഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്ക് പെൻഷനില്ല; നിർദേശം സർക്കാർ തള്ളി
text_fieldsbookmark_border
കോട്ടയം: അനാഥ-അഗതി മന്ദിരങ്ങളിലെ മുതിർന്ന പൗരൻമാരുടെ ക്ഷേമപെൻഷൻ പുനഃസ്ഥാപിക്കണമെന്ന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ ആവശ്യം സർക്കാർ തള്ളി. കഴിഞ്ഞവർഷം ജൂലൈയിലാണ് അനാഥ-അഗതി-വൃദ്ധ മന്ദിരങ്ങളിലെ മുതിർന്ന അന്തേവാസികൾക്കുള്ള ക്ഷേമപെൻഷൻ റദ്ദ് ചെയ്ത ധനവകുപ്പ് ഉത്തരവിറക്കിയത്. ഇതിനൊപ്പം ശാരീരിക വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കുള്ള പെൻഷനുകളും നിലച്ചു. ഒറ്റപ്പെടലിന്റെ കാലത്ത് ക്ഷേമപെൻഷൻ കൈകളിലെത്തുന്നത് അന്തേവാസികൾക്ക് ആഹ്ലാദനിമിഷങ്ങളായിരുന്നു സമ്മാനിച്ചിരുന്നത്. വർഷങ്ങളായി ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ഇല്ലാതായത് പ്രതിഷേധങ്ങൾക്കും ഇടയാക്കി. ഇതോടെയാണ് നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഓർഫനേജ് കൺട്രോൾ ബോർഡ് സർക്കാറിനെ സമീപിച്ചത്. എന്നാൽ, പെൻഷൻ നൽകാനാവില്ലെന്ന് സാമൂഹ്യനീതി വകുപ്പ് കഴിഞ്ഞ ദിവസം ബോർഡിനെ അറിയിച്ചു. അന്തേവാസികൾ അതത് സ്ഥാപനങ്ങളുടെ സംരക്ഷണയിലാണ് ജീവിക്കുന്നതെന്നും അവരുടെ പൂർണ സംരക്ഷണചുമതല ആ സ്ഥാപനങ്ങൾക്കാണെന്നും സാമൂഹ്യനീതി വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. ഇത്തരം സ്ഥാപനങ്ങളിൽ അർഹതപ്പെട്ടവക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ ഭൂരിഭാഗം സ്ഥാപനങ്ങളും സർക്കാർ ഗ്രാന്‍റിന് പുറത്താണെന്ന് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കണക്കുകളിൽതന്നെ പറയുന്നു. ബോർഡിന്റെ കണക്കനുസരിച്ച് വയോജനങ്ങളെ സംരക്ഷിക്കുന്ന 626 കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവയിൽ 182 സ്ഥാപനങ്ങൾക്ക് മാത്രമാണ് ഗ്രാന്‍റുള്ളത്. മറ്റ് സ്ഥാപനങ്ങൾക്ക് ആനുകൂല്യമില്ല. ഇതുകൂടികണക്കിലെടുത്തായിരുന്നു ബോർഡ് സർക്കാറിനെ സമീപിച്ചത്. അഗതിമന്ദിരങ്ങളിലെ മുതിർന്ന പൗരൻമാർക്ക് സാമൂഹ്യക്ഷേമ പെൻഷൻ അനുവദിച്ച് 2016ലാണ് സർക്കാർ ഉത്തരവിട്ടത്. ഇതിന്‍റെ തുടർച്ചയായി പെൻഷൻ വിതരണം ആരംഭിച്ചെങ്കിലും പിന്നീട് താളംതെറ്റി. മാസങ്ങളോളം പെൻഷൻ കുടിശ്ശികയായി. ഇതിനിടെയാണ് ആനുകൂല്യം റദ്ദാക്കി സർക്കാർ ഉത്തരവിട്ടത്. പെൻഷൻ നിലച്ചത് ഇത്തരം സ്ഥാപനങ്ങൾക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ് പറയുന്നു. ഇതിനൊപ്പം ക്ഷേമസ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ്തുക പ്രതിമാസം ഒരു താമസക്കാരന് 1600 രൂപയായി ഉയർത്തണമെന്ന് ബോർഡ് നിർദേശവും സാമൂഹ്യനീതി വകുപ്പ് തള്ളി. സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവിൽ 1100 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. -- എബി തോമസ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story