Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഷവർമ കഴിക്കാം...

ഷവർമ കഴിക്കാം പേടിക്കാതെ

text_fields
bookmark_border
കോട്ടയം: ആരെയും കൊതിപ്പിക്കുന്ന രുചികരമായ ഭക്ഷണമാണ് ഷവർമ​. വർഷങ്ങൾക്കുമുമ്പ്​ അറബിനാട്ടിൽനിന്നെത്തി മലയാളികൾ​ക്കൊപ്പം കൂടിയെങ്കിലും ഷവർമ​ക്ക്​ പ്രിയമേറിയിട്ട്​ അധികകാലമായിട്ടില്ല. ഭക്ഷണപ്രേമികളുടെ രുചിമുകുളങ്ങളെ രസിപ്പിക്കാൻ നാട്ടിലങ്ങോളമിങ്ങോളം​ ഷവർമക്കടകൾ​ ഉയർന്നുവന്നതും അടുത്തകാലത്താണ്​​​. ഇറച്ചി മസാല പുരട്ടിവെച്ചശേഷം ഷവർമ മെഷീനിലെ കമ്പിയിൽ കുത്തിവെച്ചു കറക്കുകയാണ്​ ചെയ്യുന്നത്​. കമ്പിക്കുമുകളിൽ സവാളയോ തക്കാളിയോ കുത്തിവെക്കും. ഇതിന്‍റെ നീരുകൂടി ഇറച്ചിയിൽ വെന്തിറങ്ങും. വേവുന്നതിനനുസരിച്ച്​ വശങ്ങളിൽനിന്ന്​ മുറിച്ചെടുക്കും. ഒരു ഷവർമ തയാറാക്കാൻ കൂടിയത്​ അഞ്ചുമിനിറ്റെങ്കിലും എടുക്കും. പണ്ടത്തെപ്പോലെയല്ല, ഇപ്പോൾ മനോഹരമായ പാക്കിങ്ങിലാണ്​ ഷവർമ വിൽപന. ഇങ്ങനെയൊക്കെയാണെങ്കിലും ഈ 'കറങ്ങുന്ന ഇറച്ചി' യെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അപകടമാണ്​ എന്നാണ്​ കാസർകോട്ടെ സംഭവം വീണ്ടും ഓർമിപ്പിക്കുന്നത്​. എന്നാൽ, ഇതിന്‍റെ പേരിൽ ഷവർമയെ പുറത്താക്കേണ്ടതില്ലെന്നാണ്​ വിദഗ്​ധർ പറയുന്നത്​. ഷവർമ ഉണ്ടാക്കുന്നവരും കഴിക്കുന്നവരും അവനവ‍ന്‍റെ ജീവനെക്കരുതി ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണ്​ വേണ്ടതെന്നും ഇവർ ഓർമിപ്പിക്കുന്നു. കടയുടമകളോട്​:- * ഇറച്ചി ​വാങ്ങുന്നതിൽപോലും വേണം ശ്രദ്ധ. ഷവർമ തയാറാക്കുന്നതിനുള്ള ഇറച്ചി വാങ്ങുന്നത്​ ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്നാവണം. * ഇറച്ചിക്ക്​ കൃത്യമായ മാരിനേറ്റഡ്​ സമയം ഉണ്ട്​. പൂജ്യത്തിന്​ മുകളിലുള്ള താപനിലയിൽ രണ്ടുമണിക്കൂർ നേരമെങ്കിലും ഇറച്ചി മാരിനേറ്റ്​ ചെയ്യാൻ വെക്കണം. ഒരിക്കലും ​ഫ്രീസറിൽ വെക്കരുത്​. * ഇറച്ചി ഉൾഭാഗത്തും നന്നായി വെന്തു എന്ന്​ ഉറപ്പാക്കണം * കടയിൽ തിരക്കുണ്ടെങ്കിലും വേവാത്ത ഇറച്ചിവെച്ച്​ ഷവർമ നൽകരുത്​ * ഇറച്ചിയുടെ പഴക്കവും പ്രധാനമാണ്​. പകുതി വേവിച്ച ഇറച്ചി ​ഫ്രിഡ്​ജിൽവെച്ച്​ പിറ്റേദിവസം ഉപയോഗിക്കരുത്​. അന്നന്ന്​ ഉപയോഗിച്ചുതീർക്കണം. ജനങ്ങളോട്​... * ഭക്ഷണം ആരോഗ്യകരമാണെന്നു ഉറപ്പുവരുത്താനുള്ള ബാധ്യത കഴിക്കുന്നയാൾക്കുമുണ്ട്​. * പരിചയമുള്ള, വിശ്വാസ്യതയുള്ള കടകളിൽനിന്ന്​ മാത്രം ഷവർമ വാങ്ങിക്കഴിക്കുക * ലൈസൻസ്​ കടകളുടെ മുന്നിൽ പ്രദർശിപ്പിക്കണമെന്നാണു നിയമം. അതിനാൽ കടകൾക്ക്​ ലൈസൻസ്​ ഉണ്ടെന്ന്​ ഉറപ്പുവരുത്തുക. * ഇറച്ചി വേവുന്നുണ്ടെന്നു ​ഉറപ്പാക്കുക * ആളുകൾ അധികമുണ്ടെങ്കിൽ വാങ്ങാൻ തിരക്ക്​ കൂട്ടരുത്​. ഷവർമ തയാറാക്കുന്നതുവരെ ക്ഷമയോടെ കാത്തുനിൽക്കുക. തിരക്ക്​ കാട്ടിയാൽ വേവാത്ത ഇറച്ചിവെച്ച്​ ഷവർമ തന്നേക്കാം * പാർസൽ വാങ്ങിയാൽ ഒരുമണിക്കൂറിനകം കഴിക്കുക. കൂടുതൽ സമയം ഇരിക്കുന്തോറും മയണൈസ്​ ഭക്ഷ്യയോഗ്യമല്ലാതാകും കോട്ടയത്ത്​ ഏഴ്​ കടകൾക്ക്​ നോട്ടീസ്​ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സർക്കിളുകളിലെ അൽഫാം, ഷവർമ കടകളിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. വലിയ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്നാണ്​ ഉദ്യോഗസ്ഥർ അറിയിച്ചത്​.​​ ഇറച്ചിവാങ്ങിയത്​ എവിടെയാണെന്ന്​ വ്യക്ത​മാകാത്തതിനാലും ബിൽ സൂക്ഷിക്കാത്തതിനാലും ഏഴു കടകൾക്ക്​ നോട്ടീസ്​ നൽകി. പരിശോധന അടുത്ത ദിവസങ്ങളിലും തുടരും. നഗരസഭ ആരോഗ്യവിഭാഗവും വ്യാപക പരിശോധനക്ക്​ തയാറെടുക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story